Connect with us

Oddnews

32 വര്‍ഷം മുമ്പ് നടന്ന കൊലപാതകം: പ്രതിയെ ഡി എന്‍ എയിലൂടെ കണ്ടെത്തി; മരണ ശേഷം

Published

|

Last Updated

ലാസ്വെഗാസ് | 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതകത്തിലെ പ്രതിയെ ഡി എന്‍ എ സഹായത്തോടെ കണ്ടെത്തി. സ്റ്റിഫാനി ഐസക്സണ്‍ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിലെ പ്രതിയെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടെത്തിയത്. 1989 ലാണ് സ്റ്റിഫാനി കൊല്ലപ്പെട്ടത്. എന്നാല്‍, കൊലപാതകി ആരാണെന്ന് കണ്ടെത്താന്‍ പോലീസിന് ഇത്രയും കാലം കഴിഞ്ഞില്ല. ഡി എന്‍ എയുടെ സഹായത്തോടെ ജനിതക ഘടന, പബ്ലിക് ജെനോളജി ഡാറ്റ എന്നിവ അടിസ്ഥാനമാക്കിയാണ് പ്രതിയെ ഇപ്പോള്‍ തിരിച്ചറിയാന്‍ സാധിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, 1995 ല്‍ പ്രതി മരണപ്പെട്ടു കഴിഞ്ഞിരുന്നു. എങ്കിലും ഏറ്റവും കുറഞ്ഞ മനുഷ്യ ഡി എന്‍ എ സാമ്പിളുകളിലൂടെ പ്രതിയെ കണ്ടെത്താന്‍ സാധിച്ചുവെന്നത് സവിശേഷതായി പോലീസ് പറയുന്നു.

ഇപ്പോഴെങ്കിലും ഘാതകനെ കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന് സ്റ്റിഫാനിയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. ലാസ് വെഗാസില്‍ വെച്ചാണ് സ്റ്റിഫാനിയുടെ മൃതദേഹം കണ്ടെത്തിയത്. സ്‌കൂളില്‍ പോകുന്ന വഴിയില്‍ ക്രൂരമായ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.
സമീപ പ്രദേശത്തെ ഒരാളുടെ പരാതിയിലാണ് പോലീസ് കേസന്വേഷണം പുനരാരംഭിച്ചത്. തെളിയിക്കപ്പെടാതെ മരവിച്ച് കിടക്കുന്ന കേസുകളില്‍ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള ഒത്രാം എന്ന അന്വേഷണ ഏജന്‍സിക്ക് കേസ് കൈമാറുകയായിരുന്നു. സാധാരണ ഡി എന്‍ എ ടെസ്റ്റിംഗ് കിറ്റുകളില്‍ ഒരു സാമ്പിളില്‍ 750 മുതല്‍ 1,000 വരെ നാനോഗ്രാം ഡി എന്‍ എ ശേഖരിക്കാറുണ്ട്. പിന്നീട് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുകയും ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും.

സ്റ്റിഫാനിയുടെ കേസില്‍ 0.12 നാനോഗ്രാം മാത്രമാണ് ഡി എന്‍എ ലഭിച്ചിരുന്നത്. ഇതില്‍ നിന്നും പ്രതിയുടെ ബന്ധുവിനെ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നതാണ് നേട്ടം. ഇതിലൂടെ ഡാരന്‍ റോയ് മര്‍ച്ചന്റ് എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. 1986 -ലെ ഒരു മറ്റൊരു കൊലപാതക കേസിലും ഇയാള്‍ പ്രതിയായിരുന്നു. പ്രതിയുടെ അന്ന് ശേഖരിച്ച ഡി എന്‍ എയും അന്വേഷണത്തെ തുണച്ചു. രണ്ട് ഡി എന്‍എയും ചേര്‍ത്ത് പരിശോധിച്ചപ്പോള്‍ മര്‍ച്ചന്റ് തന്നെയാണ് പ്രതിയെന്ന് ഉറപ്പിക്കാന്‍ സാധിച്ചുവെന്ന് ഒത്രാം ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് മിത്തല്‍മാന്‍ പറഞ്ഞു.

Latest