Articles
ഓണ്‍ലൈന്‍ ക്ലാസ്: തിരുത്തലുകള്‍ ആവശ്യം; രക്ഷിതാക്കളും കണ്ണ് തുറക്കണം

ജിസ്വീറ്റ് പോലുള്ള സങ്കേതത്തിലേക്ക് ഓണ്‍ ലൈന്‍ ക്ലാസുകള്‍ മാറുന്നതോടെ അതിന്റെ സുരക്ഷാ പരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും എന്നാല്‍ ഓണ്‍ലൈന്‍ പഠനത്തെക്കുറിച്ച് ആദ്യംമുതല്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കുകയാണെന്നും കലിക്കറ്റ് യൂണിവേഴ്‌സിറ്റി എജ്യൂക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. ഡി ദാമോദര്‍ പ്രസാദ് പറയുന്നു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ ലിങ്ക് ഷെയര്‍ ചെയ്യുമ്പോഴും മറ്റും സംഭവിക്കുന്ന സ്വാഭാവിക പിശകുകളാണ്. ഇത്തരം പരാതികളെല്ലാം സൈബര്‍ പോലീസിന് അനായാസേന കൈകാര്യം ചെയ്യാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ഓണ്‍ലാന്‍ പാഠനം ഉയര്‍ത്തുന്ന മറ്റു പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വം കൈകാര്യം ചെയ്യേണ്ടതാണെന്ന് ഡോ. ഡി ദാമോദര്‍ പറഞ്ഞു. ഓണ്‍ലൈന്‍ പഠനം എന്നത് ക്ലാസ് മുറി പഠനത്തിനു പകരമാണെന്ന കാഴ്ചപ്പാട് നിലനില്‍ക്കുന്നത് മാറ്റിത്തീര്‍ക്കേണ്ടതാണ്. ക്ലാസ് മുറിയില്‍ പാഠ്യ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതുപോലെ ഒരിക്കലും ഓണ്‍ലൈന്‍ പഠനം കൈകാര്യം ചെയ്യാന്‍ പാടില്ല. രാവിലെ മുതല്‍ വൈകീട്ടുവരെ പിരീഡുകള്‍ തിരിച്ചു ക്ലാസ് നടത്തുന്നതുപോലെ കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ കൈകാര്യം ചെയ്യരുത്. കൊവിഡ് പോലുള്ള ഒരു മഹാമാരിയുടെ കാലത്ത് സ്‌കൂള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പഠന പ്രവര്‍ത്തനങ്ങളുടെ കണ്ണിപൊട്ടിപ്പോകാതിരിക്കുന്നുള്ള ഒരു മാര്‍ഗം എന്ന നിലയിലാണ് ഓണ്‍ലൈന്‍ പഠനത്തെ ഉപയോഗിക്കേണ്ടത്. ക്ലാസുകള്‍ സാധാരണ നിലയില്‍ പുനസ്ഥാപിക്കപ്പെട്ടു കഴിഞ്ഞാലും പഠന പ്രവര്‍ത്തനങ്ങളുടെ സമാന്തര സംവിധാനമായി നിലനില്‍ക്കേണ്ട രീതിയാണ് ഓണ്‍ലൈന്‍ പഠനം.
മറ്റൊരു പ്രശ്‌നം എല്ലാ പ്രദേശത്തും ഇന്റര്‍നെറ്റ് റേഞ്ചില്ല എന്നതാണ്. കൊവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട വലിയൊരു വിഭാഗത്തിന് അന്നന്നത്തെ ജീവിതം പോലും വലിയ പ്രസായമായ ഘട്ടത്തില്‍ ഇന്റര്‍നെറ്റ് താരിഫും താങ്ങാന്‍ കഴിയാത്തതാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഉതകുന്ന ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ ഇല്ലാത്തവരുടെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടിട്ടില്ല. വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഇന്റര്‍നെറ്റ് താരിഫ് നടപ്പാക്കുന്നതുപോലുള്ള കാര്യങ്ങളില്‍ സര്‍വീസ് പ്രൊവൈഡര്‍മാരുമായി ചര്‍ച്ച നടത്തി വിവിധ വിഭാഗങ്ങള്‍ക്കു താങ്ങാന്‍ കഴിയുന്ന നിരക്കുകള്‍ നടപ്പാക്കാന്‍ സര്‍ക്കാറിനു കഴിയേണ്ടതാണ്.
ഫോണ്‍ പോലുള്ള ഹാര്‍ഡ് വെയറുകള്‍ ലഭ്യമാക്കുന്നതിന് ഓരോ പ്രദേശത്തേയും സാമൂഹിക സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കണ്ടുവരുന്ന പ്രാദേശിക കൂട്ടായ്മകളെയൊക്കെ ഇത്തരം കാര്യങ്ങളില്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ക്കൊന്നും നാം വൈകീട്ടില്ല. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ആദ്യ ഘട്ടത്തില്‍ അനുഭവിച്ച പരിമിതികളും പോരായ്മകളും ഫലപ്രദമായി പരിഹരിക്കാന്‍ കഴിയുന്ന യഥാര്‍ഥ സമയമാണ് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്.
ഓണ്‍ലൈന്‍ പഠനത്തെ പൂര്‍ണമായി നിരാകരിക്കുന്ന തരത്തില്‍ ചില കേന്ദ്രങ്ങള്‍ നിലപാടു സ്വീകരിച്ചിട്ടുണ്ട്. ഇത് അപകടകരമാണ്. കൊവിഡ് മഹാമാരിയുടെ ഭീഷണി ഇനിയും വര്‍ഷങ്ങള്‍ നിലനിന്നേക്കാം. അടച്ചുപൂട്ടല്‍ കാലത്തെല്ലാം പാഠ്യപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന നിലയിലുള്ള വിലയിരുത്തലുകള്‍ അംഗീകരിക്കാനാവില്ല. അടച്ചുപൂട്ടല്‍ കാലത്ത് നിര്‍ത്തിയ വിദ്യാഭ്യാസം സ്‌കൂള്‍ തുറന്നതിനു ശേഷം തുടര്‍ന്നാല്‍ മതിയെന്നാണ് ഇത്തരക്കാരുടെ വാദം. എന്നാല്‍ ഓണ്‍ലൈന്‍ ബദല്‍ പഠനം അക്കാഡമിക് പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോയിട്ടുണ്ടെന്നതാണ് അനുഭവം.
ഓണ്‍ലൈന്‍ പഠനത്തെ അപ്പാടെ തള്ളാനും ആദര്‍ശ വല്‍ക്കരിക്കാനുമുള്ള ശ്രമങ്ങള്‍ ഇരുപക്ഷത്തായി നടക്കുന്നുണ്ട്്. ഒരു നല്ല അധ്യാപകന് ഓണ്‍ലൈന്‍ പഠനത്തെ, കുട്ടികളെ പഠനത്തില്‍ സഹായിക്കാന്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നതിനു നിരവധി ഉദാഹരണങ്ങളുണ്ട്. എത്രയോ അധ്യാപകര്‍ മികച്ച പാഠ്യ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴി ചെയ്യുന്നു. കുട്ടികള്‍ ഒരു മടുപ്പും കൂടാതെ ക്ലാസുകള്‍ സ്വീകരിക്കുന്നു.
എന്നാല്‍ ഏറ്റവും ദുഷ്‌കരമാവും വിധം വിരസമായി ഓണ്‍ലൈന്‍ പഠനത്തെ പ്രയോഗിക്കുന്നവരും ഉണ്ട്. ഇതെല്ലാം അധ്യാപകരുടെ മനോഭാവത്തേയും കാഴ്ചപ്പാടുകളേയും ആശ്രയിച്ചാണ് ഇരിക്കുന്നത്. നേരത്തെ സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ ട്യൂഷന്‍ ക്ലാസുകളെ ആശ്രയിക്കുന്ന അവസ്ഥ ഉണ്ടായിരുന്നു. ഒരു ട്യൂഷന്‍ ക്ലാസിനെ ആശ്രയിക്കുന്നതുപോലെ വിദ്യാര്‍ഥികള്‍ക്ക് ഏതു സമയത്തും സ്വന്തം അധ്യാപകനെ ആശ്രയിച്ചു സംശയ നിവരാണം തേടാമെന്ന സൗകര്യവും ഓണ്‍ലൈന്‍ ക്ലാസിനുണ്ട്.
ഓണ്‍ലൈന്‍ പഠനം ഈ ഒരുഘട്ടത്തില്‍ എത്തിക്കുന്നതുവരെ തദ്ദേശ ഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ക്ലബ്ബുകളും സന്നദ്ധ സംഘടനകളുമെല്ലാം ആവുംവിധം പങ്കു വഹിച്ചിട്ടുണ്ട്. ആ പ്രവര്‍ത്തനങ്ങളെ വിലകുറച്ചു കാണാന്‍ കഴിയില്ല. എന്നാല്‍ ഈ ഡിജിറ്റല്‍ വിദ്യാഭ്യാസത്തെ നിരാകരിക്കാന്‍ ശ്രമിക്കുന്നവര്‍ അതിന്റെ അനന്തമായ സാധ്യതയില്‍ നിന്നു ഒരു തലമുറയെ പുറന്തള്ളാനാണു ശ്രമിക്കുന്നത്. ലോകം ഡിജിറ്റല്‍ സങ്കേതത്തിലേക്കു മാറുമ്പോള്‍ ഏതെങ്കിലും പരിമിതിയുടെ പേരില്‍ ആരും ഡിജിറ്റല്‍ ലോകത്തു നിന്നു പുറന്തള്ളപ്പെടാന്‍ പാടില്ല.
നാളെ ഏതു മേഖലയില്‍ തൊഴില്‍ തേടുമ്പോഴും തൊഴിലന്വേഷകന്റെ ഡിജിറ്റല്‍ ജ്ഞാനം ഒരുവലിയ ചോദ്യമായി നില്‍ക്കും. ഇക്കാര്യങ്ങളെല്ലാം മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം എല്ലാം വിഭാഗങ്ങളേയും ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമാക്കേണ്ടത്. 45 ശതമാനം കുട്ടികള്‍ക്കു ഡിജിറ്റല്‍ പഠനത്തില്‍ മുന്നേറാന്‍ കഴിയുകയും 55 ശതമാനത്തിന് അതു വിലക്കപ്പെടുകയും ചെയ്താല്‍ അതു കേരളം മൊത്തം പിന്‍ തള്ളപ്പെടുന്നതിനു സമാനമായിരിക്കും.
പുറം ലോകവുമായി ബന്ധമില്ലാതെ വീട്ടില്‍ കഴിയേണ്ടിവരുന്ന കുട്ടികളുടെ മാനസിക നിലയേക്കൂടി കണ്ടുകൊണ്ടായിരിക്കണം ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടത്. പാഠപുസ്തകത്തിനു പുറത്ത് ജ്ഞാന സമ്പാദനത്തിന്റെ ഒട്ടേറെ മാര്‍ഗങ്ങളാണ് സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുന്നത്. വീട്ടില്‍ രക്ഷിതാക്കള്‍ തമ്മിലുള്ള വഴക്ക്, മദ്യപാനം പോലെ ഗൃഹാന്തരീക്ഷം കലുഷിതമായ അവസ്ഥയില്‍ കഴിയുന്ന കുട്ടികളുടെ മനോനില അത്യന്തം പ്രശ്‌ന ഭരിതമായിരിക്കും.
ലോക്ക് ഡൗണ്‍കാലം ആരംഭിച്ചതുമുതല്‍ ഇതുവരെയുള്ള എല്ലാ അനുഭവങ്ങളേയും വിലയിരുത്തിക്കൊണ്ടുള്ള പുതിയ ആശയങ്ങള്‍ ഈ മേഖലയില്‍ പ്രയോഗിക്കാനുള്ള സമയമാണ് ഇപ്പോളുള്ളത്. കൊവിഡ് ഭീതി അകലുന്ന മുറക്ക് ചെറിയ ക്ലാസുകള്‍ ഓരോന്നായി തുറക്കാനുള്ള നടപടികളിലേക്കു പോകേണ്ടതുണ്ട്. ഡിവിഷനുകള്‍ വര്‍ധിപ്പിച്ചും അകലം പാലിച്ചും സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കിയും ക്ലാസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ചു ചിന്തിക്കേണ്ടിവരും.
ഇന്റര്‍ നെറ്റ് ഉപയോഗിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ മേല്‍ നോട്ടം രക്ഷിതാക്കള്‍ക്ക് ഉണ്ടാവേണ്ടതാണ്. കുട്ടികള്‍ക്ക് ഏതുകാര്യത്തിനും രക്ഷിതാക്കള്‍ മേല്‍നോട്ടം വഹിക്കുന്ന കാലമാണിത്. ജിജ്ഞാസ കുട്ടികളെ ഇന്റര്‍നെറ്റിന്റെ പല തലങ്ങളിലേക്കും കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന ബോധം രക്ഷിതാക്കള്‍ക്ക് ഉണ്ടാവണം. 18 വയസ്സുവരെ ഇത്തരം മേല്‍നോട്ടം ഉണ്ടാവണം. കുട്ടികള്‍ക്ക് ആവശ്യമായ ഇടവേള നല്‍കുന്നതോടൊപ്പം പൊതുവിജ്ഞാനത്തിനും കളികള്‍ക്കുമെല്ലാം ഉതകുന്ന സാധ്യതകള്‍ കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ ഓണ്‍ലൈന്‍ അധ്യയനം ക്രമപ്പെടുത്തേണ്ടതാണ്.
ഓണ്‍ ലൈന്‍ പഠനത്തിന്റെ പോരായ്മകളും പരിമിതികളും എല്ലാം നാം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനിയുള്ളത് തിരുത്തലിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ്. സര്‍ക്കാര്‍ തലത്തില്‍ ഇതിനായി വിദഗ്ധരുടെ ഒരു സമിതി ഉണ്ടാവണം. വിദഗ്ധ സമിതികള്‍ എന്നാല്‍ പല താല്‍പര്യങ്ങളും കുത്തിനിറച്ച സമിതിയാവരുത്. ഡിജിറ്റല്‍ വിദ്യാഭ്യാസത്തില്‍ മികച്ച സംഭാവന നല്‍കാന്‍ കഴിയുന്നവരും ഉള്‍ക്കാഴ്ചയുള്ളവരും ആയിരിക്കണം സമിതിയില്‍ ഉണ്ടാവേണ്ടത്. അവര്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിലെ എല്ലാതലത്തിലുള്ളവരുമായി ചര്‍ച്ച ചെയ്ത് ഏറ്റവും ഫലപ്രദമായ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ രൂപപ്പെടുത്തണമെന്നും ഡോ. ഡി ദാമോദര്‍ പറയുന്നു.
ഓണ്‍ലാന്‍ ക്ലാസിനിടെ അധ്യാപികയുടെ വാട്‌സാപ്പ് “മോഷ്ടിച്ചു” വിദ്യാര്‍ഥി
കോഴിക്കോട് | കഴിഞ്ഞ ദിവസം കോഴിക്കോട്ട് ഒണ്‍ലൈന്‍ ക്ലാസില്‍ ഞെട്ടലുളവാക്കിയ ഒരു ഇടപെടലുണ്ടായി. ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികയുടെ വാട്‌സാപ് അക്കൗണ്ട് വിദ്യാര്‍ഥി സ്വന്തം ഫോണിലേക്കു മാറ്റി.
ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസിനിടെയാണു സംഭവം. സ്‌ക്രീന്‍ ഷെയറിങ് ആപ് ഉപയോഗിച്ച് അധ്യാപികയുടെ മൊബൈല്‍ ഫോണിന്റെ സ്‌ക്രീന്‍ വിദ്യാര്‍ഥികള്‍ക്കു കാണുന്ന രീതിയിലാണു ക്ലാസെടുത്തത്.
അധ്യാപികയുടെ ഫോണിലേക്കു വരുന്ന മെസേജ് നോട്ടിഫിക്കേഷനുകള്‍ സ്‌ക്രീനിന്റെ മുകളില്‍ കാണുന്നുണ്ടായിരുന്നു. ക്ലാസിനിടെ ഒരു വിദ്യാര്‍ഥി അധ്യാപികയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സ്വന്തം ഫോണില്‍ വാട്‌സാപ് അക്കൗണ്ട് തുറന്നു. മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യാനുള്ള ഒ ടി പി ഉടന്‍ അധ്യാപികയുടെ ഫോണിലേക്ക് വന്നു. ഇത് സ്‌ക്രീനിന്റെ മുകളില്‍ തെളിഞ്ഞത് ഓണ്‍ലൈന്‍ ക്ലാസിലെ വിദ്യാര്‍ഥികള്‍ കണ്ടു. ഈ ഒ ടി പി ഉപയോഗിച്ച് വാട്‌സാപ് ആരംഭിച്ചു. അധ്യാപിക ഫോണില്‍ ടു സ്റ്റെപ് വെരിഫിക്കേഷന്‍ നടത്താത്തതിനാല്‍ പാസ്വേഡ് ഉണ്ടായിരുന്നില്ല.
ക്ലാസ് കഴിഞ്ഞു വാട്‌സാപ് തുറന്നപ്പോഴാണു സ്വന്തം ഫോണില്‍ വാട്‌സാപ് പ്രവര്‍ത്തനരഹിതമായത് അധ്യാപിക അറിഞ്ഞത്. അധ്യാപിക ഉടന്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി. ക്ലാസില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. പ്രതി വിദ്യാര്‍ഥിയാണെന്നു തിരിച്ചറിഞ്ഞതോടെ അധ്യാപിക പരാതി പിന്‍വലിച്ചു. അധ്യാപിക വാട്‌സാപില്‍ ആറക്ക പാസ്വേഡ് ഉപയോഗിച്ചിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നു പൊലീസ് പറയുന്നു.