Connect with us

National

സരോജ് ആശുപത്രിയിൽ നൂറ് പേരെ രക്ഷിച്ചത് ഇങ്ങനെയാണ്

Published

|

Last Updated

കൊവിഡ് രോഗികളായ ബന്ധുക്കൾക്ക് വേണ്ടി ഓക്‌സിജൻ നിറക്കാൻ സിലിൻഡറുകളുമായി ന്യൂഡൽഹിയിലെ ഫില്ലിംഗ് സ്റ്റേഷനു മുമ്പിൽ കാത്തുനിൽക്കുന്നവർ

ന്യൂഡൽഹി | ഡൽഹിയിലെ സ രോജ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ജീവനക്കാരും മറ്റുള്ളവരും ശനിയാഴ്ച ഉച്ച മുതൽ അക്ഷരാർഥത്തിൽ മുൾമുനയിലായിരുന്നു. ഓക്‌സിജൻ സിലിൻഡറുകൾ മുഴുവൻ കാലിയാണ്. നൂറിലേറെ രോഗികളാണ് പ്രാണവായുവിനായി കേഴുന്നത്. മറ്റ് ആശുപത്രികളുടെ വാതിലിൽ മുട്ടി. സർക്കാറിന് മുന്നിൽ കേണു. എല്ലാവരും നിസ്സഹായർ. പരിഭ്രമിക്കാതിരിക്കൂ വഴിയുണ്ടാകുമെന്ന് രോഗികളുടെ ബന്ധുക്കളോട് ഡോക്ടർമാർ പറയുമ്പോഴും ആർക്കും പരിഭ്രമിക്കാതിരിക്കാനാകുമായിരുന്നില്ല. പിന്നെ പ്രാർഥനയുടെ നിമിഷങ്ങൾ.

വൈകുന്നേരമായപ്പോൾ ആശ്വാസത്തിന്റെ കുളിരായി ആ വാർത്തയെത്തി. ഓക്‌സിജൻ ടാങ്കർ വരുന്നു. പക്ഷേ, കുറച്ചു നിമിഷമേ ആ ആശ്വാസം നീണ്ടുനിന്നുള്ളൂ. ഓക്‌സിജനുമായെത്തിയ ടാങ്കർ സാധാരണയേക്കാൾ വലിപ്പം കൂടിയതായിരുന്നു. ആശുപത്രിയിലെ ഓക്‌സിജൻ ടാങ്ക് സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് വാഹനത്തിന് എത്തിച്ചേരാൻ കഴിയുമായിരുന്നില്ല. ഓക്‌സിജൻ ടാങ്കിലേക്ക് നിറക്കാതെ രോഗികൾക്ക് എങ്ങനെ നൽകാനാകും? പിന്നെയും അനിശ്ചിതാവസ്ഥ. പ്രാണവായു പടിവാതിൽക്കലെത്തിയിട്ടും രോഗികളുടെ ജീവൻ നിലനിർത്തുന്നത് അസാധ്യമായി തീരുമോ എന്ന ആശങ്കയിലായി എല്ലാവരും. ഓക്‌സിജൻ അഭാവത്താൽ ജയ്പൂരിലെ ഗോൾഡൻ ആശുപത്രിയിൽ ഇരുപതോളം രോഗികൾ മരിച്ചതടക്കമുള്ള വാർത്ത മനസ്സിലേക്ക് വന്നു. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായിരുന്നുവെന്ന് ആശുപത്രി എം ഡി പങ്കജ് ചാവ്‌ല പറഞ്ഞു. കുറേ രോഗികളെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചു. 34 പേർക്ക് ഡിസ്ചാർജ് ഷീറ്റ് നൽകി. എന്നാൽ രോഗികളുടെ ബന്ധുക്കൾ പോകാൻ ഒരുക്കമായിരുന്നില്ല. എല്ലായിടത്തും ഇതു തന്നെയാണ് സ്ഥിതിയെന്നായിരുന്നു അവരുടെ മറുപടി.
അവസാനം തീരുമാനിച്ചു; നൂറോളം ജീവനുകളാണ് മുന്നിൽ, വാഹനം എങ്ങനെയും ടാങ്കിനടുത്ത് എത്തിക്കണം.

ആശുപത്രിയുടെ ഭിത്തി പൊളിക്കുക തന്നെ. കിട്ടാവുന്ന ഉപകരണങ്ങൾ കൊണ്ട് പൊളിക്കൽ ആരംഭിച്ചു. പക്ഷേ ഭിത്തി പൊളിക്കുന്നതിന് സമയമെടുക്കും. ടാങ്കറിന് മറ്റൊരാശുപത്രിയിൽ ഓക്‌സിജനെത്തിക്കണം. ഭിത്തി പൊളിച്ചു കഴിയുമ്പോഴേക്കും വാഹനം എത്തിച്ചേരുമെന്ന് അധികൃതരുടെ അറിയിപ്പെത്തി. കൊണ്ടു വന്ന ഓക്‌സിജനുമായി വാഹനം മടങ്ങി. ടാങ്കർ മടങ്ങിയെത്തുമെന്നോ അതു വരെ 100 ജീവനുകൾ പിടിച്ചു നിർത്താനാവുമെന്നോ പ്രതീക്ഷിക്കാൻ ആർക്കും കെൽപ്പുണ്ടായിരുന്നില്ല. അത്രയും നേരം പിടിച്ചു നിന്ന ഡോക്ടർമാരും മറ്റ് ജീവനക്കാരും സങ്കടവും നിരാശയും കാരണം കരയാനാരംഭിച്ചതായി ചാവ്‌ല ഓർമിച്ചു.

ആശുപത്രിയിലെ ഒഴിഞ്ഞ ഓക്‌സിജൻ സിലിൻഡറുകളുമായി ചില ജീവനക്കാരും പോലീസുദ്യോഗസ്ഥരും പാഞ്ഞു. സിലൻഡറുകൾ നിറച്ച് കോർപറേഷൻ ബസിൽ തിരികെയെത്തിച്ചു. ആ സിലിൻഡറുകൾ അടുത്ത 40 മിനുട്ട് നേരത്തേക്ക് ശ്വാസം പകർന്നു. ആ നാൽപ്പത് മിനുട്ട് നിർണായകമായിരുന്നു.
ഈ സമയത്ത് കോർപറേഷൻ മേയറുമായും അഗ്‌നിരക്ഷാസേനയുമായും ബന്ധപ്പെട്ടു. പിന്നാലെ ജെ സി ബി എത്തി. ഭിത്തി പൊളിച്ചു മാറ്റി. തിരാത്ത് റാം ഷാ ആശുപത്രിയിൽ ഓക്‌സിജൻ നൽകിയ ശേഷം ടാങ്കർ തിരികെയെത്തിച്ചു. ടാങ്കിൽ ഓക്‌സിജൻ നിറച്ചു നൽകി. സമയം കളയാതെ ഈ പ്രവൃത്തികളെല്ലാം പൂർത്തിയാക്കിയത് കൊണ്ടു മാത്രം വൻ ദുരന്തം ഒഴിവായതായി ചാവ്‌ല പറഞ്ഞു. എല്ലാത്തിനും കൂടെ നിന്ന രോഗികളുടെ ബന്ധുക്കൾ പരാതി പറയാതെ, ആത്മവിശ്വാസത്തോടെ നിലയുറപ്പിച്ചു. എല്ലാവരുടെയും പ്രാർഥന ഫലിച്ചു- അദ്ദേഹം പറയുന്നു. 100ലധികം രോഗികളാണ് ഇപ്പോൾ ആശുപത്രിയിൽ ഉള്ളത്. എല്ലാവരും ഓക്‌സിജൻ സഹായത്തോടെയാണുള്ളത്.