Connect with us

Kerala

കേരളത്തിന് വേണ്ട മരുന്നുകള്‍ സ്വന്തം നിലയില്‍ നിര്‍മിക്കാന്‍ നീക്കം

Published

|

Last Updated

തിരുവനന്തപുരം|  സംസ്ഥാനത്തിന് വേണ്ട മരുന്നുകളും സുരക്ഷ ഉപകരങ്ങളും പരമാവധി സ്വന്തം നിലയില്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇത് സംബന്ധിച്ച സാധ്യത പരിശോധിക്കുന്നതിനായി ആരോഗ്യ, വ്യവസായ വകുപ്പുകള്‍ തമ്മില്‍ ഇന്ന് ചര്‍ച്ച ചെയ്തു. മൂന്നാം കൊവിഡ് തരംഗം മുന്നില്‍കണ്ടാണ് സര്‍ക്കാര്‍ നടപടി. ഇതിനായി ആരോഗ്യ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും കെ എം എസ് എല്‍, കെ എസ് ഡി പി എല്‍ മാനേജിംഗ് ഡയറക്ടര്‍മാരും ചേര്‍ന്ന കമ്മിറ്റിയുണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കൊവിഡ് മൂന്നാം തരംഗത്തില്‍ ഗ്ലൗസ്, മാസ്‌ക്, പി പി ഇ കിറ്റ്, തുടങ്ങിയ സുരക്ഷാ സാമഗ്രികളുടേയും മെഡിക്കല്‍ ഉപകരണങ്ങളുടേയും ലഭ്യത ഉറപ്പാക്കുന്നതിനാണ് ഇരു വകുപ്പുകളുടേയും സംയുക്ത യോഗം വിളിച്ചത്.

ആരോഗ്യ മേഖല്ക്കാവശ്യമായ സുരക്ഷാ സാമഗ്രികളും മെഡിക്കല്‍ ഉപകരണങ്ങളും ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ പല വ്യവസായ ശാലകളും കൊവിഡായതിനാല്‍ പൂട്ടിയതിനാല്‍ പല സുരക്ഷാ ഉപകരണങ്ങളുടേയും ലഭ്യതക്കുറവ് രണ്ടാം തരംഗത്തില്‍ ഉണ്ടായി. മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ മേഖല ശക്തിപ്പെടുത്തി വരികയാണ്. ഇതോടൊപ്പം ആവശ്യമായ ഉപകരണങ്ങളും സുരക്ഷാ സാമഗ്രികളും മുന്‍കൂട്ടി ലഭ്യമാക്കണം. ഇത് കേരളത്തില്‍ നിന്നുതന്നെ ലഭ്യമാക്കിയാല്‍ ആഭ്യന്തര ഉത്പാദകര്‍ക്കും സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി.