Connect with us

Articles

കൊവിഡ് കേരളം: പിഴച്ചതെവിടെ?

Published

|

Last Updated

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് വൈറസ് ബാധിതരായ മനുഷ്യരുള്ള രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. ഒന്നാം തരംഗ കാലത്ത് അമേരിക്ക ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രകടമായതിലും ഭീകരമായിരിക്കുകയാണ് ഇന്ത്യയുടെ അവസ്ഥ. 138 കോടിയോളം ജനസംഖ്യയുള്ള രാജ്യത്ത് പകര്‍ച്ചവ്യാധിയുടെ സാധ്യത ഏറെയാണ്. 40 ശതമാനത്തോളം ജനങ്ങള്‍ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലൂടെ വേണം നിലവിലെ രോഗാവസ്ഥയുടെ പ്രതിരോധ വഴികളെ കുറിച്ച് ചിന്തിക്കേണ്ടത്. വിവേചനപരമായ നിലപാട് സ്വീകരിക്കുന്ന മോദി ഭരണകാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് വ്യക്തികള്‍ തന്നെയാണ്. അതിന് ആവശ്യമായ രോഗപ്രതിരോധ ബോധത്തിലേക്ക് ജനങ്ങളെ സജ്ജരാക്കാന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ഏതൊക്കെ വഴിയില്‍ എങ്ങനെയൊക്കെ പ്രവര്‍ത്തിച്ചു എന്നതാണ് രണ്ടാം തരംഗ കാലത്തെ രോഗവ്യാപനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നത്. നിലവില്‍ രോഗവ്യാപനം ശക്തമായ ഡല്‍ഹി, യു പി, ഗുജറാത്ത്, മധ്യപ്രദേശ്, കേരളം, കര്‍ണാടക, ബിഹാര്‍, രാജസ്ഥാന്‍, ഒഡീഷ, ഹരിയാന, പഞ്ചാബ്, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ വ്യത്യസ്ത തീയതികളായി ലോക്ക്ഡൗണില്‍ ആണ്. ഈ സംസ്ഥാനങ്ങളില്‍ ഒന്നാം തരംഗത്തിനു ശേഷമുള്ള ഇടവേളകളില്‍ ഏതൊക്കെ തരത്തിലാണ് വ്യക്തി ജീവിതവും സാമൂഹിക ഇടപെടലും നടന്നത് എന്ന് ഇനിയെങ്കിലും പരിശോധിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണം.

ഒന്നാം തരംഗത്തിലും തുടര്‍ന്നുണ്ടായ അടച്ചിടല്‍ രീതിയിലും എന്താണ് കൊവിഡ് പകര്‍ച്ചയുടെ പൊതു രീതി എന്ന് ഏറെക്കുറെ സമൂഹത്തിന് മനസ്സിലായതാണ്. എന്നിട്ടും കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ സ്വയം പ്രതിരോധ മാര്‍ഗമായി മാറാന്‍ എന്തുകൊണ്ട് നമുക്ക് കഴിഞ്ഞില്ല? ഈ ചോദ്യത്തിന്റെ യുക്തിയില്‍ രണ്ട് പ്രധാനപ്പെട്ട ഘടകങ്ങളെ വേര്‍തിരിച്ച് കാണേണ്ടതുണ്ട്. ഒന്ന് പകര്‍ച്ചവ്യാധിയെ കുറിച്ച് വ്യക്തികള്‍ക്കുള്ള അറിവാണ്. മറ്റൊന്ന് രോഗം പകരാന്‍ സാധ്യതയുണ്ട് എന്ന അറിവിലും പൊതു സമ്പര്‍ക്കം ഒഴിച്ചുകൂടാന്‍ പറ്റാത്ത മനുഷ്യരുടെ സാമൂഹികാവസ്ഥകളാണ്. ഇതില്‍ ആദ്യത്തേത് വ്യക്തികളുടെ ഇതുവരെയുള്ള സാമൂഹിക ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നതാണ്. രണ്ടാമത്തേത് രാഷ്ട്രീയ നിര്‍മിതമായ സാമൂഹികാവസ്ഥയുടെ ഫലമാണ്. ഇതില്‍ ഒന്നാം തരംഗത്തിലെ അപകടകരമായ വൈറസ് വ്യാപനത്തെ കടുത്ത നിയന്ത്രണത്തിലൂടെ മറികടന്നതോടെ കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങള്‍ പകര്‍ച്ച വ്യാധിയുടെ പ്രതിരോധ വഴിയിലെ അടിസ്ഥാന തത്വങ്ങളായ മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവയെ പാടെ മാറ്റി നിര്‍ത്തി (ചെറിയ രീതിയില്‍ കേരളത്തിലും കാണാന്‍ കഴിഞ്ഞു). രാജ്യ തലസ്ഥാനത്തെ ജനങ്ങള്‍ കൊവിഡ് പൂര്‍വകാല ജീവിതത്തില്‍ എന്ന പോലെ പൊതു ഇടങ്ങളില്‍ ഇടപഴകുന്നത് സാമൂഹിക മാധ്യമങ്ങള്‍ വഴി ലോകം മുഴുവന്‍ കണ്ടു. ഇത് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് നല്‍കിയത് നൂറ് ശതമാനം തെറ്റായ സന്ദേശമാണ്. അപ്പോഴും അത്തരം സാമൂഹികമായ ഇടപെടല്‍ തെറ്റാണെന്ന് പറഞ്ഞ് അതിനെ പ്രതിരോധിച്ചതിന്റെ റിസല്‍ട്ടാണ് ഇപ്പോള്‍ മഹാമാരി നിയന്ത്രിതമായ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന സമാധാനത്തിന് കാരണം.
കൊവിഡ് പ്രതിരോധ വഴിയില്‍ ലോകത്തിന് മാതൃകയായ കേരളം എന്തുകൊണ്ടാണ് രണ്ടാം തരംഗത്തില്‍ ആടിയുലയുന്നത് എന്ന് ഗൗരവത്തില്‍ പരിശോധിക്കണം. പ്രത്യേകിച്ചും മൂന്നാം തരംഗത്തിന്റെ സാധ്യത വ്യക്തമാക്കപ്പെട്ട സാഹചര്യത്തില്‍. ഒന്നാം ഘട്ടത്തില്‍ ശാസ്ത്രീയമായ സാമൂഹിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും താഴെ തട്ടുവരെ എത്തിക്കാന്‍ കേരളത്തിന് കഴിഞ്ഞു. ഗ്രാമങ്ങളിലെ ഇടവഴികളില്‍ പോലും പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൈകഴുകാന്‍ സൗകര്യം ഒരുക്കി. വ്യക്തികളുടെയും കുടുംബത്തിന്റെയും ദൈനംദിന ജീവിതാവശ്യങ്ങളെ സര്‍ക്കാര്‍ നിറവേറ്റി. അതേ രീതിയില്‍ സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട മനുഷ്യര്‍ ഒറ്റക്കും കൂട്ടമായും സര്‍ക്കാറിനെ സഹായിച്ചു. അങ്ങനെ ജനാധിപത്യ സമൂഹത്തിലെ ഏറ്റവും മാതൃകാപരമായ ഇടപെടലിന് കൊവിഡിന്റെ ഒന്നാം ഘട്ടത്തില്‍ കേരളം സാക്ഷ്യം വഹിച്ചു. എന്നിട്ടും ഇന്ത്യയിലെ മാതൃകാ സംസ്ഥാനം എന്തുകൊണ്ട് ഇപ്പോള്‍ മഹാമാരിയുടെ മുമ്പില്‍ വിറങ്ങലിച്ച് നില്‍ക്കുന്നു?

ഈ സമയത്ത് ഇത്തരം അന്വേഷണം അപ്രസക്തമാണ് എന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. എന്നാല്‍ ഒരു ഭാഗത്ത് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ മറുഭാഗത്ത് ഇത്തരം അന്വേഷണം അനിവാര്യമാണ്. കാരണം മരുന്നില്ലാത്ത രോഗത്തിന് മനുഷ്യന്റെ സ്വയം നിയന്ത്രണം മരുന്നായി മാറുമ്പോള്‍ വ്യക്തികള്‍ സ്വയം തിരിച്ചറിയേണ്ട വിഷയങ്ങള്‍ ഏറെയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എന്താണ് കൊവിഡിന്റെ വ്യാപനത്തിലേക്ക് നയിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അറിവാണ്. അത് എല്ലാ മലയാളികള്‍ക്കും അറിയാം. ആ അറിവ് വ്യത്യസ്ത വഴിയിലൂടെ ഓരോ മലയാളിയും ഇപ്പോഴും വിനിമയം ചെയ്യുന്നുണ്ട്. പക്ഷേ, ഒരു വ്യക്തി എന്ന നിലയില്‍ അത്തരം അറിവിന്റെ രീതി സ്വന്തം ജീവിതത്തില്‍ പാലിക്കുന്നുണ്ടോ എന്ന് നോക്കാന്‍ നമുക്ക് കഴിഞ്ഞില്ല. ലോക്ക്ഡൗണ്‍ കഴിഞ്ഞ്, വ്യാപനതോത് ഏറ്റവും കുറഞ്ഞുവന്ന കാലം. വിദേശത്ത് നിന്ന് എത്തിയവരെ രോഗവാഹകരായി മുദ്രകുത്തി മാറ്റിയപ്പോഴും സ്വയം പാലിക്കേണ്ട നിയന്ത്രണങ്ങള്‍ മലയാളി മറന്നു. അധികൃതരുടെ കണ്ണ് വെട്ടിച്ച് കല്യാണം പഴയ രീതിയിലായി. രണ്ട് മൂന്ന് മാസത്തെ ഒറ്റപ്പെടല്‍ ഉണ്ടാക്കിയ കടുത്ത മാനസിക പിരിമുറുക്കത്തില്‍ നിന്ന് മോചനം നേടാന്‍ പൊതു ഇടങ്ങള്‍ പഴയതു പോലെയായി. പതുക്കെ പതുക്കെ വീടിന്റെ അകത്തളം ആഘോഷങ്ങളിലേക്ക് മടങ്ങി വരാന്‍ തുടങ്ങി. ഒരര്‍ഥത്തില്‍ അതേ വഴിയുണ്ടായിരുന്നുള്ളൂ. എന്നാല്‍ അത്തരം സമയങ്ങളില്‍ പാലിക്കേണ്ട കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പട്ടു. അപ്പോഴും ലോകത്ത് പലയിടത്തും കൊവിഡ് മഹാമാരി ശക്തമായി പെയ്യുന്നത് നാം അറിയുന്നുണ്ടായിരുന്നു. അപ്പോഴും ഈ മഹാമാരി കാലത്ത് എങ്ങനെയായിരിക്കണം ഒരു വ്യക്തി ജീവിക്കേണ്ടത് എന്ന അറിവില്‍ മലയാളി പൂര്‍ണമായും പരാജയപ്പെട്ടു എന്ന് എഴുതി വെക്കുകയാണ് രണ്ടാം ലോക്ക്ഡൗണ്‍ കാലം.

ഈ പരാജയത്തിലേക്ക് നയിച്ചതിനെ ന്യായീകരിക്കുന്ന പ്രധാന സാമൂഹിക സാഹചര്യം വ്യക്തികളുടെ അതിജീവനം തന്നെയാണ്. തൊഴില്‍ ബന്ധിതമായ സാമൂഹിക സമ്പര്‍ക്കം പ്രധാനമായിരുന്നു. അത്തരം ഇടങ്ങളില്‍ പോലും വ്യക്തി എന്ന രീതിയില്‍ നാം എത്രമാത്രം സ്വയം നിയന്ത്രണം പാലിച്ചു എന്ന് ഈ രണ്ടാം ലോക്ക്ഡൗണ്‍ കാലത്ത് ആലോചിച്ച് നോക്കണം. കൊവിഡ് കാലത്ത് ആവശ്യങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിയാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണ്? രോഗ പ്രതിരോധ ശേഷിയുള്ളവര്‍ പുറത്ത് പോയി വീട്ടില്‍ തിരിച്ചെത്തുന്നത് രോഗവാഹകരായിട്ടായിരിക്കാം. പ്രായമായവര്‍ക്ക് താന്‍ കാരണം രോഗം പടരാനുള്ള സാധ്യത എന്തുകൊണ്ട് വ്യക്തികള്‍ കാണാതെ പോയി. നിലവില്‍ കൂടുതല്‍ വ്യാപനം കുടുംബങ്ങളില്‍ നിന്നാണ് എന്ന കണക്ക് പുറത്ത് വരുമ്പോഴാണ് കൊവിഡ് കാലത്തെ വ്യക്തി സവിശേഷമായ സാമൂഹികാവസ്ഥയെ പൂര്‍ണമായും മനസ്സിലാക്കി ജീവിക്കണം എന്ന തത്വം പ്രസക്തമാകുന്നത്.
എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും അതിനെ നിസ്സാരമായി കാണുമ്പോള്‍ സമൂഹത്തിന്റെ പ്രതികരണം പ്രതിഷേധാത്മകമായിരിക്കും. അതാണ് രണ്ട് തിരഞ്ഞെടുപ്പ് കാലം തെളിയിച്ചത്. തദ്ദേശീയ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കാലത്ത് ചെറിയ രീതിയിലുള്ള ജാഗ്രത കാണാമായിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പൂര്‍ണാര്‍ഥത്തില്‍ അത് തകിടം മറിഞ്ഞു. അതുവരെ കേരളം നിര്‍മിച്ചെടുത്ത പ്രതിരോധ മാര്‍ഗങ്ങളും അതിന്റെ അതിശയിപ്പിക്കുന്ന റിസല്‍ട്ടും ബോധപൂര്‍വം റദ്ദ് ചെയ്യുന്ന രീതിയിലേക്ക് അധികാരികള്‍ തന്നെ പ്രവര്‍ത്തിച്ചു. നേരത്തേ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജനപ്രതിനിധികളും മന്ത്രിമാരും മഹാറാലികളിലൂടെ വ്യക്തികള്‍ക്ക് നല്‍കിയ സന്ദേശം എന്താണ്? അതുവരെ വ്യക്തികള്‍ കരുതിവെച്ച നിയന്ത്രണങ്ങളിലേക്ക് ഉത്തരവാദിത്വബോധമുള്ളവര്‍ സ്വതന്ത്രമായി കയറിയിറങ്ങി. പ്രധാനമന്ത്രി വരെ മഹാറാലികളില്‍ ജനസമൂഹത്തെ ഒന്നിച്ചു നിര്‍ത്തി രാഷ്ട്രീയബലം കാണിച്ചു കൊടുത്തു. ആവേശത്തിലാണ്ട ജനങ്ങള്‍ കൊവിഡിനെ മറന്നു. അതേസമയം കൊവിഡ് തനിക്ക് മുമ്പില്‍ തുറന്നുവെച്ച വഴികളിലൂടെ അതിവേഗം സഞ്ചാരം തുടങ്ങി. വ്യക്തിയും സമൂഹവും കൊവിഡ് മാനദണ്ഡങ്ങളെ പൂര്‍ണമായും മാറ്റിനിര്‍ത്തിയതോടെ ജീവിതശൈലീ രോഗബാധിതര്‍ തളര്‍ന്നുവീണതാണ് നാം കണ്ടത്!

ഇപ്പോള്‍ നമ്മള്‍ വീണ്ടും ലോക്ക്ഡൗണിലേക്ക് മാറിയിരിക്കുന്നു. എല്ലാം നിശ്ചയിക്കുന്നതും പാലിക്കുന്നതും ഒരേ മനുഷ്യര്‍ തന്നെ. അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയര്‍ന്നു വരാം. തിരഞ്ഞെടുപ്പ് വേണ്ടേ? എത്ര കാലമാണ് മനുഷ്യര്‍ സാമൂഹിക നിയന്ത്രണത്തിലൂടെ മുന്നോട്ടു പോകുക? അതിന് ഒറ്റ ഉത്തരമേ ഉള്ളൂ. ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ നിലവിലുള്ള ഏക പ്രതിരോധം വ്യക്തിയാല്‍ നിയന്ത്രിതമാണ്. എന്നാല്‍ സമൂഹത്തില്‍ വ്യത്യസ്തരായ മനുഷ്യരാണ് ജീവിക്കുന്നത്. അവരെ ജനാധിപത്യപരമായ ജീവിതാവസ്ഥയിലേക്ക് നയിക്കേണ്ടത് ഭരണകൂട രീതിയാണ്. അതിനെ നിയന്ത്രിക്കുന്നവര്‍ക്ക് തെറ്റുപറ്റാന്‍ പാടില്ല. പറ്റിയാല്‍ നാം ആഘോഷിക്കുന്ന എത്ര വലിയ പ്രബുദ്ധതക്കും പരുക്ക് പറ്റും എന്നതിന്റെ എക്കാലത്തെയും തെളിവാണ് ഇന്നത്തെ കൊവിഡ് കേരളം.

Latest