Connect with us

abudhabi police warning

റെഡ് സിഗ്നൽ മറികടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബൂദബി പോലീസ്

ലൈസൻസിൽ 12 ബ്ലാക്ക് പോയന്‍റുകളും ഈ നിയമലംഘനത്തിന് ചുമത്തുന്നതാണ്.

Published

|

Last Updated

അബൂദബി | വാഹനമോടിക്കുമ്പോൾ റെഡ് സിഗ്നൽ മറികടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബൂദബി പോലീസ്. റെഡ് സി​ഗ്നൽ മറികടന്നതിന് കഴിഞ്ഞവർഷം മാത്രം മൂവായിരത്തോളം ഡ്രൈവർമാർക്ക് 1,000 ദിർഹം വീതം പിഴചുമത്തിയെന്ന് അബൂദബി പോലീസ്  അറിയിച്ചത് കഴിഞ്ഞദിവസമാണ്. ലൈസൻസിൽ 12 ബ്ലാക്ക് പോയന്‍റുകളും ഈ നിയമലംഘനത്തിന് ചുമത്തുന്നതാണ്. അതേസമയം, 50,000 ദിർഹം വരെ പിഴ ലഭിക്കുന്നതാണ് ഈ നിയമലംഘനമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. സമാനകുറ്റത്തിന് വിവിധ എമിറേറ്റുകളിൽ വ്യത്യസ്ത പിഴ ശിക്ഷകളാണ് ചുമത്തപ്പെടുന്നത്​.

വിവിധ നിയമലംഘനങ്ങളും ശിക്ഷകളും

എമർജൻസി, ആംബുലൻസ്, പോലീസ്, ഔദ്യോ​ഗിക അകമ്പടി വാഹനങ്ങൾ എന്നിവക്ക്​ വഴി നൽകാതിരുന്നാൽ- 1,000 ദിർഹം പിഴയും ലൈസൻസിൽ ആറ്​ ബ്ലാക്ക് പോയന്‍റുമാണ് നിയമം വ്യവസ്ഥ ചെയ്തിരുന്നതെങ്കിലും ആഭ്യന്തരമന്ത്രാലയം പിഴത്തുക 3,000 ദിർഹമായി ഉയർത്തിയിട്ടുമുണ്ട്. ഒരു മാസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും.

ഇടതുവശത്തുള്ള ലെയിനിലെ വാഹനങ്ങൾക്ക് വഴി നൽകാതിരിക്കൽ- 400 ദിർഹമാണ് പിഴ.

വാഹനമോടിക്കുന്നതിനിടെ തുപ്പുക (സി​ഗരറ്റ് കുറ്റി എറിയുന്നത് ഉൾപ്പെടെ)- 1,000 ദിർഹം പിഴയും ആറ്​ ബ്ലാക്ക് പോയന്‍റും.

റെഡ് സി​ഗ്നൽ മറികടക്കുക- 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയന്‍റും. ഇതിനു പുറമേ വാഹനം വിട്ടുകിട്ടുന്നതിന് 50,000 ദിർഹം അടയ്ക്കണം. മൂന്നുമാസത്തിനുള്ളിൽ ഈ പണം നൽകിയില്ലെങ്കിൽ വാഹനം ലേലം ചെയ്യും.

ഇൻഡിക്കേറ്റർ ഇടാതെ വാഹനത്തിന്‍റെ ​ഗതിമാറ്റം- 400 ദിർഹം പിഴ.

തോന്നുംപോലെ റോഡ് മുറിച്ചുകടക്കുക- 400 ദിർഹം പിഴ.

ജനങ്ങളുടെ ജീവനു ഭീഷണിയാവുന്ന രീതിയിൽ വാഹനമോടിക്കുക- 2,000 ദിർഹം പിഴയും 23 ബ്ലോക്ക് പോയന്‍റും 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കലും.

റോഡിൽ ഫോൺ ഉപയോ​ഗിക്കുക- 800 ദിർഹം പിഴയും നാല്​ ബ്ലാക്ക് പോയന്‍റും.

പൊടുന്നനെയുള്ള തിരിക്കൽ- 1,000 ദിർഹം പിഴയും നാല്​ ബ്ലാക്ക് പോയന്‍റും.

റോഡിൽ പെട്ടെന്ന് നിർത്തുക- 1,000ദിർഹം പിഴയും ആറ്​ ബ്ലാക്ക് പോയന്‍റും.

അപകടകരമായി രീതിയിൽ പിന്നിലേക്ക് വാഹനമോടിക്കുക- 500 ദിർഹം പിഴയും നാല്​ ബ്ലാക്ക് പോയന്‍റും.

സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താതെ പ്രധാന പാതയിലേക്ക് കടക്കുക- 400 ​ദിർഹം പിഴയും നാല്​ ബ്ലാക്ക് പോയന്‍റും.

നിർദിഷ്ട മേഖലയിൽ അല്ലാതെ യു-ടേൺ എടുക്കുക- 500 ദിർഹം പിഴയും നാല്​ ബ്ലാക്ക് പോയന്‍റും.

വളവുകളിൽ ഉള്ള ഓവർടേക്കിങ്- 1,000 ദിർഹം പിഴയും ആറ്​ ബ്ലാക്ക് പോയന്‍റും.

ലൈറ്റിടാതെ രാത്രിയിലോ മൂടൽമഞ്ഞിലൂടെയോ വാഹനമോടിക്കുക- 500 ദിർഹം പിഴയും നാല്​ ബ്ലാക്ക് പോയന്‍റും.

ഇൻഷുറൻസില്ലാതെ വാഹനമോടിക്കൽ- 500 ദിർഹം പിഴയും നാല്​ ബ്ലാക്ക് പോയന്‍റും ഏഴ്​ ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കലും.

Latest