Connect with us

Ongoing News

ഉള്ളടക്കത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ പാലിച്ചില്ല; ഗൂഗിളിന് 4400 കോടി രൂപ പിഴയിട്ട് ഫ്രാന്‍സ്

Published

|

Last Updated

പാരിസ് | ഉള്ളടക്കത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ പാലിച്ചില്ലെന്ന കുറ്റത്തിന് ഗൂഗിളിന് 50 കോടി യൂറോ (ഏകദേശം 4400 കോടി) പിഴ ചുമത്തി ഫ്രാന്‍സ്. മാധ്യമസ്ഥാപനങ്ങളുമായുള്ള പകര്‍പ്പാവകാശക്കേസുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനം. ഏതെങ്കിലും കമ്പനിക്ക് രാജ്യത്തെ കോംപിറ്റീഷന്‍ അതോറിറ്റി ചുമത്തുന്ന രണ്ടാമത്തെ വലിയ പിഴയാണിത്.

പകര്‍പ്പാവകാശമുള്ള ഉള്ളടക്കങ്ങള്‍ക്ക് പ്രതിഫലം നല്‍കണമെന്നാണ് അതോറിറ്റി നിര്‍ദേശം. അല്ലാത്തപക്ഷം ദിനംപ്രതി 900,000 യൂറോ പിഴയൊടുക്കേണ്ടി വരുമെന്നും ഉത്തരവിലുണ്ട്. പരസ്യവരുമാനമുണ്ടായിട്ടും ലേഖനങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവയ്ക്ക് പ്രതിഫലം കിട്ടിയില്ല എന്നാണ് പ്രസാധകരുടെ പരാതി. എ എഫ് പി അടക്കമുള്ള അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളും റെഗുലേറ്ററി ബോഡിയില്‍ പരാതി നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഫ്രഞ്ച് പത്രങ്ങളുമായും മാഗസിനുകളുമായും ഈ വിഷയത്തില്‍ വ്യക്തിഗത കരാറുകള്‍ ഉണ്ടാക്കിയതായി നവംബറില്‍ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. പ്രാദേശിക മാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് ഗൂഗിളും ഫേസ്ബുക്കും സ്ഥാപനങ്ങള്‍ക്ക് പ്രതിഫലം നല്‍കണമെന്ന ആവശ്യം ഓസ്‌ട്രേലിയയും മുന്നോട്ടുവെച്ചിരുന്നു. നിലവില്‍ ഇന്റര്‍നെറ്റ് വഴിയുള്ള പരസ്യവരുമാനം ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയവ നിശ്ചയിക്കുന്ന സ്ഥിതിയാണുള്ളത്. അതില്‍ മാറ്റം വരണമെന്നാണ് ഓസ്‌ട്രേലിയയുടെയും ആവശ്യം.

മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹകരിക്കാത്ത പക്ഷം സേവനം അവസാനിപ്പിക്കേണ്ടി വരുമെന്നാണ് ഗൂഗിള്‍ അറിയിച്ചത്. ഈ വിഷയത്തില്‍ പ്രസാധകരും ഗൂഗിളും ചര്‍ച്ചകള്‍ നടത്തിവരികയാണ്.