Connect with us

Kerala

ഭാവിയിലെ വെല്ലുവിളി; ആശുപത്രികളിൽ വേണം ഓക്‌സിജൻ ജനറേറ്റർ

Published

|

Last Updated

കോഴിക്കോട് | ഭാവിയിൽ ആരോഗ്യരംഗത്ത് ഉണ്ടായേക്കാവുന്ന പ്രതിസന്ധികൾ മുന്നിൽക്കണ്ട് കേരളത്തിലെ എല്ലാ മെഡിക്കൽ കോളജുകളിലും ജില്ലാ, താലൂക്ക് ആശുപത്രികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഓക്‌സിജൻ ജനറേറ്ററുകൾ സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു.

അന്തരീക്ഷത്തിൽ നിന്ന് നേരിട്ട് ഓക്‌സിജൻ നിർമിക്കാനുള്ള സംവിധാനമാണ് ഓക്‌സിജൻ ജനറേറ്റർ. കേരളത്തിൽ ഒരു ശതമാനം വൻകിട ആശുപത്രികളിൽ പോലും ഈ സംവിധാനം ഇല്ല. കേരളത്തിലെ മൂന്ന് കോടി ജനങ്ങളിൽ ഒരു ലക്ഷം പേർക്കെങ്കിലും ഓക്‌സിജൻ ആവശ്യമുള്ള ശ്വാസതടസ്സം അനുഭവപ്പെടുന്ന സാഹചര്യം ഉണ്ടായാൽ ഇന്ന് ലഭ്യമായ ഒരു സംവിധാനംകൊണ്ടും പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
എല്ലാ ആശുപത്രികളും ബെഡ്ഡിൽ പൈപ്പ് ലൈൻ വഴി ഓക്‌സിജൻ എത്തുന്ന തരത്തിൽ ഓക്‌സിജൻ ജനറേറ്ററുകൾ സ്ഥാപിക്കുക എന്നതാണ് ഇതിന് പരിഹാരമായി നിർദേശിക്കപ്പെടുന്നത്. വലിയ പ്രതിസന്ധി ഉണ്ടായാൽ സിലിൻഡറുകളിൽ ഓക്‌സിജൻ എല്ലായിടത്തും എത്തിക്കൽ അസാധ്യമാകും. നിലവിൽ കേരളം ഓക്‌സിജൻ ഉത്്പാദനത്തിൽ കൈവരിച്ച നേട്ടം പ്രതീക്ഷ നൽകുന്നതാണെങ്കിലും നടപടികൾ അവിടം കൊണ്ട് അവസാനിപ്പിക്കരുതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്. രോഗികളുടെ എണ്ണം പെരുകി ഓക്‌സിജന്റെ ആവശ്യകത വർധിച്ചാൽ കേരളത്തിലെ ഓക്‌സിജൻ നിർമാണ പ്ലാന്റുകൾക്ക് ഈ ആവശ്യം നിവർത്തിക്കാൻ ആവില്ലെന്നാണ് ആശങ്ക.

രോഗികളുടെ സുരക്ഷയും പരിചരണത്തിലെ ഗുണമേന്മയും മുൻനിർത്തി ആശുപത്രികൾക്ക് നൽകുന്ന നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ് (എൻ എ ബി എച്ച്) അക്രഡിറ്റേഷൻ ലഭിച്ച കേരളത്തിലെ ആശുപത്രികളിൽ പോലും നിലവിൽ സെൻട്രലൈസ്ഡ് ഓക്‌സിജൻ സംവിധാനമോ അല്ലെങ്കിൽ മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സംവിധാനമോ (എം ജി പി എസ്) മാത്രമാണുള്ളത്. ഇത്തരം ആശുപത്രികളിലെങ്കിലും ഓക്‌സിജൻ ജനറേറ്റർ ഇല്ലാത്തത് ഭാവിയിൽ വലിയ വെല്ലുവിളി ആയേക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സിലിൻഡർ കിടക്കക്കരികിൽ വെച്ച് ഓക്‌സിജൻ നൽകുന്ന രീതി രോഗികളിൽ കടുത്ത മാനസിക സമ്മർദം സൃഷ്ടിക്കുന്നതാണ്. ഇതിനെല്ലാം പരിഹാരമാകുന്നതാണ് ഓക്‌സിജൻ ജനറേറ്ററും കേന്ദ്രീകൃത വിതരണ സംവിധാനവും.

കേരളത്തിൽ സർക്കാർ- സ്വകാര്യ മേഖലയിലുള്ള 30 ആശുപത്രികളിലേ കേന്ദ്രീകൃത ഓക്‌സിജൻ പ്ലാന്റ്ഉള്ളൂ. ബാക്കിയുള്ളിടത്ത് രോഗികളുടെ കിടക്കക്ക് അരികിൽ സിലിൻഡർ സ്ഥാപിച്ചാണ് ഓക്‌സിജൻ നൽകുന്നത്.
കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 204 മെട്രിക് ടൺ ഓക്‌സിജൻ പ്രതിദിനം ഉത്്പാദിപ്പിക്കുന്നുണ്ട്. നാല് ഉത്്പാദന കമ്പനികൾക്കും അന്തരീക്ഷ വായുവിൽനിന്ന് ഓക്‌സിജൻ വേർതിരിച്ചെടുക്കുന്ന 11 എയർ സെപറേഷൻ യൂനിറ്റും (എ എസ് യു) ഇതിനായുണ്ട്. 23 ഓക്‌സിജൻ ഫില്ലിംഗ് സ്റ്റേഷനുകളും സജ്ജമാണ്. മുഖ്യമന്ത്രിയുടെ നൂറ് ദിന പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിൽ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ എം എം എൽ) ഓക്‌സിജൻ പ്ലാന്റ് സ്ഥാപിച്ചിരുന്നു. ഈ പ്ലാന്റുകളിൽ നിന്നെല്ലാം ഓക്‌സിജൻ സിലിൻഡർ വഴിയാണ് രോഗികൾക്ക് ലഭ്യമാക്കുന്നത്. പ്രധാനപ്പെട്ട ആശുപത്രികളിലെല്ലാം ഓക്‌സിജൻ ജനറേറ്റർ സ്ഥാപിക്കുന്നതോടെ സിലിൻഡറുകൾക്കായുള്ള ഓട്ടം അവസാനിപ്പിക്കാൻ കഴിയും.