Connect with us

Ongoing News

മനം നിറഞ്ഞ് പുഞ്ചിരിക്കാം മിംഹാറിലൂടെ...

Published

|

Last Updated

32 വർഷങ്ങൾക്ക് ശേഷമാണ് ജമീല (പേര് യാഥാർഥ്യമല്ല) ഭർതൃഗൃഹത്തിന്റെ പടിവാതിൽക്കൽ വീണ്ടുമെത്തുന്നത്. മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തിയിരുന്ന ഭർത്താവിൽ നിന്നും തല്ലും കുത്തും പീഡനവുമേറ്റ് ഇറങ്ങിപ്പോയതായിരുന്നു അവൾ. വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രിയതമന്റെ കരങ്ങളിൽ കൈകോർക്കുമ്പോൾ മറുകൈ കൊണ്ട് കണ്ണീർ തുടക്കുകയാണ് ഈ കണ്ണൂർ സ്വദേശിനി. പിണക്കം മാറിവന്നതല്ല, കുടുംബം തകർന്നതിന്റെ വേദനയിൽ മദ്യത്തോട് വിടപറഞ്ഞ ശേഷം ഭർത്താവ് വിളിച്ചപ്പോൾ വീണ്ടും ഒന്നിച്ചതാണ്. ചികിത്സാ കേന്ദ്രത്തിൽ നിന്നും ലഭിച്ച ആത്മവിശ്വാസവും കരുതലും പുതിയ ജീവിതത്തിലേക്കുള്ള വാതിൽ അദ്ദേഹത്തിന് മുമ്പിൽ തുറക്കുകയായിരുന്നു.

*************

മലപ്പുറം ജില്ലയിലെ കഞ്ചാവ് വിതരണക്കാരനാണ് രാഹുൽ (പേര് യാഥാർഥ്യമല്ല). ദിവസവും ഇയാളുടെ കഞ്ചാവ് പൊതിക്ക് വേണ്ടി കാത്തിരിക്കുന്നവരിൽ പ്രായഭേദമന്യേ നിരവധി പേരുണ്ട്. കാറിൽ കഞ്ചാവ് വിതരണം നടത്തുന്നതിനിടെ ഒരു ദിവസം പോലീസ് കൈകാണിച്ചു. പരിഭ്രാന്തനായ ഈ നാൽപ്പതുകാരന് തോന്നിയ “ഐഡിയ” ഉള്ളം പിടക്കുന്നതായിരുന്നു. വാഹനത്തിലുണ്ടായിരുന്ന സ്വന്തം കുട്ടിയുടെ കൈയിൽ ബ്ലൈഡ് കൊണ്ട് വരിഞ്ഞു. രക്തം വാർന്നൊഴുകി വാവിട്ടുകരയുന്ന കുഞ്ഞിനെ കാണിച്ച് ഇയാൾ പോലീസിനോട് പറഞ്ഞു. “എമർജൻസി കേസാണ്, ദയവ് ചെയ്ത് പോകാൻ അനുവദിക്കണം”. അലിവ് തോന്നിയ പോലീസുകാരൻ ഇദ്ദേഹത്തിന്റെ കുതന്ത്രമറിയാതെ വാഹനം പരിശോധിക്കാതെ വിടുകയും ചെയ്തു. ഇതേതുടർന്ന് ഭാര്യ വഴക്ക് പറയുകയും പ്രശ്‌നം രൂക്ഷമാകുകയുമുണ്ടായി. സ്വന്തം കുഞ്ഞിനെ വരെ മുറിവേൽപ്പിക്കുന്ന അവസ്ഥയിലേക്ക് തന്റെ കഞ്ചാവ് വിൽപ്പന എത്തിയല്ലോ എന്ന മനോവിഷമം കാരണം പിന്നീട് മലപ്പുറത്തെ മിംഹാറിൽ ഇയാൾ ചികിത്സ തേടി എത്തുകയായിരുന്നു.

*************
ആറ് മാസം മുമ്പാണ് തൃശൂർ ജില്ലക്കാരനായ 34കാരൻ ഇതേ മദ്യമുക്ത ചികിത്സാ കേന്ദ്രത്തിലെത്തിയത്. ഭാര്യയെ സുഹൃത്തുക്കൾക്കും മറ്റും കാഴ്ചവെച്ചാണ് ഇയാൾ ലഹരി നുണയാൻ പണം കണ്ടെത്തിയിരുന്നത്. പീഡനം സഹിക്കവയ്യാതെ പൊറുതിമുട്ടിയ ഭാര്യ ഇത് ശക്തമായി എതിർത്തു. ഇതേതുടർന്ന് ഭാര്യക്ക് മയക്കുമരുന്ന് നൽകിയായിരുന്നു പിന്നീട് ഇയാളുടെ “പെൺവാണിഭം”. അറസ്റ്റിലായ ഇയാൾ കുറ്റബോധത്താലും പോലീസുകാരുടെ നിർദേശപ്രകാരവുമാണ് മിംഹാറിലെത്തിയത്.

*************
19 വയസ്സാണ് ജഅ്ഫറിന് പ്രായം. ജോലിയും വരുമാനവുമൊന്നുമില്ലെങ്കിലും ഈ കുറഞ്ഞ പ്രായത്തിനുള്ളിൽ അവന്റെ നാവിൽ അലിഞ്ഞത് പതിനായിരങ്ങളുടെ ലഹരിയാണ്. സ്വദേശത്തും വിദേശത്തും നിർമിക്കുന്ന മുഴുവൻ ലഹരിയും അവന്റെ പോക്കറ്റിലെത്തും. വിധവയായ ഉമ്മക്ക് രഹസ്യകാമുകന്മാരുണ്ടായതിനാൽ എല്ലാം അവന് സുലഭമായി ലഭിച്ചിരുന്നു. മാംസക്കൊതിയന്മാർ വീട്ടിലെത്തുമ്പോൾ കാശ് കൊടുത്ത് ഉമ്മ അവനെ വലിയ ഹോട്ടലുകളിലേക്ക് പറഞ്ഞുവിടും. കൂട്ടുകാരോടൊപ്പം അടിച്ചുപൊളിക്കും. പിന്നീട് ഉമ്മയുടെ കാമുകന്മാർ സിഗരറ്റ് കൊടുക്കാൻ തുടങ്ങി. ക്രമേണ കഞ്ചാവും മയക്കുമരുന്നുകളുമായി അവൻ കൗമാരം ആസ്വദിച്ചു. എപ്പോഴോ ഉദിച്ച നല്ല ചിന്തയാകാം അവസാനം അവൻ മിംഹാറിന്റെ പടികൾ കയറി. ചികിത്സാനന്തരം ലഹരിയിൽ നിന്നെല്ലാം മുക്തനായി വീട്ടിലെത്തിയെങ്കിലും ഉമ്മയുടെ മോശം പ്രവൃത്തികൾക്ക് കൂട്ടുനിൽക്കാത്തതിനാൽ വീട്ടിൽ നിന്നും പുറത്താകേണ്ടിവന്നു. ഇന്നവൻ കൂട്ടുകാരോടൊപ്പം ക്വാർട്ടേഴ്‌സിൽ താമസിച്ചുവരുന്നു.
ഈ സംഭവങ്ങളൊന്നും സാങ്കൽപ്പിക കഥകളല്ല. കുറ്റബോധത്താൽ മനസ്സ് പിടയ്ക്കുന്ന അനുഭവ സാക്ഷ്യങ്ങളാണ്. മിംഹാറിലെ അനുഭവങ്ങളും പാഠങ്ങളും നിരവധിയുണ്ട്. സഹോദരിയുടെ 35 പവൻ വിറ്റ് കൂട്ടുകാരോടൊത്ത് ലഹരിക്ക് പണം കണ്ടെത്തിയവർ, ഒരു മാസം ഒരു ലക്ഷത്തിലധികം രൂപ ലഹരിക്കായി മാറ്റിവെച്ചവർ, ഭാര്യയും മക്കളും തെരുവിലാക്കിയവർ, കുടുംബത്തിലും നാട്ടിലും ഒറ്റപ്പെട്ടവർ, യുവത്വവും പഠനകാലവും ലഹരിയിൽ മുങ്ങിയവർ, ജീവനൊടുക്കാൻ തീരുമാനിച്ചവർ, നിത്യമദ്യപാനികൾ, ലഹരി ഉപയോഗിക്കാൻ സമ്മതിക്കാത്തതിൽ അരിശം പൂണ്ട് പിതാവിന്റെ മരുന്നുഷാപ്പിന് തീയിട്ടവർ തുടങ്ങി നിരവധി പേർക്കാണ് മഅ്ദിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് അൻഡ് റീഹാബിലിറ്റേഷൻ (മിംഹാർ) പുതുജീവിതം നൽകുന്നത്. ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് സ്നേഹവും കരുതലും നൽകി പുതിയ മനുഷ്യരാക്കി മാറ്റിയെടുക്കുകയാണ് ഈ കേന്ദ്രം.


ഏത് മദ്യപാനിക്കും മയക്കുമരുന്നിന് അടിമപ്പെട്ടവർക്കും അതിൽ നിന്ന് മുക്തിനേടാൻ മിംഹാറിലെ ചികിത്സാ രീതി ഫലപ്രദമാണെന്ന് തെളിയിക്കുന്നതാണ് ഇവിടുത്തെ അനുഭവങ്ങളും കണക്കുകളും. കുറഞ്ഞ കാലയളവിനുള്ളിൽ മൂവായിരത്തിലധികം പേരാണ് ഇവിടെ നിന്നും ചികിത്സ കഴിഞ്ഞ് പോയത്. ഇവരിൽ ഭൂരിഭാഗവും ഇന്നും ലഹരിമുക്തരായി തന്നെ തുടരുന്നുവെന്നത് ഇതര ഡീ അഡിക്്ഷൻ സെന്ററുകളിൽ നിന്നും മിംഹാറിനെ വ്യത്യസ്തമാക്കുന്നു. ചികിത്സ തേടിവരുന്നവരും കുടുംബങ്ങളും നിറപുഞ്ചിരിയോടെയാണ് ഇവിടെ നിന്നും മടങ്ങിപ്പോകുന്നത്.

കൺസൽട്ടന്റ് ന്യൂറോ സൈക്യാട്രിസ്റ്റ് ഡോ. ഫവാസ്, ഡോ. മുഹമ്മദ് ആശിഖ്, ഡോ. അബ്ദുൽ സുഫിയാൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരായ ഫാത്വിമ റിനി, എം ഐ ഖലീൽ, സൈക്യാട്രിക് സോഷ്യൽ വർകർ ശുഐബ് ഖാൻ, സൈക്കോളജിസ്റ്റ് ശഹന എന്നിവരുടെ നേതൃത്വത്തിൽ കൗൺസലർമാർ, സോഷ്യൽ വർകേഴ്സ്, മതപണ്ഡിതർ തുടങ്ങിയ ശക്തമായ ടീമാണ് ഇതിനുവേണ്ടി പ്രവർത്തിക്കുന്നത്. പോലീസ്, ചൈൽഡ് ലൈൻ, എക്സൈസ് വിഭാഗത്തിന്റെ നിർദേശപ്രകാരവും ഇവിടേക്ക് മദ്യാസക്തിയുള്ളവർ ചികിത്സക്കെത്തുന്നുണ്ട്. ലോക്ക്ഡൗൺ കാലം മദ്യഷാപ്പുകൾ അടച്ചതിനെ തുടർന്ന് ആത്മഹത്യയുടെ വക്കിലെത്തിയ മദ്യപർക്ക് ശാസ്ത്രീയ ചികിത്സ നൽകാൻ ആരോഗ്യ വകുപ്പ് തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലൊന്ന് മിംഹാർ ആയിരുന്നു.

സൈക്യാട്രിക് ആശുപത്രിയിലേക്കുള്ള ചുവടുവെപ്പ്

മദ്യപാനം പൂർണമായും ചികിത്സിച്ചുമാറ്റാൻ കഴിയുമെന്ന മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ ദൃഢനിശ്ചയത്തിൽ നിന്നാണ് മിംഹാറിന്റെ പിറവി. മദ്യപിച്ച് വാഹനമോടിച്ച് അപകടത്തിൽപ്പെടുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ഒരു മദ്യമുക്ത ചികിത്സാ കേന്ദ്രം അനിവാര്യമാണെന്ന ഈ ചിന്ത ഉടലെടുക്കുന്നത്. 2012ൽ ഡി-അഡിക്്ഷൻ കേന്ദ്രമായി ആരംഭിച്ച സ്ഥാപനം ഇന്ന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാനസികാരോഗ്യ കേന്ദ്രമായും പ്രവർത്തിക്കുന്നു.
മെഡിക്കേഷനോട് കൂടെ സൈക്കോളജി എന്ന ചികിത്സാ രീതിയാണ് ഇവിടെ അവലംബിക്കുന്നത്. ലോകത്തെ ചികിത്സാ രീതികളിൽ ഏറ്റവും മികച്ച ബയോ സൈക്കോ സോഷ്യൽ മാർഗമാണ് മറ്റു ചികിത്സാ കേന്ദ്രങ്ങളിൽ നിന്നും മിംഹാറിനെ വേറിട്ടുനിർത്തുന്നത്. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ കാര്യങ്ങൾ പരിശോധിക്കുന്ന രീതിയാണിത്. രോഗിയെ അറിഞ്ഞുകൊണ്ടുള്ള ഇത്തരം രീതികൾ കൂടുതൽ ഫലമുണ്ടാക്കുന്നുവെന്നതാണ് അനുഭവം. 25 ദിവസത്തെ ചികിത്സക്ക് ശേഷം സംതൃപ്ത ജീവിതം ചിട്ടപ്പെടുത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് ഓരോരുത്തരും പടികളിറങ്ങുന്നത്. പിന്നീട് ഓരോ ആഴ്ചയും കൃത്യമായ പിന്തുടരലിലൂടെ അവരെ നിരീക്ഷിക്കും. ഇത് രണ്ട് വർഷം വരെ തുടരുകയും ഇതിനിടയിൽ മാസത്തിൽ ഒരു ദിനം ഒത്തുകൂടുകയും ചെയ്യും. മദ്യത്തിൽ നിന്ന് മുക്തിനേടണമെങ്കിൽ ആത്മീയ ചുറ്റുപാടുകളെക്കൂടി സ്വീകരിക്കണമെന്ന ഡബ്ല്യൂ എച്ച് ഒയുടെ പഠനവും മിംഹാറിൽ പ്രാവർത്തികമാക്കുന്നു. ഖലീൽ ബുഖാരി തങ്ങൾ നൽകുന്ന ആത്മധൈര്യവും ഉപദേശവും ഇവരുടെ പ്രതീക്ഷകൾക്ക് കൂടുതൽ ശക്തിപകരുകയും ചെയ്യുന്നു.
വിഷാദരോഗം, സ്‌കിസോഫ്രീനിയ, അൽഷിമേഴ്‌സ്, ബൈപോളാർ, ആംഗ്സൈറ്റി ഡിസോർഡർ തുടങ്ങി മാരകമായ മാനസിക രോഗങ്ങൾക്കും വിദഗ്ധ ചികിത്സയുണ്ടിവിടെ. കുട്ടികൾക്കുണ്ടാകുന്ന സ്വഭാവ-പഠന വൈകല്യങ്ങൾ, ഫാമിലി കൗൺസലിംഗ്, പ്രായമായവരിലെ മാനസിക പ്രശ്നങ്ങൾ എന്നിവക്കും ചികിത്സ നൽകുന്നു.

ജീവിതം വിറ്റ് ലഹരി വാങ്ങുന്നവർ

18 മുതൽ 40 വയസ്സ് വരെയുള്ളവരാണ് ലഹരിക്കടിമപ്പെടുന്നവരിൽ കൂടുതലും. സ്‌കൂൾ കുട്ടികളുടെ ബാഗും കീശയും കഞ്ചാവ് മണക്കുന്നിടത്ത് കാര്യങ്ങളെത്തിയിരിക്കുന്നു. കോളജ് വിദ്യാർഥികൾ മാരക ലഹരിവസ്തുക്കളുടെ ഏജന്റുമാരായി മാറുന്നു. ക്രിസ്റ്റ്യൽ രൂപത്തിലുള്ള മോഡേൺ ലഹരികൾ നൽകി പുതിയ കണ്ണികളെ ചേർക്കുകയാണ് അവർ. മദ്യത്തേക്കാൾ കഞ്ചാവിനോടും പാർട്ടി ഡ്രഗുകളോടുമാണ് പുതുതലമുറക്ക് താത്പര്യമെന്ന് മിംഹാർ മാനേജിംഗ് ഡയറക്ടർ ശബീറലി അദനി സാക്ഷ്യപ്പെടുത്തുന്നു. മദ്യപിച്ചാലുണ്ടാകുന്ന അക്രമസ്വഭാവങ്ങളും ബാഹ്യമായ അടയാളങ്ങളും പാർട്ടി ഡ്രഗുകളിലില്ലെന്നതാണ് ഇതിന് ഒരു കാരണം. മോശം സാഹചര്യങ്ങളിൽപ്പെട്ട് ലഹരി ഉപയോഗിച്ച് തുടങ്ങുന്നവരാണ് അധികവും. പിന്നീട് ഉപയോഗം നിയന്ത്രിക്കാനാകാതെ ജീവിതം മടുത്തുതുടങ്ങും. സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട് മാനസിക രോഗിയായി മാറുന്നതാകും ഫലം.

ശരീരത്തിലടങ്ങിയ വിഷാംശങ്ങൾ പുറന്തള്ളാനുള്ള മരുന്നുകൾ ലഭ്യമാണെങ്കിലും ലഹരി പൂർണമായും നിർത്തലാക്കാനുള്ള മരുന്ന് കണ്ടെത്തിയിട്ടില്ല. മാനസികമായി പാകപ്പെട്ട് ശാസ്ത്രീയ രീതികളിലൂടെ മാറ്റിയെടുക്കുന്ന മാർഗമാണ് നിലവിലുള്ളത്. എത്ര പേരിൽ ഇത് പൂർണമായും വിജയിക്കുമെന്നും പറയാനാകില്ല. ഒരു ലഹരി പദാർഥവും രുചി നോക്കാതെ ഈ കെണിയിലകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ് ഏറ്റവും നല്ല മാർഗമെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.