Connect with us

eidul fitr prayer

വിശുദ്ധിയുടെ നിറവില്‍ നാടെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷം

ഈദ് നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ എവിടെയും വന്‍ ജനാവലി

Published

|

Last Updated

കോഴിക്കോട് | വിശുദ്ധിയുടെ നിറവില്‍ നാടെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷം. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷം വിശ്വാസികള്‍ ഹൃദയപൂര്‍വം ചെറിയ പെരുന്നാളിനെ വരവേറ്റു. റമസാനില്‍ നേടിയ ആത്മവിശുദ്ധിയുടെ കരുത്തുമായി പള്ളികള്‍ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായി. ഈദ് നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ എവിടെയും വന്‍ ജനാവലിയാണു പങ്കെടുത്തത്. പുത്തന്‍ വസ്ത്രങ്ങളണിഞ്ഞും പരസ്പരം പുണര്‍ന്നും എങ്ങും ആഹ്ളാദത്തിന്റെ നിറവിലാണ്.

പരസ്പരം ആശംസകള്‍ നേര്‍ന്നശേഷം പള്ളികളിൽ നിന്നു പിരിഞ്ഞവര്‍ വീടുകളിലേക്കു തിരിച്ചു. ഒമാന്‍ അടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളിലും ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നതിനാല്‍ പ്രവാസികളും കേരളത്തിന്റെ ആഘോഷത്തില്‍ പങ്കാളികളാവുന്നു.

ശവ്വാല്‍ പിറവി ദൃശ്യമായതായി വിവിധ ഖാസിമാര്‍ അറിയിച്ചതോടെ എങ്ങും ആഘോഷത്തിന്റെയും പ്രാര്‍ഥനയുടെയും നിറവിലായിരുന്നു. പുണ്യങ്ങളുടെ പൂക്കാലമായ റമസാന് വേദനയോടെയാണു വിശ്വാസികള്‍ വിട നല്‍കുന്നത്. തക്ബീര്‍ ധ്വനികളും അന്തരീക്ഷത്തില്‍ മൈലാഞ്ചി മൊഞ്ചും അത്തറിന്റെ സുഗന്ധവും പുത്തന്‍ പുടവകളുമായി വീണ്ടും വരുമെന്നോതിയാണ് വിശുദ്ധമാസം വിടവാങ്ങുന്നത്.

വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കി പ്രിയപ്പെട്ടവരെ സല്‍ക്കരിക്കുന്നതിനും സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനും എവിടെയും തിരക്കായിരുന്നു. വ്രത ശുദ്ധിയിലൂടെ ആര്‍ജിച്ചെടുത്ത നന്മയും ക്ഷമയും നഷ്ടപ്പെടാതെ വേണം ആഘോഷങ്ങളെന്ന് പണ്ഡിതന്മാർ ഉപദേശിച്ചു.

 

 

Latest