Connect with us

Ongoing News

ആരോഗ്യപ്രവർത്തകർക്കെതിരെ വർധിക്കുന്ന ആക്രമണങ്ങൾ തടയാൻ ജനകീയ പ്രതിരോധം ഉയരണം

Published

|

Last Updated

കൊവിഡ് രോഗികളുടെ പരിചരണത്തിനായി അക്ഷരാർഥത്തിൽ ജീവൻ ബലിയർപ്പിച്ച് കഴിഞ്ഞ ഒന്നര വർഷക്കാലമായി കഠിനമായി അധ്വാനിച്ച് വരുന്ന ആരോഗ്യപ്രവർത്തകർക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങൾ തടയാൻ വലിയ ജനകീയ പ്രതിരോധം ഉയർന്ന് വരേണ്ടിയിരിക്കുന്നു. വീടും കുടുംബവും ഉപേക്ഷിച്ച് നിരവധി പ്രതികൂല സാഹചര്യങ്ങളെ നേരിട്ടുകൊണ്ടാണ് ആരോഗ്യപ്രവർത്തകർ കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വരുന്നത്.

ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചിട്ടുള്ളതിന് പുറമേ കഴിഞ്ഞ വർഷം 736ഉം ഈ വർഷം രണ്ടാം തരംഗത്തിൽ 594 ഉം ഡോക്ടർമാരുമാണ് രാജ്യത്ത് മരണമടഞ്ഞിട്ടുള്ളത്. കേരളത്തിൽ 19 ഡോക്ടർമാരുടെ ജീവൻ ഇതിനകം നഷ്ടപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ബ്ലാക്ക് ഫങ്കസ് ബാധിച്ചും ഒരു ഡോക്ടർ അന്തരിച്ചു. നഴ് സുമാർ തുടങ്ങി മറ്റാരോഗ്യ പ്രവർത്തകരുടെ മരണസംഖ്യ പോലും ലഭ്യമല്ല. വാക്സിനേഷൻ രണ്ട് ഡോസും സ്വീകരിച്ച് കഴിഞ്ഞ നിരവധി ആരോഗ്യപ്രവർത്തകർ കൊവിഡ് രോഗികളുമായി അടുത്തിടപെടേണ്ടിവരുന്നതിനാൽ ബ്രേക്ക് ത്രൂ ഇൻഫക്ഷനും വിധേയരാവേണ്ടിവരുന്നുണ്ട്.

കേരളത്തിൽ അഞ്ച് ജില്ലകളിലായി ഏഴ് തവണയാണ് ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർ ആക്രമണത്തിനും അധിക്ഷേപത്തിനും ഇരയാവേണ്ടിവന്നത്. ആശുപത്രി സംരക്ഷണ നിയമം നിലവിലുണ്ടെങ്കിലും എഫ് ഐ ആർ 24 മണിക്കൂറിനകം രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥകൂടി നിയമത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ആക്രമകാരികൾക്കെതിരെ കാലവിളംബം കൂടാതെ നടപടികൾ സ്വീകരിക്കാൻ ഇതാവശ്യമാണ്. കൊവിഡ് ചികിത്സാലയങ്ങളെ പ്രത്യേക സംരക്ഷണ മേഖലയായി പ്രഖ്യാപിക്കാനുള്ള നടപടികളും സ്വീകരിക്കേണ്ടതാണ്.

സർക്കാർ സംവിധാനങ്ങൾ ഉണർന്ന് ജാഗ്രതയോടെ പ്രവർത്തിക്കുന്നതിന് പുറമേ കൊവിഡ് പ്രതിരോധത്തിനായി അക്ഷീണം പ്രവർത്തിച്ച് വരുന്ന ആരോഗ്യ പ്രവർത്തകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് അവരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കാൻ സംഘടിത പ്രസ്ഥാനങ്ങളും പൊതുസമൂഹവും മുന്നോട്ട് വരേണ്ടതാണ്.
---- facebook comment plugin here -----

Latest