Connect with us

Kerala

കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യത്തിന്റെ വ്യക്തി മുദ്ര

Published

|

Last Updated

കോട്ടക്കല്‍ | അലോപ്പതി ചികിത്സ പോലെ തന്നെ ലോകത്ത് ഏറെ പ്രചാരണത്തിലുള്ള ചികിത്സ രീതിയാണ് ആയുര്‍വേദം. ഈ പാരമ്പര്യ ചികിത്സാ രീതിയെ ലോകം ഓര്‍ക്കുമ്പോള്‍ ആദ്യം മുന്നില്‍ വരുന്ന പേരുകളിലൊന്നാണ് പി കെ വാര്യരുടേത്. സാമുഹിക പ്രതിബദ്ധതയില്‍, സോഷ്യലിസ്റ്റ് കാഴ്ചപ്പാടോടെ നൂറ് വര്‍ഷത്തെ ചികിത്സാ പാരമ്പര്യം. ആധുനിക പരീക്ഷണങ്ങളും പാരമ്പര്യ രീതികളും സമന്യയിപ്പിച്ച ആയുര്‍വേദ കുലപതി. ആയര്‍വേദത്തിന് ശാസ്ത്രീയ മുഖം നല്‍കിയ പ്രതിഭ എന്നാകും ചരിത്രം വാര്യരെ ഓര്‍ക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ആയുര്‍വേദ ചികിത്സാ കേന്ദ്രമായി കോട്ടക്കലിനെ മാറ്റിയ വാര്യരുടെ പെരുമ ലോകത്ത് അടയാളപ്പെടുത്തിയതാണ്. നിരവധി ലോക നേതാക്കള്‍ അദ്ദേഹത്തന്റെ ചികിത്സാ കൈപുണ്യം അറിഞ്ഞു.
ചിട്ടയായ ജീവിത രീതികളായിരുന്നു ആയുരാരോഗ്യത്തോടെ ഒരു നൂറ്റാണ്ട് ജീവിക്കാന്‍ അദ്ദേഹത്തിന് സഹായകമായത്. ദിവസവും അതിരാവിലെ നാല് മണിക്ക് ഉണരും. പ്രഭാതകര്‍മങ്ങള്‍ക്കു ശേഷം ഏറെ നേരം നീണ്ടുനില്‍ക്കുന്ന പ്രാര്‍ഥന. 7.30-ന് പ്രഭാതഭക്ഷണം, ഒന്നോ രണ്ടോ ഇഡ്ഡലിയോ ദോശയോ. പിന്നെരോഗികളെ കാണാനുള്ള സമയമാണ്.

ഉച്ചക്ക് ഒരു മണിയോടെ അല്‍പം ചോറും പഴുത്ത പഴങ്ങളും ഉണങ്ങിയ പഴങ്ങളും. സാമ്പാറും രസവുമൊന്നും ഉപയോഗിക്കാറില്ല. അല്‍പസമയം വിശ്രമിച്ചതിനു ശേഷം വീണ്ടും ഓഫീസിലേക്ക്. വൈകുന്നേരം കുറച്ച് ചായയോ കാപ്പിയോ. ലഘുഭക്ഷണം കൂടുതലും പഴങ്ങളാവും. ഇളനീര്‍വെള്ളം നന്നായി കുടിക്കും. സന്ധ്യക്ക് കുളിയും പ്രാര്‍ഥനയും കഴിഞ്ഞ് ഏഴരയോടെ രാത്രി ഭക്ഷണം തീര്‍ക്കും. അതുകഴിഞ്ഞാല്‍ പക്ഷിമൃഗാദികള്‍പോലും ഭക്ഷണം കഴിക്കാറില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഗോതമ്പിന്റെ ഭക്ഷണമാണ് കൂടുതലിഷ്ടം. വലിയമ്മാവന്‍ പി എസ് വാര്യര്‍ക്കും ഇതുതന്നെയായിരുന്നു ശീലം.

വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക എന്നതാണ് രീതി. ഇതിനിടയില്‍ പത്രം വായിക്കാനും ടി വി ണാനും കുറച്ചു സമയം. തല കുളിക്കുന്നത് ആഴ്ചയില്‍ രണ്ടു പ്രാവശ്യം മാത്രം. രാത്രി ഒമ്പതരയോടെ കിടക്കാന്‍ പോകും. അതിനു മുമ്പ് അല്‍പം അഗസ്ത്യരസായനം കഴിക്കും. ഇതായിരുന്നു ജീവിത രീതി.

Latest