Connect with us

Kerala

ഇടവപ്പാതിയില്‍ സംസ്ഥാനത്ത് 46 ശതമാനം മഴയുടെ കുറവ്

1976ന് ശേഷം ജൂണില്‍ ഇത്രയധികം മഴ കുറവുണ്ടാവുന്നത് ഇതാദ്യമായാണ്.

Published

|

Last Updated

പത്തനംതിട്ട | ഇടവപ്പാതിയില്‍ (തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍) സംസ്ഥാനത്ത് മഴയുടെ ലഭ്യതയില്‍ ഗണ്യമായ കുറവ്. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ മൂന്നു വരെ കാലയളവില്‍ കേരളത്തില്‍ 46 ശതമാനം മഴയുടെ കുറവുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്്തമാക്കുന്നു. എന്നാല്‍ ഇക്കാലയളവില്‍ ലക്ഷദ്വീപില്‍ 9 ശതമാനം അധിക മഴ ലഭിക്കുകയും ചെയ്തു.

717.6 മില്ലീമീറ്റര്‍ മഴ പെയ്യുമെന്ന് കരുതിയെങ്കിലും 390 മില്ലീ മീറ്റര്‍ മഴ മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ കുറഞ്ഞതായി കാണിക്കുന്നത് ഇടുക്കിയിലാണ്. 61 ശതമാനം മഴയുടെ കൂറവാണ് ഇടുക്കിയില്‍ രേഖപ്പെടുത്തിയത്. 813.3 മില്ലീമീറ്റര്‍ മഴ ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഇടുക്കിയില്‍ ഇതുവരെ ലഭിച്ചത് 317.2 മില്ലീമീറ്റര്‍ മഴയാണ്.

മലയോര ജില്ലകളില്‍ പൊതുവെ മഴയുടെ ലഭ്യതയില്‍ കുറവുള്ളതായാണ് കണക്കുകളും വ്യക്്തമാക്കുന്നത്. പാലക്കാട് 58 ശതമാനം, വയനാട് 51 ശതമാനം, കൊല്ലം 49 ശതമാനം, കോഴിക്കോട് 46 ശതമാനം, പത്തനംതിട്ട 45 ശതമാനം, കണ്ണൂരില്‍ 44 ശതമാനം, തിരുവനന്തപുരം 39 ശതമാനം, എറണ്ണാകുളം 43 ശതമാനം, കാസര്‍കോഡ് 40 ശതമാനം, മലപ്പുറം 42 ശതമാനം, ആലപ്പുഴയില്‍ 34 ശതമാനം തൃശൂര്‍ 35 ശതമാനം, കോട്ടയം 30 ശതമാ0നം, മാഹി 33 ശതമാനവും മഴ കുറവുള്ളതായാണ് കണക്കുകള്‍ വ്യക്്തമാക്കുന്നത്.

1976ന് ശേഷം ജൂണില്‍ ഇത്രയധികം മഴ കുറവുണ്ടാവുന്നത് ഇതാദ്യമായാണ്. 22 മില്ലീമീറ്റര്‍ മഴയാണ് ശരാശരി ഒരു ദിവസം കേരളത്തിന് ലഭിക്കേണ്ടത്. എന്നാല്‍ ഈക്കുറി ജൂണില്‍ ലഭിച്ചത് 10 മില്ലീ മീറ്റര്‍ മഴ മാത്രം. ഇതിനിടയില്‍ കാലവര്‍ഷം രാജ്യം മുഴുവന്‍ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ദിവസം വ്യക്്തമാക്കിയിരുന്നു. സാധാരണ എത്തിച്ചേരേണ്ടതിനും ആറ് ദിവസം മുന്‍പേയാണ് ( ജൂലൈ 8) ഇത്തവണ രാജ്യം മൊത്തത്തില്‍ കാലവര്‍ഷം വ്യാപിച്ചത്.

ബംഗ്ലാദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി നിലനില്‍ക്കുന്ന ചക്രവാതചുഴി ഇന്നും നാളെയുമായി വടക്കന്‍ ഒഡിഷക്ക് മുകളില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടുകൂടിയ വ്യാപകമായ മഴ തുടരാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്കും ജൂലൈ അഞ്ച്, ആറ് തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കുമാണ് സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ കേരളത്തില്‍ 85 ശതമാനം അധിക മഴ ലഭിക്കുകയും ചെയ്തിരുന്നു. ഈക്കാലയളവില്‍ 361.5 മില്ലീ മീറ്റര്‍ മഴയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 668.5 മില്ലീ മീറ്റര്‍ മഴ ലഭിച്ചു.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ജൂലൈ ഏഴ് വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ അഞ്ചുവരെ ആന്ധ്രാപ്രദേശ് തീരം അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍, കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്‌നാട് തീരം അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും ജൂലൈ ആറ്, ഏഴ് തീയതികളില്‍ തെക്ക്- കിഴക്കന്‍, മധ്യ- കിഴക്കന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.