Connect with us

From the print

സ്വകാര്യ ഹാജിമാരുടെ ആശങ്കകൾ പരിഹരിക്കാൻ നടപടി വേണം: ഖലീൽ തങ്ങൾ

സംസ്ഥാനതല ഹജ്ജ് ക്യാമ്പിന് ആയിരങ്ങൾ

Published

|

Last Updated

മലപ്പുറം | മഅ്ദിൻ അക്കാദമി സംഘടിപ്പിച്ച 26ാമത് സംസ്ഥാനതല ഹജ്ജ് ക്യാമ്പിന് സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ആയിരങ്ങൾ ഒഴുകിയെത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. സ്വകാര്യ ഗ്രൂപ്പ് ഹാജിമാരുടെ ആശങ്കകൾ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് സത്വര നടപടിയുണ്ടാകണമെന്നും ഉത്തരവാദിത്വപ്പെട്ടവർ സഊദി ഭരണകൂടവുമായി ചർച്ച നടത്തി ഈ വർഷം തീർഥാടനം ആഗ്രഹിക്കുന്ന മുഴുവൻ ആളുകൾക്കും അതിനുള്ള സൗകര്യമൊരുക്കണമെന്നും ഖലീൽ തങ്ങൾ ആവശ്യപ്പെട്ടു.
കൂറ്റമ്പാറ അബ്ദുർറഹ്്മാൻ ദാരിമി ക്ലാസ്സ് നയിച്ചു. സമസ്ത സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേൽമുറി സംശയ നിവാരണത്തിന് നേതൃത്വം നൽകി. സയ്യിദ് ഇസ്മാഈൽ അൽ ബുഖാരി കടലുണ്ടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അൽ ഐദ്രൂസി, കേരള ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ ഹാജി, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ എം എസ് അനസ് ഹാജി, അഡ്വ. മൊയ്തീൻ കുട്ടി, പി ടി അക്ബർ, അശ്്കർ കോറാട്, ഹജ്ജ് കമ്മിറ്റി സംസ്ഥാന ട്രെയിനിംഗ് ഓർഗനൈസർ പി പി മുജീബുർ റഹ്്മാൻ വടക്കേമണ്ണ, ഡോ. ദാഹർ മുഹമ്മദ്, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി പ്രസംഗിച്ചു.
സർക്കാർ ഹജ്ജ് കമ്മിറ്റി മുഖേനയും സ്വകാര്യ ഗ്രൂപ്പുകൾ വഴിയും ഹജ്ജിന് പുറപ്പെടുന്ന ഹാജിമാരാണ് ക്യാമ്പിൽ സംബന്ധിച്ചത്. ക്യാമ്പിൽ പങ്കെടുത്ത ഹാജിമാർക്ക് സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്തു. ഖാലിദ് സഖാഫി സ്വലാത്ത് നഗർ രചിച്ച ഹജ്ജ് ഉംറ: കർമം, ചരിത്രം, അനുഭവം എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും നടന്നു. അനാഥ, ഹിഫ്‌ള്, സാദാത്ത് വിദ്യാർഥികളുടെ സാന്നിധ്യത്തിൽ ഹാജിമാർക്ക് പ്രത്യേക പ്രാർഥനയും നടന്നു. സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി പ്രാർഥനക്ക് നേതൃത്വം നൽകി.

ഹെൽപ് ഡെസ്‌ക്
ഹാജിമാരുടെ സംശയ നിവാരണത്തിനായി മഅ്ദിൻ അക്കാദമിയിൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേൽമുറിയുടെ നേതൃത്വത്തിൽ പ്രഗത്ഭ പണ്ഡിതരുടെയും ഹജ്ജ് ട്രെയിനർമാരുടെയും സേവനം ലഭ്യമാക്കും.
വാട്‌സാപ്പിലൂടെ ടെക്സ്റ്റ് മെസ്സെജ് വഴി ബന്ധപ്പെട്ടാൽ സഹായം ലഭിക്കും: 9656424078, 8606631350.

---- facebook comment plugin here -----

Latest