Connect with us

Covid19

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ കുട്ടികള്‍ക്കും വന്‍തോതില്‍ രോഗബാധ

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ കുട്ടികളെയും യുവജനങ്ങളെയും കൂടുതലായി ബാധിക്കുന്നു. മാര്‍ച്ച് മുതല്‍ അഞ്ച് സംസ്ഥാനങ്ങളിലായി 79,688 കുട്ടികള്‍ക്കാണ് കൊവിഡ് ബാധിച്ചത്. ആദ്യ തരംഗത്തില്‍ വയോധികര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കുമായിരുന്നു കൂടുതല്‍ രോഗബാധ.

മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ നാല് വരെ 60,684 കുട്ടികള്‍ക്ക് കൊവിഡ് ബാധിച്ചു. ഇവരില്‍ 9,882 പേര്‍ അഞ്ച് വയസ്സിന് താഴെയുള്ളവരാണ്. ഛത്തീസ്ഗഢില്‍ 5,940ഉം കര്‍ണാടകയില്‍ 7,327ഉം ഉത്തര്‍ പ്രദേശില്‍ 3,004ഉം ഡല്‍ഹിയില്‍ 2,733ഉം കുട്ടികള്‍ക്ക് ഇക്കാലയളവില്‍ കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ കുട്ടികള്‍ക്കുള്ള കൊവിഡ് പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചിട്ടില്ല. ആസ്ട്രസെനിക്ക കുട്ടികള്‍ക്കുള്ള വാക്‌സിന്‍ പരീക്ഷിച്ചെങ്കിലും രക്തം കട്ടപിടിക്കുന്നുവെന്ന പരാതികളെ തുടര്‍ന്ന് ഇത് പിന്‍വലിച്ചിരുന്നു. യൂറോപ്യന്‍ യൂനിയനില്‍ ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കുട്ടികളിലെ രോഗപ്രതിരോധ ദൗര്‍ബല്യവും കൊവിഡ് പ്രതിരോധ ശീലവും ഇല്ലാത്തതാണ് വ്യാപനത്തിന് പ്രധാന കാരണമെന്ന അഭിപ്രായമാണ് വിദഗ്ധര്‍ക്കുള്ളത്. മാത്രമല്ല, വൈറസിന്റെ പുതിയ വകഭേദങ്ങള്‍ അതിവേഗം പകരുന്നതും സൂപര്‍ സ്‌പ്രെഡിന് ഇടയാക്കുന്നതുമാണ്.

Latest