Connect with us

Articles

ബദ്ർ: ആത്മീയ ഔന്നത്യത്തിന്റെ വിജയം

Published

|

Last Updated

ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണായക ചരിത്ര സംഭവമാണ് ബദ്ർ. ചന്ദ്രവര്‍ഷം രണ്ടിന് (എ ഡി 624) റമസാന്‍ പതിനേഴിനായിരുന്നു ബദ്‌റില്‍ പോരാട്ടം അരങ്ങേറിയത്. അക്രമികളായ ഖുറൈശി ഗോത്രത്തിന്റെ മര്‍ദനമുറകളില്‍ നിന്ന് മുഹമ്മദ് നബി(സ)ക്കും അനുയായികള്‍ക്കും മോചനം ലഭിച്ച ദിവസമായിരുന്നു അത്. മുസ്‌ലിം നാഗരികതയുടെ വികാസത്തില്‍ ഏറ്റവും സവിശേഷമായ സുദിനമായാണ് ബദ്‌റിനെ പണ്ഡിതന്മാര്‍ പരിഗണിക്കുന്നത്.
സായുധസജ്ജരായ ആയിരം പടയാളികളാണ് ഖുറൈശി പക്ഷത്ത് അണിനിരന്നത്. മറുഭാഗത്ത് നാമമാത്രമായ ആയുധങ്ങളുമായി 313 പേരും. പക്ഷേ, വിജയം പീഡിതര്‍ക്കൊപ്പമായിരുന്നു. വിശ്വാസത്തിന്റെ ഉള്‍ക്കരുത്തു കൊണ്ട് ഏത് വന്‍ശക്തിയെയും അതിജയിക്കാനാകുമെന്ന സന്ദേശമാണ് ബദ്ർ വിളംബരം ചെയ്യുന്നത്. നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അധര്‍മവും അനീതിയും കടലാസു പുലികള്‍ മാത്രമായി മാറും.
ദൃഢവിശ്വാസം, ഭയഭക്തി, പ്രവാചകസ്നേഹം, പ്രാര്‍ഥന, സന്നദ്ധത, അനുസരണ, നേതൃപാടവം, സംഘശക്തി, സഹിഷ്ണുത തുടങ്ങി മാനവിക സമൂഹത്തിന് ഉണ്ടാകേണ്ട എല്ലാതരം സവിശേഷതകളുടെയും അനുപമ മാതൃകകളാല്‍ സമ്പന്നമാണ് ബദ്‌റിന്റെ ചരിത്രം. ഉദാത്തമായ അത്തരം മൂല്യങ്ങളാണ് ബദ്ർ വിഭാവനം ചെയ്യുന്നത്. പ്രസ്തുത യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് ആത്മീയ മാര്‍ഗങ്ങള്‍ അവലംബിച്ച് വെല്ലുവിളികളെ സാധ്യതകളാക്കി മാറ്റാനുള്ള ഊര്‍ജമാണ് ഓരോ വിശ്വാസിയും ഈ ബദ്ർ ദിനത്തില്‍ ആര്‍ജിക്കേണ്ടത്.

പ്രാര്‍ഥനാനിരതമായിരുന്നു പോരാട്ട നാളില്‍ തിരുനബി(സ)യുടെ അധരങ്ങളും ഹൃദയാന്തരവും. ഇരു സൈന്യങ്ങളും മുഖാമുഖം നില്‍ക്കുകയാണ്. പ്രവാചകര്‍ ചുറ്റും നിരീക്ഷണവിധേയമാക്കി. സഹയാത്രികര്‍ 313. ശത്രുവ്യൂഹം ആയിരവും. ഇരുകരങ്ങളുമുയര്‍ത്തി അവിടുന്ന് കണ്ഠമിടറി പ്രാര്‍ഥിച്ചു: നാഥാ, ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതെല്ലാം നീ പ്രദാനം ചെയ്യണേ. ശത്രുതേരോട്ടത്തില്‍ ഈ സംഘം പരാജിതരായാല്‍ ഭൂമുഖത്ത് നിന്നെ ആരാധിക്കുന്നവരുണ്ടാകില്ല. പ്രാര്‍ഥന ഏറെ നേരം നീണ്ടു. റസൂലിന്റെ മേല്‍തട്ടം താഴെ വീണു. അബൂബക്കര്‍ അത് യഥാസ്ഥാനത്ത് വെച്ചശേഷം ഇങ്ങനെ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എന്താണിത്? അങ്ങ് പ്രാര്‍ഥന അവസാനിപ്പിക്കണം. അല്ലാഹു അങ്ങേക്ക് ഒരു വാഗ്ദത്തം നല്‍കിയിട്ടുണ്ടെങ്കില്‍ അത് പൂര്‍ത്തീകരിക്കാതിരിക്കില്ല (സ്വഹീഹ് മുസ്‌ലിം).

അലി(റ)പറയുന്നു: ബദ്‌റില്‍ യുദ്ധം ശക്തിയാര്‍ജിക്കവെ ഞാന്‍ തിരുസന്നിധിയിലെത്തി. അവിടുത്തെ അവസ്ഥ അറിയുകയായിരുന്നു ലക്ഷ്യം. അപ്പോള്‍ സാഷ്ടാംഗം ചെയ്ത് യാഹയ്യു യാ ഖയ്യൂം എന്ന ദിക്‌റ് ഉരുവിടുകയായിരുന്നു നബി(സ). രണ്ട് തവണ ഞാന്‍ അപ്രകാരം ആവര്‍ത്തിച്ചു. അതേ കാഴ്ച തന്നെയാണ് ആ സമയങ്ങളിലും കാണാന്‍ സാധിച്ചത്. മുസ്‌ലിംകള്‍ക്ക് വിജയഭേരി മുഴക്കാനായതും മറ്റൊന്നു കൊണ്ടല്ല (സീറതുന്നബി). നിരാശാവേളകളില്‍ പതറാതെ പ്രപഞ്ചനാഥനോട് മനമുരുകി പ്രാര്‍ഥിച്ചാല്‍ അവന്‍ സ്വീകരിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണീ സംഭവങ്ങള്‍.

ബദ്‌റില്‍ സ്വഹാബികളുടെ ചലനങ്ങളും ആത്മീയ പ്രഭാപൂരിതമായിരുന്നു. തിരുചര്യകള്‍ പിന്തുടര്‍ന്ന് ഹൃദയം സ്ഫുടം ചെയ്‌തെടുത്ത് അവര്‍ ഓരോരുത്തരും സത്യത്തിന്റെ വിജയത്തിനായി പരിശ്രമിച്ചു. ബദ്‌റിന്റേതെന്ന പോലെ ബദ്‌രീങ്ങളുടെ ജീവചരിത്രങ്ങളും അനുകരണീയമാകുന്നത് അതുകൊണ്ടാണ്. “നിങ്ങള്‍ എങ്ങനെയാണിന്ന് നേരം പുലര്‍ന്നത്”, ഹാരിസ് (റ)നോട് തിരുനബി(സ)യുടെ അന്വേഷണം. “സ്രഷ്ടാവിനെ വിശ്വസിക്കുന്നവനായി” ഇപ്രകാരമായിരുന്നു പ്രതികരണം. ഉടന്‍ നബി(സ) പറഞ്ഞു: സൂക്ഷിച്ച് സംസാരിക്കണം. ഏതൊരു കാര്യത്തിനും അതിന്റേതായ യാഥാര്‍ഥ്യമുണ്ട്”. “നബിയേ, എന്റെ മനസ്സ് ഐഹികവിരക്തി നേടിയിട്ടുണ്ട്. അതിനാല്‍ ഞാന്‍ രാത്രി മുഴുവന്‍ ആരാധനയിലും പകല്‍ വ്രതാനുഷ്ഠാനത്തിലുമായിരുന്നു”. കായികശേഷി മാത്രമല്ല, ആത്മീയ ഔന്നത്യമായിരുന്നു ബദ്‌രീങ്ങളുടെ കൈമുതലെന്ന് ചുരുക്കം. അല്ലാഹുവിനോട് അടുത്താല്‍ തിരികെ ലഭിക്കാനുള്ളത് ഇരുലോക വിജയമാണെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു.

നേതൃത്വത്തിന്റെ കല്‍പ്പനകള്‍ സര്‍വാത്മനാ അംഗീകരിക്കാന്‍ ബദ്‌രീങ്ങള്‍ പ്രകടിപ്പിച്ച ആവേശം തുല്യതകളില്ലാത്തതാണ്. പക്വതയുള്ള നേതൃത്വവും അനുസരണയുള്ള അണികളും ഒരു സമുദായത്തിന്റെ ശാക്തീകരണത്തിന് അനിവാര്യമാണ്. ബദ്‌റും ബദ്‌രീങ്ങളും ഇക്കാര്യത്തില്‍ സര്‍വര്‍ക്കും ഗുണപാഠമാണ്. “അങ്ങ് സമുദ്രത്തിലിറങ്ങിയാല്‍ പോലും ഞങ്ങളില്‍ ഒരാളും പിന്മാറാതെ കൂടെയുണ്ടാകും. ഇടത്തും വലത്തും മുന്നിലും പിന്നിലും ഞങ്ങളുണ്ടാകും. ഞങ്ങളിലൂടെ അല്ലാഹു അവിടുത്തേക്ക് കണ്‍കുളിര്‍മ നല്‍കും”. സങ്കീര്‍ണ സാഹചര്യത്തില്‍ ഒരു നേതാവിന് അണികളില്‍ നിന്ന് ലഭിക്കുന്ന ഇങ്ങനെയുള്ള മറുപടി എത്ര വലിയ പ്രചോദനമാണ് നല്‍കുക എന്ന് വിശദീകരിക്കേണ്ടതില്ല. അത്രയും മഹത്തായ സപ്പോര്‍ട്ടാണ് ബദ്‌രീങ്ങളില്‍ നിന്ന് നബി(സ)ക്ക് ലഭിച്ചത്.

തീര്‍ത്തും സഹിഷ്ണുതാപരമായിരുന്നു ബദ്‌റില്‍ മുസ്‌ലിംകളുടെ ഇടപെടലുകള്‍. ശത്രുക്കളിലെ എഴുപത് പേരാണ് തടവുകാരായി പിടിക്കപ്പെട്ടത്. “നിങ്ങള്‍ തടവുകാരോട് നന്മ പ്രവര്‍ത്തിക്കുക”. അവരെ കുറിച്ച് നബി(സ) അനുയായികള്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കി. അബൂഅസീസുബ്‌നു ഉമൈര്‍ പറയുന്നു: അന്‍സ്വാരികളായ ഒരു സംഘമാണ് എന്നെ തടവുകാരനായി പിടിച്ചിരുന്നത്. അങ്ങനെയിരിക്കെ അവര്‍ക്ക് പ്രഭാതഭക്ഷണം എത്തി. റൊട്ടിയും കാരക്കയുമായിരുന്നു വിഭവങ്ങള്‍. അതില്‍ റൊട്ടിയെടുത്ത് എനിക്ക് നല്‍കി എന്നെ അവര്‍ പ്രത്യേകം പരിഗണിക്കുകയും കാരക്ക അവര്‍ കഴിക്കുകയും ചെയ്തു. അത്താഴ സമയത്തും അവര്‍ ഇതേ പ്രകാരമാണ് പ്രവര്‍ത്തിച്ചിരുന്നത്”.
ബദ്‌രീങ്ങള്‍ മുഖേന വലിയ അനുഗ്രഹമാണ് അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കിയിട്ടുള്ളത്. ബദ്‌റില്‍ ലഭിച്ച മഹത്തായ അനുഗ്രഹത്തെ സദാ ഓര്‍ക്കണമെന്ന് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു കല്‍പ്പിക്കുന്നുണ്ട്. “നിങ്ങള്‍ ഭൂമിയില്‍ ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന കുറച്ച് പേര്‍ മാത്രമായിരുന്ന സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുക. ജനങ്ങള്‍ നിങ്ങളെ റാഞ്ചിയെടുത്ത് കളയുമെന്ന് നിങ്ങള്‍ ഭയപ്പെട്ടിരുന്നു. എന്നിട്ട് അവന്‍ നിങ്ങള്‍ക്ക് ആശ്രയം നല്‍കുകയും അവന്റെ സഹായം കൊണ്ട് നിങ്ങള്‍ക്ക് പിന്‍ബലം നല്‍കുകയും വിശിഷ്ട വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി”(8:26). ഖുര്‍ആനിക ആഹ്വാനം ഉള്‍ക്കൊണ്ട് മഹാന്മാരായ ബദ് രീങ്ങളെ അനുസ്മരിക്കുക പൂര്‍വീകരുടെ പതിവായിരുന്നു.

മഹാന്മാരായ ബദ്‌രീങ്ങളോട് സഹായാഭ്യര്‍ഥന നടത്തി ലക്ഷ്യ പൂര്‍ത്തീകരണം കരഗതമാക്കിയ നിരവധി ചരിത്ര സംഭവങ്ങള്‍ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയതായി കാണാം. അസ്മാഉല്‍ ബദ്ർ പാരായണം ചെയ്ത് പ്രാര്‍ഥന നിര്‍വഹിച്ചാല്‍ ഉദ്ദേശ്യ പൂര്‍ത്തീകരണം ഉറപ്പാണെന്ന ഇമാം ദാറാനി (റ) യുടെ അഭിപ്രായം ഏറെ പ്രസക്തമാണ്. നിരവധി ഔലിയാക്കള്‍ക്ക് വിലായത്തിന്റെ പദവി ലഭിക്കാനും അസ്മാഉല്‍ ബദ്ർ കാരണമായിട്ടുണ്ട്. ജഅ്ഫറുബ്‌നു അബ്ദില്ല(റ)ല്‍ നിന്ന് നിവേദനം: സ്വഹാബികളെ സ്‌നേഹിക്കാനും പ്രതിസന്ധിഘട്ടങ്ങളില്‍ ബദ്‌രീങ്ങളെ തവസ്സുലാക്കി പ്രാര്‍ഥിക്കാനും എന്നോട് എന്റെ പിതാവ് വസ്വിയ്യത്ത് ചെയ്തു. മകനേ, അവരുടെ നാമങ്ങള്‍ ചൊല്ലി അല്ലാഹുവിനോട് പ്രാര്‍ഥിച്ചാല്‍ തീര്‍ച്ചയായും ഉത്തരം ലഭിക്കും. അവരെ സ്മരിക്കുന്നവരെ അല്ലാഹു കാരുണ്യം കൊണ്ടും പാപമോചനം കൊണ്ടും ബറകത്ത് കൊണ്ടും അനുഗ്രഹിക്കും.

ആവശ്യപൂര്‍ത്തീകരണത്തിന് വേണ്ടി ദിവസവും അസ്മാഉല്‍ ബദ്ർ ചൊല്ലുന്നത് ഏറെ ഫലപ്രദമാണ്. പ്രധാന ആവശ്യങ്ങള്‍ കരഗതമാകാന്‍ ബദ്‌രീങ്ങളുടെ പേരിന്റെ കൂടെ റളിയല്ലാഹു എന്നു കൂടി ചേര്‍ത്തു പറയേണ്ടതാണ്(ശറഹു സ്വദര്‍).
രോഗശമനത്തിനും ശത്രുശല്യങ്ങളില്‍ നിന്ന് മോചനം ലഭിക്കാനും അസ്മാഉല്‍ ബദ്ർ പാരായണം ചെയ്യലും അവരെ മധ്യവര്‍ത്തികളാക്കി ദുആ ചെയ്യലും ഉപകരിക്കും. “രോഗികളുടെ ശിരസ്സില്‍ കൈവെച്ച് ഞാന്‍ അസ്മാഉല്‍ ബദ്ർ ചൊല്ലിയപ്പോഴെല്ലാം അവര്‍ക്ക് ശമനം ലഭിച്ചിട്ടുണ്ട്, മരണാസന്നര്‍ക്ക് പോലും അതുമുഖേന ആശ്വാസമായിട്ടുണ്ട്” എന്ന് പല ജ്ഞാനികളും അനുഭവം പങ്കുവെച്ചതിനെ കുറിച്ച് നിരവധി മഹാന്മാർ അവരുടെ ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബദ്‌രീങ്ങളുടെ ധീരസ്മരണകള്‍ അനുസ്മരിക്കുന്ന ഈ സുദിനത്തില്‍ അവരുടെ മഹത്വങ്ങള്‍ അനുസ്മരിച്ച് മാതൃകകള്‍ പിന്‍പറ്റാനും അവരിലേക്ക് കൂടുതല്‍ അടുക്കാന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഓരോ വിശ്വാസിയും ശ്രദ്ധിക്കേണ്ടതുണ്ട്.

---- facebook comment plugin here -----

Latest