Connect with us

Kerala

2045 കിലോ മീറ്റര്‍ ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍ പൂര്‍ത്തീകരിച്ചു; കെഫോണ്‍ ഇങ്ങെത്തിയെന്ന് മുഖ്യമന്ത്രി

140 നിയമസഭാ മണ്ഡലങ്ങളില്‍ 2022 മെയ് മാസത്തില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 100 കുടുംബങ്ങള്‍ക്ക് വീതം സൗജന്യ കണക്ഷന്‍ നല്‍കും.

Published

|

Last Updated

തിരുവനന്തപുരം | ഗ്രാമനഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കുകയും ചെയ്യാന്‍ ലക്ഷ്യമിടുന്ന കെഫോണ്‍ പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി പ്രവര്‍ത്തനങ്ങള്‍ അതിദ്രുതം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

2019ല്‍ കരാര്‍ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് അതിന്റെ ലക്ഷ്യത്തോട് അടുക്കുകയാണ്. നിലവില്‍ 2600 കീ.മി ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍ സ്ഥാപിക്കാനുള്ളതില്‍ 2045 കീ.മി പൂര്‍ത്തീകരിച്ചു. 34961 കി.മീ. എ.ഡി.എസ്.എസ് ഒ.എഫ്.സി കേബിള്‍ ഇടാനുള്ളതില്‍ 14 ജില്ലകളിലായി 11,906 കി.മീ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

375 പോപ്പുകളില്‍ (POP Points of Presence) 114 എണ്ണം പൂര്‍ത്തീകരിക്കുകയും 216 എണ്ണം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്നു. കെ.എസ്.ഇ.ബി സബ്‌സ്റ്റേഷനുകളില്‍ ആണ് ഇവ സജ്ജീകരിക്കുന്നത്. നെറ്റ് വര്‍ക്ക് ഓപ്പറേറ്റിംഗ് സെന്ററിന്റെ മുഴുവന്‍ പണികളും പൂര്‍ത്തീകരിച്ചു.

എന്റ് ഓഫീസ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്ന 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ 3019 എണ്ണം 2021, ഡിസംബര്‍ 31നുള്ളില്‍ പ്രവര്‍ത്തനസജ്ജമായി. ഓരോ മാസവും 3000 മുതല്‍ 5000 വരെ ഓഫീസുകള്‍ വരെ സജ്ജമാകുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ബാക്കിയുള്ളവ 2022, ജൂണില്‍ പൂര്‍ത്തിയാകും.

140 നിയമസഭാ മണ്ഡലങ്ങളില്‍ 2022 മെയ് മാസത്തില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 100 കുടുംബങ്ങള്‍ക്ക് വീതം സൗജന്യ കണക്ഷന്‍ നല്‍കും. പദ്ധതി പൂര്‍ത്തീകരണത്തോടെ മൊത്തം 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സബ്‌സിഡി നിരക്കിലും ബ്രോഡ്ബാന്റ് കണക്ഷന്‍ ലഭ്യമാകും.

ഇടതുപക്ഷ സര്‍ക്കാര്‍ പറയുന്നത് പ്രാവര്‍ത്തികമാക്കും എന്നത് കേരളത്തിന്റെ കഴിഞ്ഞ ആറു വര്‍ഷത്തെ അനുഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ അനുഭവം തെറ്റല്ല എന്ന് വീണ്ടും തെളിയിച്ചുകൊണ്ട് കേരളത്തിന്റെ അഭിമാനമായ കെഫോണ്‍ പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest