Articles
കര്‍ഷക പ്രക്ഷോഭം: ദേശമേ, ദില്ലി ചലോ
ഏകദേശം രണ്ടാഴ്ചക്കാലമായി രാജ്യത്തിന്റെ അന്നദാതാക്കള്‍ തെരുവിലാണ്. രാജ്യത്തൊട്ടുക്കുമുള്ള അഞ്ഞൂറോളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമര പോരാട്ടങ്ങള്‍ക്ക് ശേഷം, രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. ഈ സമരം ജയിക്കണം. അന്നദാതാക്കള്‍ക്ക് മാത്രമല്ല, അന്നം വാങ്ങി തിന്നുന്നവര്‍ക്കും മണ്ണില്‍ പണിയുന്ന കര്‍ഷക തൊഴിലാളികള്‍ക്കും ഈ സമരം ജയിച്ചേ പറ്റൂ. കാരണങ്ങള്‍ പലതാണ്.
ഓര്‍ഡിനന്‍സ് വഴി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ നടപ്പില്‍ വരുന്നതോടെ നമ്മുടെ കലവറകളെല്ലാം കൂടി ഒന്നാകും. ഒന്നായ കലവറയുടെ താക്കോല്‍ കോര്‍പറേറ്റേമാന്റെ കൈയിലും. കര്‍ഷകര്‍ക്ക് ഏമാന്‍ പറയുമ്പോള്‍ ഏമാന്‍ തന്നെ നിശ്ചയിക്കുന്ന വിലക്ക് വില്‍ക്കാം. പ്രജകള്‍ക്ക് (പൂഴ്ത്തിവെപ്പാനന്തരം) ഏമാന്‍ പറയുന്ന വിലക്ക് വാങ്ങി പശിയടക്കാം. കര്‍ഷകരും കര്‍ഷക തൊഴിലാളികളും പ്രജകളുമെല്ലാം ചേര്‍ന്ന് പഴയ ജന്മി- കുടിയാന്‍ കാലത്തേക്ക് തിരിച്ച് പോകേണ്ട ദുരവസ്ഥയാണ് സംഭവിക്കാനിരിക്കുന്നത്. കേരളത്തിലെ പ്രജകള്‍ക്ക് ഏകദേശം അന്നവും മുട്ടാനിരിക്കുകയാണ്. പൊതുവിതരണ സമ്പ്രദായം അവസാനിപ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ ഉള്ളിലിരിപ്പ്. സര്‍വ സബ്‌സിഡികളും ഒഴിവാക്കി കാര്‍ഷിക മേഖലയെ സര്‍വതന്ത്ര സ്വതന്ത്രമാക്കി കൃഷിഭൂമി കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കണമെന്നും കേന്ദ്ര ഏമാന്‍മാര്‍ ഏതാണ്ട് തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു. അതിനനുസൃതമായ റിപ്പോര്‍ട്ടുകള്‍ ചമച്ച് നല്‍കാനുള്ള കൂലിക്കമ്മീഷനുകളെയും സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളെയോ അവിടങ്ങളില്‍ വിത്തിറക്കുന്ന കര്‍ഷകരെയോ മാത്രമല്ല, ഇങ്ങ് കേരളത്തില്‍ റേഷന്‍ കാര്‍ഡുമായി കാത്തിരിക്കുന്നവരെയും സ്വകാര്യ കമ്പോളങ്ങളില്‍ നിന്ന് ഭക്ഷ്യോത്പന്നങ്ങള്‍ വാങ്ങുന്നവരെയും ഒരു പോലെ നിസ്സഹായമാക്കുന്നതാണ് പുതിയ നിയമങ്ങള്‍.
കോര്‍പറേറ്റുകള്‍ ഇന്ത്യക്കാവശ്യമല്ലേ? ആണ്. പക്ഷേ, അവര്‍ വളരേണ്ടത് കര്‍ഷകരെയും അടിസ്ഥാന വര്‍ഗത്തെയും ചൂഷണം ചെയ്ത് കൊണ്ടല്ല. പൊന്‍മുട്ട തരുന്ന താറാവിനെ കൊന്ന് കൊണ്ടല്ല മുട്ട ശേഖരിക്കേണ്ടത്, അവയെ വളരാന്‍ വിട്ടുകൊണ്ടായിരിക്കണം. കര്‍ഷകരെ ആത്മഹത്യയിലേക്ക് വലിച്ചെറിഞ്ഞ് സാറന്മാര്‍ക്ക് പൊടുന്നനെ വര്‍ധിത രൂപത്തില്‍ ദ്രവ്യം നേടാനായേക്കും. പക്ഷേ, അതൊരിക്കലും സ്ഥിരത ഉള്ളതായിരിക്കില്ല.
ഇന്ത്യയുടെ മൊത്തം ആഭ്യന്തര വരുമാനത്തില്‍ കൃഷിയുടെ പങ്ക് കുറയുകയാണ്. പതിനൊന്നാം പഞ്ചവത്സര പദ്ധതി കാലത്ത് ജി ഡി പിയുടെ 15.2 ശതമാനമായിരുന്നു ഇതെങ്കില്‍ 2013-14ല്‍ ഇത് 13.9 ശതമാനമായി കുറഞ്ഞു. ഇതേ കാലയളവില്‍ 3.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ കാര്‍ഷിക മേഖല 2014-15ല്‍ 1.1 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കാര്‍ഷിക, കാര്‍ഷികാനുബന്ധ മേഖലയുടെ അവഗണിക്കാനാകാത്ത പങ്കാളിത്തം കൂടി പരിഗണിക്കുമ്പോഴാണ് കേന്ദ്രം എന്ത് മാത്രം അപക്വമായാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാകുക. 2011ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ഇന്ത്യയില്‍ 54.6 ശതമാനം പേരും കൃഷിയിലോ അനുബന്ധ വൃത്തികളിലോ ഏര്‍പ്പെട്ട് ജീവിക്കുന്നവരാണ്. രാജ്യത്താകെ 90.2 ദശലക്ഷം കുടുംബങ്ങള്‍ കര്‍ഷകരാണ്. ഗ്രാമീണ കുടുംബങ്ങളെ എടുത്താല്‍ 57.8 ശതമാനം വരുന്ന ജനസംഖ്യയിലെ ഭൂരിപക്ഷവും കൃഷിയെ ആശ്രയിച്ചു കഴിയുന്നു. രാജ്യത്ത് ആകെയുള്ള 328.73 ദശലക്ഷം ഹെക്ടര്‍ ഭൂമിയില്‍ 181.95 ദശലക്ഷം ഹെക്ടറും കൃഷിയാവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. 19,95,251 കോടി രൂപയാണ് കാര്‍ഷിക മേഖലയില്‍ നിന്ന് ജി ഡി പിയിലേക്കൊഴുകിയെത്തുന്നത്. കാര്‍ഷിക മേഖലയില്‍ സംഭവിക്കുന്ന ഏത് പിഴവും അത്യന്തം ഗുരുതരമായിരിക്കുമെന്നും അത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നടുവൊടിക്കുമെന്നും വ്യക്തം. തലസ്ഥാനാതിര്‍ത്തികളില്‍ അതിശൈത്യത്താല്‍ വിറച്ചും താപത്താല്‍ തളര്‍ന്നും കഴിയുന്ന കര്‍ഷക വാര്‍ധക്യങ്ങളാണ് ഇന്ത്യന്‍ സമ്പദ് മേഖലയെ നടുവൊടിയാതെ താങ്ങി നിര്‍ത്തുന്നത്. ഇന്ത്യയുടെ നട്ടെല്ലുകളെയാണ് മോദി സര്‍ക്കാര്‍ തെരുവിലിട്ട് ഉണക്കിയെടുക്കുന്നത്. ഇന്ത്യന്‍ ജനത ഉണരേണ്ട സന്ദര്‍ഭമാണിത്.
നിയമങ്ങള്‍ കര്‍ഷകരെ സ്വതന്ത്രരാക്കുമെന്നും അവര്‍ക്ക് ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വില ലഭിക്കുമെന്നുമാണ് സര്‍ക്കാര്‍ വാദം. എങ്കില്‍ എന്തിന് കര്‍ഷകര്‍ സമരം ചെയ്യുന്നു? തങ്ങള്‍ സ്വതന്ത്രരാകുന്നതും കൂടുതല്‍ സമ്പന്നരാകുന്നതും കര്‍ഷകര്‍ക്ക് താത്പര്യമില്ലെന്നാണോ മനസ്സിലാക്കേണ്ടത്?
പുതിയ നിയമങ്ങളെ എടുത്തുചാടി പ്രയോഗിച്ച സംസ്ഥാനമാണല്ലോ ഗുജറാത്ത്. എന്തായിരുന്നു ഫലം? സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ക്ക് പുറത്ത് ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വില തേടിപ്പോയ കര്‍ഷകര്‍ അതേ വേഗത്തില്‍ തിരിച്ചു വന്നു. ചന്തക്ക് പുറത്ത് കര്‍ഷകരുടെ വിലപേശല്‍ ശേഷി ദുര്‍ബലമായി. താങ്ങുവില ഉറപ്പാക്കിക്കൊണ്ടുള്ളതായിരുന്നു ചന്തയിലെ വിപണന രീതി. പുറത്താണെങ്കില്‍ ചരക്കുകള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞു. മത്സരം ഇല്ലാതായി. സ്വാഭാവികമായും ഉത്പന്നങ്ങളുടെ വില കുറഞ്ഞു. കര്‍ഷകരുടെ വില്‍പ്പന സ്വാതന്ത്ര്യമായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. പക്ഷേ, സംഭവിച്ചത് വ്യാപാരികളുടെ വാങ്ങല്‍ സ്വാതന്ത്ര്യമായിരുന്നു. ഇടനിലക്കാരുടെ ചൂഷണവും കമ്മീഷനും അവസാനിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. വ്യാപാരികള്‍ തന്നെ ഇടനിലക്കാരായും മാറുന്ന വൈരുധ്യമാണ് സംഭവിച്ചത്. കമ്മീഷന്‍ ഏജന്റുമാരുടെ പ്രതിഫലം നിയന്ത്രിതമായിരുന്നു. കര്‍ഷകര്‍ക്ക് വ്യാപാരികളില്‍ നിന്ന് പണലഭ്യത ഉറപ്പാക്കാനും അവര്‍ക്ക് സാധിക്കുമായിരുന്നു. പുതിയ നിയമത്തില്‍ എവിടെ നിന്നോ വരുന്ന വ്യാപാരികള്‍ ഉത്പന്നങ്ങള്‍ കൈക്കലാക്കി വണ്ടിച്ചെക്കേല്‍പ്പിച്ചു മുങ്ങുന്നു. കര്‍ഷകര്‍ വഞ്ചിക്കപ്പെടുന്നു. പരീക്ഷണഘട്ടത്തില്‍ ഇതാണ് സ്ഥിതിയെങ്കില്‍ ചന്തകള്‍ അവസാനിപ്പിച്ച് സര്‍ക്കാര്‍ പിന്‍വാങ്ങുന്നതോടെ ഇന്ത്യന്‍ കാര്‍ഷിക താത്പര്യങ്ങളുടെ കുരുതിക്കളമായി കാര്‍ഷിക വിപണി മാറുമെന്ന് വ്യക്തം. അത്യാപത്കരമായ ഭാവിയാണ് കര്‍ഷകരെ കാത്തിരിക്കുന്നത്. അവര്‍ എന്ത് വില കൊടുത്തും തെരുവില്‍ തുടരുന്നതും മറ്റൊന്ന് കൊണ്ടല്ല. വേറെയുമുണ്ട് ചോദ്യങ്ങള്‍. കര്‍ഷക താത്പര്യമായിരുന്നു നിയമ നിര്‍മാണത്തിന് പിന്നിലെങ്കില്‍ കൊവിഡിന്റെ മറവില്‍ പാര്‍ലിമെന്റിനെ മറികടന്ന് എന്തിനവ ഒളിച്ചു കടത്തി? പുര കത്തുന്ന വെളിച്ചത്തില്‍ ജോലിക്കിറങ്ങിയ മോഷ്ടാവിനെയാണ് സര്‍ക്കാര്‍ ഓര്‍മിപ്പിച്ചത്. കര്‍ഷകര്‍ക്ക് വേണ്ടിയായിരുന്നു നിയമമെങ്കില്‍ എന്തുകൊണ്ട് ഇപ്പോള്‍ സമര രംഗത്തുള്ള പ്രമുഖ കര്‍ഷക സംഘടനാ നേതാക്കളുമായെങ്കിലും നിയമത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്തില്ല? നിയമങ്ങള്‍ കര്‍ഷകാനുകൂലമാണെന്ന കാര്യം എന്തുകൊണ്ട് സര്‍ക്കാറിന് അവയുടെ ഗുണഭോക്താക്കളെ ബോധ്യപ്പെടുത്താനാകുന്നില്ല? അമിത് ഷാ എത്ര വിശദീകരിച്ചിട്ടും എന്തുകൊണ്ട് അവര്‍ക്കത് മനസ്സിലാകാതെ പോകുന്നു? ബില്ലുകള്‍ താങ്കള്‍ വിശദീകരിക്കൂ എന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന് എന്തുകൊണ്ട് അത് സാധിക്കാതെ വരുന്നു? തങ്ങളുടെ താത്പര്യങ്ങളെ ഹനിക്കുന്നതാണ് നിയമങ്ങളെന്ന് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ രണ്ടാഴ്ചക്കാലമായി നടുനിരത്തില്‍ കുത്തിയിരുന്ന് ഇന്ത്യയുടെ അന്നദാതാക്കള്‍ അലറിപ്പറഞ്ഞിട്ടും വീണ്ടും അവ കര്‍ഷകാനുകൂലമാണെന്ന് പറയുന്നത് യുക്തിസഹമാണോ? കര്‍ഷകര്‍ക്ക് താത്പര്യമില്ലാത്ത നിയമങ്ങള്‍ കര്‍ഷക സംരക്ഷണ വേഷമണിയുന്ന ഒരു സര്‍ക്കാര്‍ എന്തിന് അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കണം? ഇത്തരം ചോദ്യങ്ങള്‍ക്കുത്തരമില്ലാതെ വരുമ്പോഴാണ് സര്‍ക്കാറിന്റെ കോര്‍പറേറ്റ് താത്പര്യങ്ങളെ കുറിച്ച് നമുക്ക് സംശയിക്കേണ്ടി വരുന്നത്. നിയമങ്ങളുടെ ഉള്ളടക്കത്തിലേക്ക് കടന്നാല്‍ കോര്‍പറേറ്റ് താത്പര്യങ്ങള്‍ തന്നെയാണ് മുഴച്ച് നില്‍ക്കുന്നത്.
ഏകദേശം 60 ശതമാനം ജനങ്ങളും കാര്‍ഷികവൃത്തിയെ ആശ്രയിച്ച് കഴിയുന്ന ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇത്തരം വിഷയങ്ങളില്‍ നിയമ നിര്‍മാണം നടത്തുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഭക്ഷ്യ ഉത്പന്നങ്ങള്‍ മനുഷ്യന്റെ അടിസ്ഥാനാവശ്യം എന്ന നിലയില്‍, അത് ഉത്പാദിപ്പിക്കുന്ന കര്‍ഷക സമൂഹത്തെ ആദരിക്കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ്. ഇന്ത്യയിലെ കാര്‍ഷിക മേഖല കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അനുവദിക്കുന്ന താങ്ങുവിലയിലും സബ്‌സിഡിയിലും തൂങ്ങിയാണ് ഒരു വിധം പിടിച്ചു നില്‍ക്കുന്നത്. കൂടുതല്‍ പേരും മറ്റ് മാര്‍ഗങ്ങളില്ലാതെ കാര്‍ഷികവൃത്തിയില്‍ തുടരുന്നവരാണ്. പ്രതീക്ഷയോടെ കൃഷിയിറക്കുന്നവര്‍ക്കാകട്ടെ, കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും മൂലം സംഭവിക്കുന്ന വിളനഷ്ടങ്ങള്‍, അപ്രതീക്ഷിതമായ വിലക്കുറവ് മൂലം സംഭവിക്കുന്ന ഭീമമായ സാമ്പത്തിക നഷ്ടം തുടങ്ങിയവ സര്‍വ സാധാരണം.
കാര്‍ഷിക വായ്പകളാണ് മറ്റൊരു വില്ലന്‍. വായ്പയെടുത്ത് മണ്ണില്‍ വിത്തിടുന്ന കര്‍ഷകന്‍ വിളവെടുത്താലുമില്ലെങ്കിലും വില കിട്ടിയാലുമില്ലെങ്കിലും വായ്പ പലിശയടക്കം തിരിച്ചടക്കണം. നഷ്ടക്കയത്തില്‍ മുങ്ങിത്താഴുന്ന കര്‍ഷകന് മേല്‍ ജപ്തി ഭീഷണി കൂടി വന്നുവീഴുമ്പോള്‍ കര്‍ഷകന്റെ മുമ്പില്‍ ആത്മഹത്യയല്ലാതെ വഴിയില്ല. ഇങ്ങനെ നാല് ലക്ഷത്തോളം കര്‍ഷകര്‍ ഇതിനകം ആത്മഹത്യ ചെയ്തിരിക്കുന്നു. പുതിയ ആത്മഹത്യാ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിടുന്നില്ലെന്ന ഗുരുതരമായ ആക്ഷേപവും കേന്ദ്ര സര്‍ക്കാറിനെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നു. കാര്‍ഷിക വായ്പകള്‍ പലിശമുക്തമാക്കണമെന്ന ന്യായമായ ആവശ്യം കര്‍ഷക സമൂഹം ഏറെക്കാലമായി ഉന്നയിക്കുന്നതാണ്. കോര്‍പറേറ്റ് ഭീമന്‍മാരുടെ ദശകോടികള്‍ നിരന്തരം എഴുതിത്തള്ളുന്ന കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ന്യായവും സൃഷ്ടിപരമായ ആഘാതങ്ങള്‍ ഉളവാക്കുന്നതുമായ ഈ ആവശ്യത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ വേണം കൂനിന്‍മേല്‍ കുരുവെന്ന പോലെ കര്‍ഷക മുതുകില്‍ വന്നുവീണ പുതിയ നിയമങ്ങളെ സമീപിക്കാന്‍.
ഡല്‍ഹിയിലെ കര്‍ഷക സമരം അരി ഉണ്ടാക്കുന്നവരുടെ മാത്രം കാര്യമല്ല. അരി വാങ്ങി തിന്നുന്നവരുടെ കൂടി കാര്യമാണ്. വിശന്നൊട്ടിയ വയറുമായി ഇന്ത്യന്‍ ജനത ഗുജറാത്ത് മുതലാളിയുടെ ഗോഡൗണുകള്‍ക്ക് മുമ്പില്‍ അന്നച്ചട്ടിയുമായി ഇഴയുന്ന കാലം അത്രയൊന്നും അകലെയല്ലെന്നോര്‍ക്കണം. ആ പഴയ ജന്മി- കുടിയാന്‍ കാലത്തേക്കാണ് മോദി- അമിത് ഷാ- കോര്‍പറേറ്റ് കൂട്ടുകെട്ട് ഇന്ത്യന്‍ ജനതയെ ഉന്തിത്തള്ളി വിടുന്നതെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിയണം. തലസ്ഥാനാതിര്‍ത്തിയില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് കാവലിരിക്കുന്ന ഇന്ത്യന്‍ വാര്‍ധക്യത്തിന് കരുത്ത് പകരാന്‍, മൂലധന ശക്തികള്‍ക്ക് അടയിരിക്കുന്ന മാടമ്പികളെ പറിച്ചെറിയാന്‍ ഇന്ത്യ ഒന്നാകെ അലറി വിളിക്കേണ്ടിയിരിക്കുന്നു. ദില്ലി ചലോ.
ഓര്‍ഡിനന്‍സാനന്തര മുദ്രാവാക്യം:
ഇന്ത്യന്‍ വാര്‍ധക്യം ജയിക്കട്ടെ.