Connect with us

National

ജനങ്ങളെ പരിഭ്രാന്തരാക്കരുത്; വാക്‌സിന്‍ ലഭ്യമാകുന്നില്ലെന്ന പരാതി രാഷ്ട്രീയ പ്രേരിതം: കേന്ദ്ര ആരോഗ്യമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | വാക്സിന്‍ ലഭിക്കുന്നില്ലെന്ന സംസ്ഥാനങ്ങളുടെ ആരോപണം അടിസ്ഥാനമില്ലാത്തതും രാഷ്ട്രീയ പ്രേരിതവുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ജൂലായില്‍ വിതരണം ചെയ്യുന്ന വാക്‌സിനുകളുടെ എണ്ണം നേരത്തെ തന്നെ സംസ്ഥാനങ്ങളെ അറിയിച്ചതാണ്. ഇപ്പോള്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണ്. ഇത്തരം ആരോപണങ്ങള്‍ ജനങ്ങളെ പരിഭ്രാന്തരാക്കുകയും അവരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുമെന്നും കേന്ദ്രമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കേന്ദ്രത്തില്‍നിന്നും കൃത്യമായി വാസ്‌കിന്‍ ലഭ്യമാകുന്നില്ലെന്ന് ഡല്‍ഹി, ഒഡീഷ, മഹാരാഷട്ര സംസ്ഥാന സര്‍ക്കാറുള്‍ ആരോപിച്ചിരുന്നു. ഇതിന് പിറകെയാണ് വിമര്‍ശവുമായി കേന്ദ്ര ആരോഗ്യ മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

വാക്സിന്‍ ലഭ്യത സംബന്ധിച്ച് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ അയച്ച കത്തുകള്‍ കിട്ടി. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാത്തത് കൊണ്ടാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ജൂണില്‍ 11.46 കോടി ഡോസ് വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരുന്നു. ജൂലായില്‍ അത് 13.50 കോടി ഡോസ് ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ജൂലായില്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും എത്ര ഡോസ് വാക്സിന്‍ വീതം ലഭിക്കും എന്ന് അറിയിച്ചിരുന്നു. ഇതില്‍ ആദ്യ ഡോസ്, രണ്ടാം ഡോസ് എന്നിവയുടെ എണ്ണവും പിന്നീട് അറിയിച്ചിരുന്നു. ജില്ലാ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെയും തിരക്ക് നിയന്ത്രിച്ചും കാര്യങ്ങള്‍ ക്രമീകരിക്കാന്‍ ഇത് സഹായകമായിരുന്നു. എന്നിട്ടും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നിലെ തിരക്ക് ഒഴിക്കാന്‍ കഴിഞ്ഞില്ലെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

Latest