Connect with us

Kerala

മനസ്സ് കൊതിച്ചത് എന്‍ജിനീയറാകാന്‍; നിയോഗം ആയുര്‍വേദ കുലപതിയാക്കി

Published

|

Last Updated

കോട്ടക്കല്‍ | എന്‍ജിനീയറാകാൻ ആഗ്രഹിച്ച് പഠനം നടത്തിയ പി കെ വാര്യര്‍ അമ്മാവന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വൈദ്യപഠനം തിരഞ്ഞെടുത്തത്. ആര്യവൈദ്യശാലക്ക് ഒരു പിന്‍ഗാമി വേണമെന്ന ചിന്തയാണ് വീട്ടുകാരില്‍ ഇങ്ങനെ ഒരു ചിന്തക്ക് പ്രേരകം. പിന്നീട് ഇ എം എസ് നമ്പൂതിരിപ്പാട് ഇടപെട്ടാണ് അദ്ദേഹത്തെ വൈദ്യരംഗത്തേക്ക് തിരിച്ചുവിട്ടത്.

1940ല്‍ കോട്ടക്കല്‍ ആയുര്‍വേദ കോളജില്‍ വൈദ്യപഠനം ആരംഭിച്ച വാര്യര്‍, 1945ലാണ് ആര്യവൈദ്യശാലയുടെ ട്രസ്റ്റ് ബോര്‍ഡ് അംഗമാകുന്നത്. 47മുതല്‍ ഔഷധ നിര്‍മാണ വിഭാഗത്തിലായിരുന്നു പ്രവര്‍ത്തനം. അക്കാലത്ത് തന്നെ ഭരണകാര്യങ്ങളിലും രോഗ പരിശോധന ചികിത്സ എന്നിവയിലും ജ്യേഷ്ഠനെ സഹായിച്ചുപോന്നു. 1954ലാണ് മാനേജിംഗ് ട്രസ്റ്റിയായി ചുമതലയേല്‍ക്കുന്നത്.

99ാം പിറന്നാൾ ദിനത്തിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന പി കെ വാര്യർ

92ല്‍ ആര്യവൈദ്യ ശാലയുടെ ചീഫ് ഫിസിഷ്യനായി. ആറരപതിറ്റാണ്ടിലേറെകാലം ഇദ്ദേഹം വൈദ്യരംഗത്ത് തിളങ്ങി. ഭരണപരമായ കാര്യങ്ങളായിരുന്നു ആദ്യകാലങ്ങലില്‍ കൈകാര്യം ചെയ്തിരുന്നത്. പിന്നീട് ആതുര സേവന രംഗത്തേക്കും ഇറങ്ങി. ഇതോടെ പ്രശസ്ഥരായ നിരവധിപേരെ ചികിത്സിക്കാനായി. ഇന്ത്യന്‍ പ്രസിഡന്റായിരുന്ന വി വി ഗിരി, സിരിമാവോഭണ്ഡാരനായക, രാമ്‌നാഥ് ഗോയാങ്ക, ശെമ്മങ്കുടി ശ്രീനിവാസ നായര്‍ തുടങ്ങി ഒട്ടേറെ പേരുണ്ട് ഈ പട്ടികയില്‍.

സാഹിത്യവും കലകളും പാരമ്പര്യമായി കിട്ടിയ അഭിരുചി ഇദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി സെമിനാറുകളിലും ചര്‍ച്ചകളിലും പങ്കെടുത്തിട്ടുണ്ട്. ഒട്ടേറെ പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. 1999ല്‍ പത്മശ്രീ നല്‍കി രാജ്യ ഇദ്ദേഹത്തെ ആദരിച്ചു. 2010ല്‍ പത്മഭൂഷണും രാജ്യം ഇദ്ദേഹത്തിന് നല്‍കുകയുണ്ടായി.