Connect with us

Kerala

കേന്ദ്ര ബജറ്റ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി; പതിവുപോലെ കോർപറേറ്റുകളെ സഹായിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്

Published

|

Last Updated

തിരുവനന്തപുരം | ജനങ്ങളോടുള്ള വെല്ലുവിളിയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിവ് പോലെ വന്കിട കോര്പ്പറേറ്റുകളെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്നതാണ് ഈ ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

നവ ഉദാരവല്‍ക്കരണ പ്രക്രിയകളെ പൂര്‍വാധികം ശക്തിയോടെ നടപ്പാക്കുമെന്ന മോദി സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ പ്രതിഫലനമാണിതെന്ന് പിണറായി വിജയൻ പറഞ്ഞു. കൂടുതല്‍ പൊതുസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനും ഇന്‍ഷുറന്‍സ് മേഖലയിലടക്കം വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനും നിര്‍ദേശങ്ങളുള്ള ബജറ്റ് എല്ലാ മേഖലകളില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയും അങ്ങനെ രാജ്യത്തെ പൂര്‍ണമായി കച്ചവട താല്‍പര്യങ്ങള്‍ക്കു വിട്ടുനല്‍കുകയും ചെയ്യുന്നതാണ്.  കാര്‍ഷിക മേഖലയില്‍ നിന്നും പൂര്‍ണമായി പിന്‍വാങ്ങി, അതിനെ സ്വകാര്യ കുത്തകകള്‍ക്കായി തുറന്നുകൊടുത്ത പുതിയ കാര്‍ഷിക നയങ്ങളുടെ പാതയില്‍ തന്നെ ഇനിയും തങ്ങള്‍ മുന്നോട്ടുസഞ്ചരിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റുപറച്ചില്‍ കൂടിയാവുകയാണ് ഈ ബജറ്റെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് നടക്കാന് പോകുന്ന സംസ്ഥാനങ്ങളില് എന്തൊക്കയോ കൊടുത്തു എന്ന പ്രതീതി സൃഷ്ടിച്ചു എന്നല്ലാതെ കൊവിഡിനെത്തുടര്ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജനങ്ങളെ സഹായിക്കുന്ന പ്രഖ്യാപനങ്ങളൊന്നും കേന്ദ്ര ബജറ്റിലില്ലെന്ന് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ വരുമാനവും ക്രയശേഷിയും വര്ദ്ധിപ്പിക്കുന്നതിനുള്ള നിര്ദേശങ്ങളും ബജറ്റിലില്ല.

കേരളത്തില് ദേശീയ പാതാ വികസനത്തിന് 65,000 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ – കന്യാകുമാരി ദേശീയ പാതാ വികസനം നേരത്തെ പ്രഖ്യാപിച്ചതും നടന്നു വരുന്നതുമായ പദ്ധതിയാണ്. പുതിയ കാര്യം പോലെ അതിന്മേല് പ്രഖ്യാപനം നടത്തിയത് തിരഞ്ഞടുപ്പ് മുന്നില് കണ്ടു കൊണ്ടാണ്. ഇതും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടവും കൊച്ചി മത്സ്യബന്ധന തുറമുഖ വികസനവും ഒഴിച്ചാല് കേരളത്തിന് കാര്യമായി ഒന്നുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

Latest