Connect with us

International

വൃദ്ധയെപോലൊരു പെണ്‍കുട്ടി; 18 വയസ് വരെ ജീവിച്ച് മരണത്തിന് കീഴടങ്ങി

Published

|

Last Updated

ലണ്ടന്‍ | യുകെയിലെ വെസ്റ്റ് സസെക്‌സ് നിവാസിയായ അശാന്തി സ്മിത്ത് എന്ന പതിനെട്ടുകാരിയുടെ മരണ വാര്‍ത്തയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ജനിച്ചു വീഴുമ്പോഴേ വാര്‍ധക്യത്തിലേയ്ക്ക് എത്തിയ അവസ്ഥയാണ് അശാന്തിയുടേത്. കുട്ടികളെപ്പോലെ മൃദുവായ ചര്‍മ്മമോ, കുട്ടിത്തമുള്ള മുഖമോ അവള്‍ക്കില്ലായിരുന്നു. ചുക്കിച്ചുളിഞ്ഞ തൊലിയും കുഴിഞ്ഞ കണ്ണുകളും തലയില്‍ കുറച്ച് മാത്രം മുടിയുമായി അവള്‍ ജീവിച്ചു. അവളുടെ പ്രായം വെറും പതിനെട്ടായിരുന്നെങ്കിലും ശരീരം നൂറു വയസ് പിന്നിട്ട ഒരു വൃദ്ധയുടേതിന് സമാനമായിരുന്നു.

ഹച്ചിന്‍സണ്‍ഗില്‍ഫോര്‍ഡ് പ്രൊജീരിയ സിന്‍ഡ്രോം എന്ന് വിളിക്കുന്ന അകാല വാര്‍ദ്ധക്യമായിരുന്നു അശാന്തിയുടെ രോഗം. സാധാരണക്കാരന് വര്‍ഷത്തില്‍ ഒരു വയസ് കൂടുമ്പോള്‍ അവള്‍ക്ക് ഓരോ വര്‍ഷവും എട്ട് വയസ് വരെ കൂടുന്ന മാറ്റമാണ് കണ്ടിരുന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഈ രോഗം അവളുടെ ആത്മവിശ്വാസത്തെ തകര്‍ത്തിരുന്നില്ല.

മെയ് മാസം 18 വയസ് തികഞ്ഞപ്പോള്‍ വലിയ സന്തോഷത്തോടെയാണ് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം അവള്‍ ആഘോഷിച്ചതെന്നും അവര്‍ പറഞ്ഞു. വാര്‍ദ്ധക്യത്തിന്റേതായ എല്ലാ പ്രശ്‌നങ്ങളും കുഞ്ഞായിരുന്നപ്പോള്‍ തന്നെ അവളുടെ ശരീരം കാണിച്ചു തുടങ്ങിയിരുന്നു. വളര്‍ന്നു തുടങ്ങിയപ്പോള്‍ സന്ധിവാതവും, ഹൃദ്രോഗവും ബാധിച്ചു. ഇടുപ്പെല്ല് തകര്‍ന്ന് മൂന്ന് തവണ സര്‍ജറിയ്ക്ക് വിധേയയാകേണ്ടി വന്നിട്ടുണ്ട്.

ഇങ്ങനെയെല്ലാം അനുഭവിക്കേണ്ടി വന്നിട്ടും തികഞ്ഞ ആത്മവിശ്വാസമായിരുന്നു അശാന്തിയുടെ കൈമുതല്‍. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് 18ാം പിറന്നാള്‍ കഴിഞ്ഞ് ആഴ്ചകള്‍ക്കുശേഷം ജൂലൈ 17 ന് ഹൃദയസ്തംഭനം വന്ന് അവള്‍ മരത്തിന് കീഴടങ്ങുകയായിരുന്നു.

Latest