Connect with us

Attack Against Doctors

ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മതിയായ സുരക്ഷ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യപ്രവര്‍ത്തകര്‍ നിലവില്‍ യുദ്ധസമാനമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നവരാണ്

Published

|

Last Updated

പത്തനംതിട്ട  | ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മതിയായ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവം ഗൗരവമായി കാണുന്നുവെന്നും മന്ത്രി പറഞ്ഞു.സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളിലേക്കു നീങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍തലത്തില്‍ ആഭ്യന്തര, ആരോഗ്യവകുപ്പുകളുടെ സംയുക്തയോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന് അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.ആരോഗ്യപ്രവര്‍ത്തകര്‍ നിലവില്‍ യുദ്ധസമാനമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നവരാണ്. അവരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പൊതുസമൂഹത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.

നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ആവശ്യമായ നടപടികള്‍ക്കു പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തിലും ഒപിയിലും വിമുക്തഭടന്‍മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റികള്‍ നടത്തിയിട്ടുള്ള നിയമനങ്ങളുടെ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് സെക്യൂരിറ്റി ജീവനക്കാരായി വിമുക്തഭടന്‍മാര്‍ തന്നെ വേണമെന്ന നിര്‍ദേശമാണുള്ളത്.
മെഡിക്കല്‍ കോളജുകളിലെ ഒപി, അത്യാഹിത വിഭാഗങ്ങളിലെ സിസിടിവി സംവിധാനത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റ് ബന്ധപ്പെട്ട പോലീസ് എയ്ഡ്പോസ്റ്റിലേക്കും നല്‍കും. രോഗികളുടെ സ്വകാര്യതയും സുരക്ഷിതത്വംവും ഉറപ്പാക്കിയായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു. എല്ലാ ആശുപത്രികളിലും ചീഫ് സെക്യൂരിറ്റി ഓഫീസറെ നിയമിക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിക്കാന്‍ വൈകിയതു സംബന്ധിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയതായി മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. നേരത്തെയും ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സമാനസംഭവം ഉണ്ടായതായി പരാതിയുണ്ട്. ഇതു ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

 

---- facebook comment plugin here -----

Latest