Articles
ഗ്രാമങ്ങള്‍ അവരെ പിന്തുടരുന്നു

പഞ്ചാബിലിപ്പോള്‍ നഗര, ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുകയാണ്. രാജ്യത്തിന്റെ കൃഷിയിടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പഞ്ചാബില്‍, ബി ജെ പിയുടെ അധ്യക്ഷന്‍ അശ്വനി ശര്‍മയെ പൊതുവേദികളില്‍ നിന്ന് കര്‍ഷകര്‍ പലവട്ടമാണ് ഓടിച്ചത്. ബി ജെ പി നേതാക്കള്‍ക്കെതിരെയുള്ള ആക്രോശം പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ഒരു പൊതുവികാരമായി പരുവപ്പെട്ടിട്ടുണ്ട്. ഉത്തര്‍ പ്രദേശിലേക്കും പ്രക്ഷോഭം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് പ്രക്ഷോഭങ്ങളില്‍ നിന്ന് കര്‍ഷക പ്രക്ഷോഭത്തിന് ധാരാളം വ്യത്യാസങ്ങളുണ്ട്. അതിന്റെ വ്യാപനത്തില്‍ പോലും അത് ദൃശ്യമാണ്. രാജ്യം അടുത്തിടെ സാക്ഷ്യം വഹിച്ച പ്രക്ഷോഭങ്ങള്‍ സര്‍വകലാശാല, നഗര കേന്ദ്രീകൃത സമരങ്ങളായിരുന്നുവെങ്കില്‍ കാര്‍ഷിക സമരം ഇന്ത്യയുടെ ഗ്രാമങ്ങളെയാണ് ഉണര്‍ത്തുന്നത്. അപ്പോഴും പ്രധാനമന്ത്രി പറയുന്നത് സമര ജീവികളാണ് കര്‍ഷക പ്രക്ഷോഭത്തിലിരിക്കുന്നതെന്നാണ്. പ്രധാനമന്ത്രിക്ക് തെറ്റിയിരിക്കുന്നു. ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ തനി ഗ്രാമീണരാണ് ഈ പ്രക്ഷോഭത്തിന്റെ മുന്‍പന്തിയിലുള്ളത്. നഗര കേന്ദ്രീകൃത മധ്യവര്‍ഗം ഈ സമരത്തിന്റെ ഭാഗമായി ഇല്ലാത്തതിനാല്‍ പ്രക്ഷോഭത്തിന്റെ ആഴം അത്ര എളുപ്പത്തില്‍ പുറത്തുവരില്ലെന്നേയുള്ളൂ. പഞ്ചാബില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ബി ജെ പി നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. കര്‍ഷക പ്രക്ഷോഭം ഈ സംസ്ഥാനങ്ങളില്‍ എത്രമാത്രം ആഴത്തില്‍ വേരോടിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണിത്. അതിലെ ജനാധിപത്യം എത്രയെന്നത് മറ്റൊരു വിഷയമാണ്. പഞ്ചാബില്‍ ഈ മാസം 14ന് നടക്കാനിരിക്കുന്ന അര്‍ബന്‍ ബോഡികളിലെ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ ബി ജെ പിക്ക് സ്ഥാനാര്‍ഥികളെ പോലും ലഭിക്കുന്നില്ല.
സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചയിടങ്ങളില്‍ പ്രചാരണത്തിനിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. എല്ലായിടത്തും അവര്‍ ഞങ്ങളെ പിന്തുടരുകയാണെന്ന് പഞ്ചാബിലെ മുതിര്‍ന്ന ബി ജെ പി നേതാവ് രമേശ് ശര്‍മ പറയുന്നു. കഴിഞ്ഞ നാല് മാസത്തോളമായി വീടിന് മുന്നില്‍ മുപ്പതില്‍ കുറയാത്ത ആളുകളാണ് നിലയുറപ്പിച്ചിരിക്കുന്നത്. ആളുകള്‍ മാത്രമല്ല, നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബാനറുകളും മറ്റും ബി ജെ പി നേതാക്കളുടെ വീടുകള്‍ക്ക് മുന്നിലാണിപ്പോള്‍ ഉയരുന്നത്. കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കര്‍ഷകരെ തീവ്രവാദികളെന്നു വിളിക്കുന്ന സന്ദര്‍ഭങ്ങളിലും പ്രാദേശിക നേതാക്കള്‍ക്ക് ആവശ്യത്തിന് കിട്ടും. പഞ്ചാബില്‍ എട്ട് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കും 109 മുനിസിപ്പല്‍ കൗണ്‍സില്‍-പഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2015ല്‍ ബി ജെ പി-അകാലിദള്‍ സഖ്യം തൂത്തുവാരിയ തിരഞ്ഞെടുപ്പാണിത്. ഇക്കുറി അകാലിദള്‍ ബി ജെ പിക്കൊപ്പമില്ല. കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നില്‍ രണ്ട് സീറ്റുകളിലും ബി ജെ പിക്ക് സ്ഥാനാര്‍ഥികളെ കണ്ടെത്താനായിട്ടില്ല. സ്ഥാനാര്‍ഥികള്‍ ഉള്ളയിടങ്ങളില്‍ പ്രചാരണത്തിനിറങ്ങാനും സാധിക്കുന്നില്ലെന്ന് ബി ജെ പി നേതാക്കള്‍ വ്യക്തമാക്കുന്നു. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ആദ്യ പ്രതിഫലനമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹരിയാനയിലും സ്ഥിതി വ്യത്യസ്തമല്ല. ബി ജെ പി നേതാക്കളെയും സഖ്യകക്ഷിയായ ജെ ജെ പി നേതാക്കളെയും കര്‍ഷകരും നാട്ടുകാരും ബഹിഷ്‌കരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഓരോ ഖാപ്പ് പഞ്ചായത്തുകളും ചേര്‍ന്ന് ബി ജെ പിക്കെതിരെ പ്രമേയം പാസ്സാക്കിക്കൊണ്ടിരിക്കുകയാണ് ഹരിയാനയില്‍. ബി ജെ പി നേതാക്കളെ വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് ക്ഷണിക്കരുതെന്നും ബി ജെ പി, ജെ ജെ പി നേതാക്കള്‍ക്കെതിരെ പൊതു ബഹിഷ്‌കരണം ആവശ്യമാണെന്നും ഹരിയാനയിലെ ഗ്രാമങ്ങള്‍ വ്യക്തമാക്കുന്നു. നേരത്തേ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ ഹെലികോപ്ടര്‍ ഇറങ്ങാന്‍ പോലും കര്‍ഷകര്‍ സമ്മതിച്ചിരുന്നില്ല. 1,500 പോലീസുകാരെ വിന്യസിച്ച് കനത്ത സുരക്ഷ ഒരുക്കിയിട്ടും മുഖ്യമന്ത്രി പങ്കെടുക്കേണ്ട വേദി പ്രതിഷേധക്കാര്‍ കൈയേറി. കര്‍ഷക പ്രക്ഷോഭം ശക്തമായ ജില്ലകളില്‍ ബി ജെ പി നേതാക്കള്‍ക്ക് വീട് വിട്ട് പുറത്തിറങ്ങാന്‍ പോലീസിന്റെ സഹായം ആവശ്യമാണ്.
പ്രക്ഷോഭം ഉത്തര്‍ പ്രദേശിലേക്കും പടര്‍ന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. യോഗി സര്‍ക്കാറിനും ഒരു വലിയ ഭീഷണിയായി കര്‍ഷക സമരം മുന്നിലുണ്ട്. ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളില്‍ മഹാ പഞ്ചായത്തുകള്‍ ചേര്‍ന്ന് കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ കര്‍ഷക നേതാക്കളെ വേട്ടയാടാന്‍ ഡല്‍ഹി പോലീസ് ഒരുങ്ങിയതോടെയാണ് ഉത്തര്‍ പ്രദേശില്‍ വ്യാപകമായ രീതിയില്‍ പ്രക്ഷോഭം വ്യാപിച്ചത്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള കര്‍ഷക നേതാവ് രാകേഷ് ടികായത്തിനെ ചെങ്കോട്ടയിലെ സംഭവത്തിന്റെ പേരില്‍ ഡല്‍ഹി പോലീസ് വേട്ടയാടാനുള്ള പുറപ്പാട് നടന്നിരുന്നു. ഇതോടെയാണ് ഉത്തര്‍ പ്രദേശില്‍ പ്രക്ഷോഭം വ്യാപിച്ചത്.
കര്‍ഷക സമരത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാജ്യസഭയിലാണ് ആദ്യമായി തുറന്ന് സംസാരിച്ചത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ചക്ക് രാജ്യസഭയില്‍ മറുപടി പറയുന്നതിനിടെയാണ് പ്രധാനമന്ത്രി കര്‍ഷക സമരത്തെ പരിഹസിക്കുകയും നിയമത്തില്‍ നിന്ന് പിറകോട്ടില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ പിടിവാശി ആവര്‍ത്തിക്കുകയും ചെയ്തത്. കര്‍ഷക സമരം എന്തിന് വേണ്ടിയെന്ന് പറയാന്‍ ആര്‍ക്കും സാധിച്ചില്ലെന്നും ബുദ്ധിജീവികളെ പോലെ രാജ്യത്ത് സമരജീവികളുണ്ടെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. കാര്‍ഷിക മേഖലയെ വലിയൊരു വിപണിയാക്കുന്നതിന് തടസ്സമെന്താണ്. ഉത്പന്നങ്ങള്‍ നല്ല വിലക്ക് വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് അവസരമൊരുക്കും. ക്ഷീര കര്‍ഷകര്‍ക്ക് കിട്ടിയ ആനുകൂല്യങ്ങള്‍ എന്തുകൊണ്ട് ഭക്ഷ്യധാന്യ കര്‍ഷകര്‍ക്കും കിട്ടാതിരിക്കണം? കാര്‍ഷിക പരിഷ്‌കരണങ്ങളില്‍ കോണ്‍ഗ്രസിനും ശരത് പവാറിനും ഇരട്ടത്താപ്പാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. കാര്‍ഷിക രംഗത്തെ മാറ്റങ്ങളെക്കുറിച്ച് പല കോണ്‍ഗ്രസ് നേതാക്കളും ശരത് പവാറും മുമ്പ് സൂചിപ്പിച്ചിരുന്നു. പുതിയ പരിഷ്‌കാരങ്ങളെ പോലും ശരത് പവാര്‍ എതിര്‍ത്തിരുന്നില്ല. പരിഷ്‌കാരങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മാറ്റം കൊണ്ടുവരേണ്ടത് അനിവാര്യമായിരുന്നു. പരിഷ്‌കരണത്തിനായി വാദിച്ചവര്‍ ഇപ്പോള്‍ യൂടേണ്‍ എടുക്കുന്നു. മന്‍മോഹന്‍ സിംഗ് പറഞ്ഞത്, താന്‍ ചെയ്തതില്‍ കോണ്‍ഗ്രസ് അഭിമാനിക്കുകയാണ് വേണ്ടതെന്നാണ്. രാജ്യത്ത് ചെറുകിട കര്‍ഷകരാണ് കൂടുതലുള്ളത്. സിഖുകാരെക്കുറിച്ച് രാജ്യം അഭിമാനിക്കുന്നുണ്ട്. സിഖ് സഹോദരന്മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. 1984ല്‍ പഞ്ചാബിലുണ്ടായ കലാപം പോലെ രാജ്യത്തിന്റെ പല ഭാഗത്തും ചില ശക്തികള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി കാര്‍ഷിക മേഖലയുടെ പരിഷ്‌കാരത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ അമേരിക്കന്‍ അജന്‍ഡ നടപ്പാക്കുകയാണ് അദ്ദേഹമെന്ന് ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും വിമര്‍ശിച്ചു. ചീത്ത വിളി കേള്‍ക്കാന്‍ ഞാനും തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ ഏത് ഭാഗത്ത് സമരം നടന്നാലും അവിടെ ഓടിയെത്തി പ്രശ്‌നമുണ്ടാക്കുകയാണ് ഇവരുടെ ജോലി. നിയമങ്ങള്‍ മാത്രമാണ് ഇപ്പോള്‍ വന്നത്. പരിഷ്‌കാരങ്ങള്‍ പിന്നീട് മാത്രമാണ് സംഭവിക്കുകയെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. പ്രായമേറിയ നിരവധി പേര്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നു. അവര്‍ വീടുകളിലേക്ക് മടങ്ങണം. കര്‍ഷക സമരം അവസാനിപ്പിക്കണം. ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാണ് തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമന്ത്രി പറഞ്ഞത്.
യഥാര്‍ഥത്തില്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ ശരിയായ വ്യാപ്തി കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് മനസ്സിലാകുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നഗര കേന്ദ്രീകൃതമായി മാത്രം പ്രവര്‍ത്തിക്കുന്നത് കൊണ്ടാകാം നരേന്ദ്ര മോദിയും ബി ജെ പിയും ഇപ്പോഴും പഞ്ചാബിനെ മാത്രം കുറ്റപ്പെടുത്തി സംസാരിക്കുന്നത്. താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന ബി ജെ പി നേതാക്കള്‍ക്ക് പുതിയ പ്രക്ഷോഭത്തിന്റെ ഗതി കൃത്യമായി മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ നിയമം പിന്‍വലിക്കണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഗ്രാമങ്ങളില്‍ ആകെ പ്രക്ഷോഭത്തിന്റെ ചെറിയൊരു കനലെങ്കിലുമെത്തിയിട്ടുണ്ടെന്നുള്ളതുറപ്പാണ്. മന്‍കി ബാത്ത് വഴി ഗ്രാമങ്ങളില്‍ നരേന്ദ്ര മോദി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഇമേജ് ബില്‍ഡിംഗ് കര്‍ഷക പ്രക്ഷോഭത്തോടെ കുറഞ്ഞു വരുന്നുണ്ട്. വൈകാതെ കേന്ദ്ര സര്‍ക്കാറും ഇത് തിരിച്ചറിയും.
പ്രത്യേക ലേഖകന്‍