Connect with us

Travelogue

ചരിത്രശേഷിപ്പുകളുടെ പട്ടുപാത

Published

|

Last Updated

ഡൽഹിയിലെ പകൽച്ചൂടിൽ ഉസ്‌ബെക്കിസ്ഥാൻ എംബസ്സിയുടെ ഗെയ്റ്റിന് വെളിയിലുള്ള ബൊഗേൻ വില്ലയുടെ തണൽ പറ്റി ഇരുത്തം തുടങ്ങിയിട്ട് രണ്ട് മണിക്കൂറിലധികമായി. ബൊഗേൻ വില്ല എപ്പോഴും ഗൃഹാതുര ഓർമകൾ സമ്മാനിക്കുന്ന ചെടിയാണ്. കുട്ടിക്കാലത്ത് വീടിന്റെ ഉമ്മറത്തും തൊടിയിലും അതുപോലെ സ്‌കൂൾ കോമ്പൗണ്ടിലും സമൃദ്ധമായി വളർന്ന ചെടിയായതിനാലാകാം. പിന്നീടെപ്പോഴോ ഈ ചെടിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. നല്ല വേനലിൽ പോലും സമൃദ്ധമായി പൂവിടുന്ന ഈ വിശ്വമോഹിനിയുടെ അരികിൽ നിൽക്കുമ്പോൾ മടുപ്പിനെ മാറ്റുന്ന ഒരു പ്രത്യേക ഊർജം ലഭിക്കുന്നുണ്ടായിരുന്നു. ഇടക്കിടക്ക് സുഹൃത്ത് എംബസ്സിയുടെ ഉള്ളിൽ പോയി വരുന്നു, എനിക്ക് മനസ്സിലാകാത്ത കാര്യങ്ങൾ പലതും പറയുന്നു. പ്രിന്റ് എടുക്കുന്നു, ഫോട്ടോ സ്റ്റാറ്റ് എടുക്കുന്നു. തിരിച്ചു പോകുന്നു. മടങ്ങിവരുന്നു. എംബസിക്കുള്ളിൽ അധിക നേരം നിൽക്കാൻ ടൂറിസം ഓപ്പറേറ്ററായ അവന് പോലും അനുവാദമില്ല. എന്റെ കുത്തിയിരുപ്പ് തുടർന്ന് കൊണ്ടേയിരുന്നു.

2018 ലെ മാർച്ച് 13ന്റെ അതിരാവിലെയുള്ള വിമാനത്തിൽ കൊച്ചിയിൽ നിന്നും ഡൽഹിയിൽ എത്തിയതാണ്. ഡൽഹി എയർപോർട്ടിന് സമീപത്ത് തന്നെയുള്ള മഹിപാൽപൂർ ജംഗ്ഷനിൽ ഒരു ബഡ്ജറ്റ് ഹോട്ടലിൽ റൂമെടുത്ത് ഫ്രഷായി. മാർച്ച് 14ന് പാതിരാത്രിക്ക് ഞങ്ങൾ 16 അംഗ സംഘത്തിന് ഉസ്‌ബെക്കിസ്ഥാനിലേക്ക് പോകേണ്ടതുണ്ട്. ട്രാവൽ മാനേജർ എന്ന നിലക്ക് എനിക്കൊരുപാട് ഉത്തരവാദിത്വങ്ങളുണ്ട്. ആദ്യ പടി വിസ ശരിയാക്കുക എന്നത് തന്നെയാണല്ലോ. എല്ലാം ശരിയായി വന്നതായിരുന്നു. അപ്പോഴാണ് എംബസിക്ക് വീണ്ടും ചില ശരിയാക്കലുകൾ കൂടുതൽ വേണ്ടിവന്നത്. അതിനാലാണ് നേരത്തെ കാലത്ത് ഞാൻ ഡൽഹിയിൽ എത്തിച്ചേർന്നത്. അന്നൊരു ദിവസം എംബസ്സി വർക്ക് ടൈം കഴിയുന്നതുവരെ ചെലവഴിച്ചു. ഫലം നാസ്തി. വിസ ലഭിച്ചില്ല.
14ന് രാവിലെ നമ്മുടെ യാത്രയിൽ അനുഗമിക്കേണ്ട സുഹൃത്ത് ദുബൈയിൽ നിന്നും ഡൽഹിയിൽ എത്തിച്ചേർന്നു. അദ്ദേഹത്തിന്റെ പാസ്‌പോർട്ട് നിർബന്ധമായും എംബസിയിൽ ഹാജറാക്കണമെന്ന് കോൺസുലാർ ആവശ്യപ്പെട്ടതിനാലാണ് വലിയ തുക മുടക്കി ഡൽഹിയിലേക്ക് വരേണ്ടി വന്നത്. പാസ്പോർട്ട് എംബസ്സിയിൽ എത്തിച്ചതിനു ശേഷം, അദ്ദേഹത്തിന് ദൽഹി കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ആ ഒരു പകലിൽ ഡൽഹിയിൽ കാണാൻ കഴിയുന്ന കാഴ്ചകളിലൂടെ യാത്ര പോയി. സമയം എത്ര കുറവാണെങ്കിലും ഡൽഹിയിലെ ഹുമയൂൺ ടോംബിലൂടെയും ജുമാ മസ്ജിദിലൂടെയും ഖുതുബ് മിനാറിലൂടെയും യാത്രപോയി. ഒരു പക്ഷെ അദ്ദേഹത്തേക്കാൾ ഈ നിർമിതികൾ കാണാൻ താത്പര്യം കൂടുതൽ എനിക്ക് തന്നെയാകണം. ഹുമയൂൺ ടോംബ് എന്നെ സംബന്ധിച്ചിടത്തോളം വല്ലാത്തൊരു ഹൃദൃതയുള്ള നിർമിതിയാണ്. ഉച്ചയാകുമ്പോഴേക്ക് സുഹൃത്ത് ഫോൺ ചെയ്തു “വിസ എല്ലാവരുടെയും റെഡി ആയിട്ടുണ്ട്. ഇനി ടെൻഷൻ വേണ്ടതില്ലെന്ന്”. അൽഹംദുലില്ല. സന്തോഷാധിക്യത്താൽ നിസാമുദ്ദീൻ ദർഗയിൽ പോയി അൽപ്പ നേരം കർണാനന്ദകരമായ ഖവാലിയും കേട്ടിരുന്നു.
അന്ന് വൈകീട്ടോടെ യാത്രാ സംഘങ്ങളൊക്കെ ഡൽഹിയിൽ എത്തിച്ചേർന്നു. മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, അറിയപ്പെടുന്ന വ്യവസായി ചാലിയം അബ്ദുൽ കരീം ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിൽ പതിനാറ് പേരടങ്ങുന്നതാണ് യാത്രാ സംഘം.

*****

ഭീമാകാരമായ ശബ്ദത്തോടെ വിമാനം ലാൻഡ് ചെയ്തപ്പോഴാണ് ഉറക്കത്തിൽ നിന്നും ഉണരുന്നത്. ലക്ഷ്യസ്ഥാനമെത്തിയിരിക്കണം. ഡൽഹിയിൽ നിന്നും ഉസ്‌ബെക്കിസ്ഥാന്റെ തലസ്ഥാന നഗരിയായ താഷ്‌കെന്റിലെ ഇസ്്ലാം കരീമോവ് അന്താരാഷ്ട്ര എയർപോർട്ടിലേക്ക് മൂന്ന് മണിക്കൂറിൽ ചുരുങ്ങിയ യാത്രയെ ഉണ്ടായിരുന്നുള്ളൂ. വലിയ വിമാനമാണെങ്കിലും സീറ്റുകൾ മിക്കതും കാലിയായിരുന്നു. ഇന്ത്യക്കാരായി ഞങ്ങൾ മാത്രമേയുള്ളൂ. ബാക്കിയുള്ള യാത്രികരൊക്കെ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ചികിത്സക്കും മറ്റു ആവശ്യങ്ങൾക്കും വേണ്ടി വന്നുമടങ്ങുന്നവരാണ്. ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു സംഘത്തോടൊപ്പം യാത്ര ചെയ്യാനുള്ള അവസരമൊരുങ്ങുന്നത്.
പണ്ഡിതരും വ്യവസായികളും ഡോക്ടർമാരും സ്ഥിര സഞ്ചാരികളുമടങ്ങുന്ന ഒരു പ്രത്യേക ഗ്രൂപ്പാണിത്. ഒരുപാട് വിഭിന്നമായ അനുഭവങ്ങൾ സ്വായത്തമാക്കാനും അറിവുകൾ സമ്പാദിക്കാനും ഇത്തരത്തിലുള്ള യാത്രകൾ നന്നായി ഉപകാരപ്പെടും. ഇസ്‌ലാമിലെ യാത്രാ സങ്കൽപ്പം വളരെ മഹത്തരമാണ്. തനിച്ചുള്ള യാത്ര മതം പ്രോത്സാഹിപ്പിക്കുന്നില്ല. സംഘം ചേർന്നുള്ള യാത്രകൾ അത് തന്നെ പല പ്രായക്കാരാകാനും പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്. സമാനപ്രായക്കാരാകുമ്പോൾ തെറ്റ് ചെയ്യുന്നതിൽ ഒരു മനസ്സ് രൂപാന്തരപ്പെടും. അതിനാലാണ് സമാനപ്രായത്തിലുള്ള യാത്രാ സംഘത്തിനു പ്രേരണ നൽകാതിരിക്കുന്നത്.

യാത്രകളിൽ പാലിക്കേണ്ട പ്രോട്ടോകോളുകൾ നിർദേശിക്കുന്ന ഗ്രന്ഥങ്ങൾ മാത്രമുണ്ടത്രേ!. സൂഫി ഗുരു സുഹ്‌റവർദിയുടെ “അവാരിഫുൽ മആരിഫ്” പോലുള്ള ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒരു പഠിതാവ്, സത്യാന്വേഷകൻ അവന്റെ യാത്രകളെയും സഞ്ചാരങ്ങളെയും എങ്ങനെ ക്രമീകരിക്കണമെന്നും ആരുടെ കൂടെ പോകണമെന്നും എപ്പോൾ പോകണമെന്നും അത്തരത്തിലുള്ള ദേശാടനങ്ങൾക്ക് വേണ്ടിയുള്ള പ്രചോദനങ്ങൾ നൽകുന്ന ഒരുപാട് ഖണ്ഡികകൾ തന്നെ തയ്യാറാക്കപ്പെട്ടിട്ടുണ്ട്.
ഉസ്‌ബെക്കിസ്ഥാൻ എന്ന നാമം പൗരാണിക പട്ടു പാതയും ( സിൽക്ക് റൂട്ട്) , ഇസ്്ലാമിക ചൈതന്യം നിലനിർത്തിയ ഇമാം ബുഖാരിയുടെയും ഇമാം തിർമിദിയുടെയും ഓർമകളും ലോകത്ത് ഇന്നും സ്വീകാര്യമായ സമർഖന്ദിലേയും ബുഖാറയിലെയും ചിത്രവേല പണികളും (സുസാനി), പളുങ്കിലും പിഞ്ഞാണത്തിലുമുണ്ടാക്കുന്ന വൈവിധ്യമാർന്ന കര കൗശല വസ്തുക്കളുടെ ചിത്രങ്ങളുമാണ് ഓർമയിൽ കൊണ്ടുവരുന്നത്.

Latest