Kerala
ഓൺലെെൻ ക്ലാസിലെ ഒളിഞ്ഞുനോട്ടങ്ങൾ

കോഴിക്കോട് ജില്ലയിലെ ഒരു സ്‌കൂളില്‍ ഗൂഗിള്‍ മീറ്റില്‍ ഓണ്‍ലൈന്‍ ക്ലാസ് പുരോഗമിക്കുകയാണ്. പത്താംക്ലാസിലെ കുട്ടികളുമായി ടീച്ചര്‍ ഗൗരവപുര്‍വമായി പാഠഭാഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ആദ്യം ചില അപശബ്ദങ്ങള്‍ ഉയര്‍ന്നു. മ്യൂട്ടുചെയ്യാന്‍ ടീച്ചര്‍ പറഞ്ഞിട്ടും ആ നമ്പര്‍മാത്രം മ്യൂട്ടാക്കുന്നില്ല. പേരുനോക്കിയപ്പോള്‍ അപരിചിതമായ പേരാണ്.
ക്ലാസ് പുരോഗമിക്കെ ആ നമ്പറില്‍ നിന്ന് മാസ്‌ക് ധരിച്ച ആള്‍ പ്രത്യക്ഷപ്പെട്ടു കൈകള്‍കൊണ്ട് ആശ്ലീല ആംഗ്യങ്ങള്‍ കാണിച്ചു. ടീച്ചറും കുട്ടികളും അമ്പരന്നിരിക്കെ ചില അശ്ലീല ഭാഷാ പ്രയോഗങ്ങള്‍ കൂടി നടത്തി ആള്‍ ക്ലാസിലേക്കു കണ്ണു നട്ടിരിക്കുന്നു. ഇടക്ക് അയാള്‍ തെറിവാക്കുകള്‍ വിളിച്ചു പറയുന്നു. അമ്പരന്നു പോയ ടീച്ചര്‍ ക്ലാസ് അവസാനിപ്പിച്ചു.
കോഴിക്കോട് നടുവണ്ണൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസില്‍ ഓണ്‍ലൈന്‍ ക്ലാസിനായി തയ്യാറാക്കിയ വാട്‌സാപ്പ് ഗ്രൂപ്പിലാണ് സാമൂഹിക വിരുദ്ധര്‍ നുഴഞ്ഞു കയറി അശ്ലീല സന്ദേശങ്ങള്‍ ഇട്ടത്. ഇതു ശ്രദ്ധയില്‍ പെട്ട രക്ഷിതാക്കള്‍ അധ്യാപികയെ വിവരമറിയിച്ചു. അധ്യാപിക പരിശോധിച്ചപ്പോഴാണ് ഗ്രൂപ്പില്‍ അജ്ഞാതന്‍ നുഴഞ്ഞുകയറിയ വിവരം അറിയുന്നത്. കാലന്‍, മാഡ് മാക്‌സ്, കംസന്‍ തുടങ്ങിയ വ്യാജ പേരുകളിലാണ് അശ്ലീല സന്ദേശങ്ങള്‍ എത്തിയതെന്നു ക്ലാസ് ടീച്ചര്‍ സുനിത പറഞ്ഞു.
അധ്യാപകരുടെ ആത്മവിശ്വാസത്തെയും കഴിവിനേയും വെല്ലുവിളിച്ചും പരിഹസിച്ചുമാണ് സാമൂഹിക വിരുദ്ധര്‍ ഇത്തരം കൃത്യങ്ങള്‍ നിര്‍വഹിക്കുന്നത്. 180 ഓളം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന ഗ്രൂപ്പില്‍ സാമൂഹിക വിരുദ്ധര്‍ നുഴഞ്ഞു കയറിയതു സംബന്ധിച്ച് സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മോഹനന്‍മാസ്റ്റര്‍ പറഞ്ഞത്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. മഹാമാരിയായ കൊവിഡിന്റെ അനന്തരഫലമായി ക്ലാസ്മുറികള്‍ സൈബര്‍ ക്ലാസ്മുറിയിലേക്ക് കൂടുമാറിയപ്പോള്‍ ഉണ്ടായ നിരവധി പ്രശ്‌നങ്ങളില്‍ ഒന്ന് മാത്രമാണ്. കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ വരെ വിദ്യാര്‍ഥി സമൂഹം പൂര്‍ണമായും സൈബര്‍ ലോകത്തേക്ക് മാറിയപ്പോള്‍ ഉയരുന്ന നിരവധിയായ ആശങ്കകള്‍ക്കിടയിലാണ് സാമൂഹിക വിരുദ്ധരുടെ നുഴഞ്ഞുകയറ്റം കൂടി വാര്‍ത്തയാകുന്നത്. ഇന്റര്‍നെറ്റിന്റെ പരിധിയില്ലായ്മയും ആവശ്യത്തിന് ഫോണോ മറ്റുപകരണങ്ങളോ ഇല്ലാത്തതുമായ പ്രതിസന്ധികള്‍ക്കിടയില്‍ ഇത്തരം ഹീനകൃത്യങ്ങള്‍ കൂടിയാകുമ്പോള്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും നെഞ്ചിടിപ്പ് കൂടുകയാണ്.
കൊവിഡ് കവര്‍ന്നെടുത്ത സ്‌കൂള്‍ അധ്യയന ദിവസങ്ങളെ സൈബര്‍ സന്നാഹങ്ങള്‍കൊണ്ടു മറികടക്കുന്ന നാളുകള്‍ പല തരത്തിലൂള്ള സങ്കീര്‍ണതകളിലൂടെയാണു കടന്നുപോവുന്നത്. സ്‌കൂള്‍ മുറ്റത്ത് അതിക്രമിച്ചു കയറി രഹസ്യഭാഗങ്ങള്‍ കാണിക്കുകയും സ്‌കൂള്‍ മതിലില്‍ അശ്ലീലം കുറിച്ചുവയക്കുകയും ചെയ്യുന്ന മനോ വൈകല്യമുള്ളവര്‍ എക്കാലത്തുമുണ്ടായിരുന്നു. അവരുടെ സൈബര്‍ വേര്‍ഷന്‍ എന്ന് നുഴഞ്ഞുകയറ്റമെന്ന് പറഞ്ഞ് സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങളെ അവഗണിച്ചാലും അവഗണിക്കാന്‍ പറ്റാത്ത വെല്ലുവിളികള്‍ ധാരാളമുണ്ട്.
സ്‌കൂളിന്റെ വിശാലമായ ലോകത്തുനിന്നു ഫോണിന്റെയോ ലാപ്‌ടോപ്പിന്റെയും സ്‌ക്രീനിലേക്കു കാഴ്ച ചുരുങ്ങുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ ഒരുഭാഗത്ത്. ഇന്റര്‍നെറ്റിന്റെ നൂല്‍പ്പാലത്തില്‍ നിന്നു കുട്ടികള്‍ വഴുതിപ്പോകുമോ എന്ന രക്ഷിതാക്കളുടെ ആശങ്ക മറുഭാഗത്ത്.
കൊവിഡ് സൃഷ്ടിച്ച ഭീതിയും അടച്ചിടലും എത്രകാലം തുടരുമെന്നു പറയാനാവില്ല. എന്നാല്‍ അക്കാഡമിക് പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ സജീവമായി മുന്നേറുകയാണ്. ഇന്റര്‍ നെറ്റിന്റേയും ഫോണ്‍ പോലുള്ള ഉപകരണങ്ങളുടെയും ലഭ്യത വെല്ലുവിളിയായി തുടരുന്നുണ്ടെങ്കിലും എല്ലാ വെല്ലുവിളികളേയും മറികടന്ന ഓണ്‍ലൈന് പഠനം ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ പുതിയ ഘട്ടത്തിലേക്കു പ്രവേശിക്കുകയാണ്.
ഓണ്‍ലൈന്‍ ക്ലാസുകളില്‍ സാമൂഹിക വിരുദ്ധര്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സംഭവങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ അക്കാഡമിക പ്രവര്‍ത്തനങ്ങള്‍ക്കുതകുന്ന വിധം ഗൂഗിള്‍ ക്ലാസ് റൂം സജ്ജമായിക്കഴിഞ്ഞു. ഗൂഗിള്‍ വര്‍ക്ക് സ്പേസ് എന്നും ഗൂഗിള്‍ സ്വീറ്റ് എന്നും വിളിക്കപ്പെടുന്ന ഈ സംവിധാനങ്ങള്‍ ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടപ്പാക്കിക്കഴിഞ്ഞു.
ഗൂഗിളിന്റെ ചെലവേറിയ ഒരു ഉല്‍പ്പന്നമാണിത് എങ്കിലും ഗൂഗിള്‍ വര്‍ക്ക് സ്‌പേസ് സര്‍ക്കാര്‍ മൊത്തം എടുത്തതിനാല്‍ ഇതിന്റെ ചെലവു വിദ്യാര്‍ഥികളെ ബാധിക്കില്ല. @kiteschool.in എന്ന ഡൊമൈന്‍ വഴി ഓരോ വിദ്യാര്‍ഥിക്കും അധ്യാപകനും പ്രത്യേക യൂസര്‍ ഐ ഡി ഉണ്ടാവുന്നതിനാല്‍ പുറത്തുനിന്ന് ആര്‍ക്കും ക്ലാസില്‍ നുഴഞ്ഞു കയറാനാവില്ല. അഡ്മിന് എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കാനും കഴിയും. മെയിന്‍ അഡ്മിന് കോ അഡ്മിന്‍മാരെ ആഡ് ചെയ്യാം.
ഓരോ വിദ്യാര്‍ഥിക്കും യുനീക് ആയ യൂസര്‍ ഐഡി ഉണ്ടാക്കുന്നതിന് വിദ്യാര്‍ഥി എന്നു സൂചിപ്പിക്കുന്ന എസ് എന്ന അക്ഷരവും സ്‌കൂള്‍ കോഡും അഡ്മിഷന്‍ നമ്പറും ശേഷം @kiteschool.in എന്ന ഡൊമൈനും ചേര്‍ത്താവും യൂസര്‍ ഐഡി സൃഷ്ടിക്കുക. അധ്യാപകര്‍, ടീച്ചര്‍ എന്നതിന്റെ ചുരുക്കെഴുത്തായ ടിആര്‍ എന്നതിനൊപ്പം അധ്യാപകന്റെ പെന്‍ നമ്പര്‍ എന്നിവയും @kiteschool.in എന്ന ഡൊമൈനും ചേര്‍ത്താണ് യൂസര്‍ ഐഡി ഉണ്ടാക്കുന്നത്. കുട്ടികള്‍ സ്വന്തം ഐഡിയില്‍ ലോഗിന്‍ ചെയ്യണം. ടീച്ചര്‍ ഇന്‍വൈറ്റ് ചെയ്യുന്നവര്‍ക്കു മാത്രമേ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റൂകയുള്ളൂ എന്നതും സുരക്ഷ ഉറപ്പാക്കുന്നു.
ഗൂഗിള്‍ വര്‍ക്ക ്‌സ്‌പേസിന്റെ മാസ്റ്റര്‍ കണ്‍ട്രോള്‍ കൈറ്റിനായിരിക്കും. ഇതുവഴിയുള്ള ഒരു ഡാറ്റയും പുറത്ത് ഷെയര്‍ ചെയ്യപ്പെടുകയില്ല എന്ന ഉറപ്പ് ഗൂഗിളില്‍ നിന്നു സര്‍ക്കാര്‍ വാങ്ങിയിട്ടുണ്ട്. ഒരുതരത്തിലും നുഴഞ്ഞു കയറാന്‍ കഴിയില്ലെന്നതും നുഴഞ്ഞു കയറിയാല്‍ ട്രാക്ക് ചെയ്യാം എന്നതും ഇതിന്റെ മേന്‍മയാണ്. ഇതുവഴി പരസ്യങ്ങള്‍ നല്‍കുകയില്ല എന്നും ഉറപ്പുണ്ട്. സ്ലൈഡ് പ്രസന്റേഷന്‍ പോലുള്ള സാധ്യതകളും ഉണ്ട്. ഒരു ക്ലാസില്‍ പങ്കെടുക്കാത്ത കുട്ടിക്ക് പിന്നീട് ഉപയോഗിക്കാന്‍ കഴിയും വിധം ക്ലാസിന്റെ ലിങ്ക് അയച്ചുകൊടുക്കാനും പറ്റും. ഫോണിന്റെയോ ലാപ്‌ടോപ്പിന്റെയോ മെമ്മറി നഷ്ടപ്പെടുമെന്ന ആശങ്കയും ഇല്ല. ഗ്ുഗിള്‍ ഡ്രൈവിലാണ് മെമ്മറി ഉപയോഗിക്കുന്നത്.
സ്‌കൂളുകള്‍ക്കായി ഗൂഗിള്‍ വികസിപ്പിച്ച സൗജന്യ വെബ് സേവനമാണ് ഗൂഗിള്‍ ക്ലാസ്സ്‌റൂം. ഇത് പേപ്പര്‍ ഇല്ലാതെ അസൈന്‍മെന്റുകള്‍ സൃഷ്ടിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഗ്രേഡിംഗ് ചെയ്യുന്നതിനും സൗകര്യങ്ങള്‍ നല്‍കുന്നു. അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ ഫയലുകള്‍ പങ്കിടുന്ന പ്രക്രിയ ഗൂഗിള്‍ ക്ലാസ്സ്‌റൂം ഫലപ്രദമാണ്.
അസൈന്‍മെന്റ് സൃഷ്ടിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഡോക്ള്‍സ്, ഗൂഗിള്‍ ഷീറ്റുകളും സ്ലൈഡുകളും, ആശയവിനിമയത്തിനുള്ള ജിമെയില്‍, ഷെഡ്യൂളിംഗിനായുള്ള ഗൂഗിള്‍ കലണ്ടര്‍ എന്നിവ ഗൂഗിള്‍ ക്ലാസ്സ്‌റൂം സംയോജിപ്പിക്കുന്നു.
സ്വകാര്യ കോഡ് വഴി അധ്യാപകന്‍ ക്ലാസ്സില്‍ ചേരാന്‍ വിദ്യാര്‍ഥികളെ ക്ഷണിച്ചാല്‍ അവിടെ വിദ്യാര്‍ത്ഥിക്ക് അധ്യാപകന് ഗ്രേഡുചെയ്യാനുള്ള അസൈന്‍മെന്റുകള്‍ സമര്‍പ്പിക്കാം. അധ്യാപകര്‍ക്ക് ഓരോ വിദ്യാര്‍ത്ഥിയുടെയും പുരോഗതി നിരീക്ഷിക്കാനും, കൂടാതെ ഗ്രേഡുചെയ്തതിനുശേഷം അധ്യാപകര്‍ക്ക് അഭിപ്രായങ്ങളോടൊപ്പം തിരികെ നല്‍കാനും കഴിയും.
(തുടരും)