Connect with us

Kerala

സംസ്ഥാനത്ത് ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി

ഹൃദ്രോഗത്തിന്റെ തീവ്രത അനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. 21,060 കുട്ടികളാണ് ചികിത്സക്കായി രജിസ്റ്റര്‍ ചെയ്തത്.രജിസ്റ്റര്‍ ചെയ്തവരില്‍ ശസ്ത്രക്രിയ ആവശ്യമായ 7272 കുട്ടികള്‍ക്കാണ് നിലവില്‍ ഹൃദയ ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. 21,060 കുട്ടികളില്‍ 13,352 പേരും ഒരു വയസിന് താഴെയുള്ളവരാണ്.

ഹൃദ്രോഗപരമായ അസുഖമുള്ള കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഹൃദ്യം പദ്ധതി കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണജോര്‍ജ് വ്യക്തമാക്കി.

നവജാതശിശുക്കള്‍ മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഹൃദ്യം പദ്ധതിയിലൂടെ സേവനം ലഭ്യമാക്കുന്നുണ്ട്. ഹൃദ്രോഗത്തിന്റെ തീവ്രത അനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യം വക്കുന്നത്.

ചികിത്സ തേടിയ കുഞ്ഞുങ്ങള്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കാനും തുടര്‍നടപടികള്‍ ഏകീകരിക്കുന്നതിനും ഹൃദ്യം വെബ് സൈറ്റ് വിപുലീകരിച്ചു. അടിയന്തര സ്വഭാവമുള്ള കേസുകളില്‍ 24 മണിക്കൂറിനകം വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള നടപടികളും ഹൃദ്യം പദ്ധതി കൈക്കൊള്ളുന്നുണ്ട്. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കുന്ന മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും ഹൃദ്രോഗ പരിശോധന നടപ്പിലാക്കി വരുന്നുണ്ട്. കൂടാതെ കുട്ടികള്‍ക്ക് പരിചരണം ഉറപ്പാക്കാന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്‌ക്രീനിംഗ് സംവിധാനം നടപ്പിലാക്കുന്നുണ്ട് .ഇതില്‍ ഹൃദ്രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി കഴിഞ്ഞാല്‍ എക്കോ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധനയിലേക്ക് കടക്കും.

കോഴിക്കോട് മെഡിക്കല്‍ കോളജ് , എറണാകുളം ജനറല്‍ ആശുപത്രി ഉള്‍പ്പെടെ കൂടുതല്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനം നടപ്പിലാക്കി വരികയാണ്.

---- facebook comment plugin here -----

Latest