Connect with us

Gulf

ഇന്ത്യയിലെ യു എ ഇ എംബസിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച് തട്ടിപ്പ്

Published

|

Last Updated

കോഴിക്കോട് | ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന യു എ ഇ എംബസിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച് വന്‍ തട്ടിപ്പ്. മുന്‍ മന്ത്രിയും സി പി എം നേതാവുമായ എ കെ ബാലന്റെ മക്കള്‍ ഇതുസംബന്ധിച്ച് പാലക്കാട് പോലീസ് പരാതി നല്‍കിയിട്ടുണ്ട്. ഇവരുടെ പരാതിയില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

വ്യാജ വെബ്‌സൈറ്റാണെന്ന് മനസ്സാലാകാത്ത വിധത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. https://uaeembassy.in/ എന്ന വെബ്‌സൈറ്റാണ് വ്യാജമായി നിര്‍മിച്ച് തട്ടിപ്പ് നടത്തുന്നത്. സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് മാത്രമാണ് ഇതിലെ തട്ടിപ്പ് മനസ്സിലാകുക.

യു എ ഇ സര്‍ക്കാറിന്റെ എല്ലാ വെബ്‌സൈറ്റുകളും പ്രവര്‍ത്തിക്കുന്നത് .ae എന്ന ഡൊമൈനിലാണ്. അതായത് വെബ്‌സൈറ്റ് അഡ്രസ്സിന്റെ അവസാനം .ae എന്നുണ്ടാകും. എന്നാല്‍, തട്ടിപ്പ് വെബ്‌സൈറ്റിന്റെ ഡൊമൈന്‍ .in എന്നതാണ്. യു എ ഇ സര്‍ക്കാറിന്റെ എല്ലാ പുതിയ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് തട്ടിപ്പ് വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്.

മാത്രമല്ല, ഇന്ത്യയിലെ യു എ ഇ എംബസി എന്ന് തിരയുമ്പോള്‍ തട്ടിപ്പ് വെബ്‌സൈറ്റാണ് ആദ്യം വരുന്നത്. യാത്ര അടക്കമുള്ള വിവിധ ആവശ്യങ്ങള്‍ക്കായി ഈ വെബ്‌സൈറ്റ് വഴി പ്രവാസികള്‍ അടക്കമുള്ളവര്‍ ബന്ധപ്പെടുന്നുണ്ട്. ഇവരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് സംഘം ഫീസ് ഇനത്തിലും മറ്റുമായി കൈക്കലാക്കിയിട്ടുണ്ട്. https://www.mofaic.gov.ae/en/missions/newdelhi എന്നതാണ് യഥാര്‍ഥ വെബ്‌സൈറ്റ്.

Latest