Connect with us

Articles

ബിഹാർ: കോണ്‍ഗ്രസിന്‌ ഉത്തരവാദിത്വമുണ്ട്

Published

|

Last Updated

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പി – ജെ ഡി യു സഖ്യം നേടിയ നേരിയ വിജയം സംസ്ഥാന രാഷ്ട്രീയത്തില്‍ പല സാധ്യതകള്‍ തുറന്നിടുകയാണ്. 2015ല്‍ ആര്‍ ജെ ഡിക്കും കോണ്‍ഗ്രസിനുമൊപ്പം മത്സരിച്ച് 71 സീറ്റില്‍ വിജയിച്ച ജെ ഡി യു 43 സീറ്റിലേക്ക് ചുരുങ്ങിയിരിക്കുന്നു. അവരെ കുറഞ്ഞ സീറ്റുകളിലേക്ക് ചുരുക്കി, സഖ്യത്തിലെ മുഖ്യകക്ഷിയാകുക എന്ന ലക്ഷ്യത്തോടെ ചിരാഗ് പാസ്വാനെ മുന്നില്‍ നിര്‍ത്തി ആവിഷ്‌കരിച്ച തന്ത്രം ബി ജെ പി സമര്‍ഥമായി നടപ്പാക്കുകയായിരുന്നു. ഭരണവിരുദ്ധ വികാരത്തിന്റെ ഉത്തരവാദിത്വം 15 വര്‍ഷത്തോളം മുഖ്യമന്ത്രിയായ നിതീഷിന്റെ ചുമലിലിട്ട് മാറിനില്‍ക്കുക എന്ന തന്ത്രവും ബി ജെ പി വിജയകരമായി നടപ്പാക്കി. കൂടെനിന്ന് കാലില്‍ച്ചവിട്ടിയതിന് ജെ ഡി യുവും നിതീഷും എന്ത് മറുപടി നല്‍കുമെന്നതാണ് ബിഹാര്‍ രാഷ്ട്രീയത്തില്‍ ഇനി ശ്രദ്ധേയമാകുക.

74 സീറ്റില്‍ വിജയിച്ച ബി ജെ പി ഇനി നടത്താനിരിക്കുന്ന നീക്കങ്ങളും ശ്രദ്ധേയമാകും. കര്‍ണാടകത്തിലും മധ്യപ്രദേശിലും എം എല്‍ എമാരെ വാങ്ങിയെടുത്താണ് ബി ജെ പി അധികാരം പിടിച്ചത്. പണം, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തല്‍ ഒക്കെ തരാതരം പോലെ ഉപയോഗിച്ച് വിജയിപ്പിച്ച കുതിരക്കച്ചവടം. മധ്യപ്രദേശില്‍ അധികാരത്തിലിരിക്കെ തന്നെ കോണ്‍ഗ്രസിന് ജ്യോതിരാദിത്യ സിന്ധ്യയെപ്പോലൊരു നേതാവിനെയും അദ്ദേഹത്തിന്റെ കൂടെ നിന്ന എം എല്‍ എമാരെയും പിടിച്ചുനിര്‍ത്താനായില്ല. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ എം എല്‍ എമാര്‍ സ്ഥാനം രാജിവെച്ച് ബി ജെ പിയില്‍ ചേരുകയും അവരുടെ സ്ഥാനാര്‍ഥികളായി മത്സരിച്ച് വിജയിക്കുകയും ചെയ്തിരിക്കുന്നു. ബിഹാറില്‍ 19 സീറ്റിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ഇവരെത്രകാലം കോണ്‍ഗ്രസില്‍ തുടരുമെന്ന ചോദ്യം ഇപ്പോള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു. ബി ജെ പിയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ഒമ്പത് എം എല്‍ എമാരുടെ പട്ടിക ഇതിനകം തന്നെ സംസ്ഥാന നേതൃത്വം തയ്യാറാക്കിക്കഴിഞ്ഞു. സഖ്യകക്ഷിയായ ജെ ഡി യുവില്‍ തന്നെ വേട്ടക്കിറങ്ങാന്‍ ബി ജെ പി മടിച്ചോളണമെന്നില്ല. രാജ്യത്ത് പലേടത്തും ബി ജെ പിയും സംഘ്പരിവാരവും നടത്തിയ ജനാധിപത്യ വിരുദ്ധമായ നീക്കങ്ങള്‍ ബിഹാറിലും ആവര്‍ത്തിക്കും. അതാകും സംസ്ഥാനത്തെ രാഷ്ട്രീയത്തെ ഇനിയങ്ങോട്ട് നിര്‍ണയിക്കുക.

ആര്‍ ജെ ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം 110 സീറ്റാണ് നേടിയത്. 75 സീറ്റ് നേടിയ ആര്‍ ജെ ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. പോള്‍ ചെയ്ത വോട്ടില്‍ 23.11 ശതമാനം നേടി രാഷ്ട്രീയാടിത്തറ ഭദ്രമാക്കാന്‍ ആര്‍ ജെ ഡിക്ക് സാധിച്ചു. അത്ര വലിയ ശക്തിയല്ലാത്ത കോണ്‍ഗ്രസിനെയും സ്വാധീന മേഖലകളില്‍ മാത്രം സംഘടനാ സംവിധാനമുള്ള ഇടത് പാര്‍ട്ടികളെയും ചേര്‍ത്ത് മഹാസഖ്യം 110 സീറ്റിലേക്ക് എത്തിയത് തേജസ്വി യാദവ് കാണിച്ച രാഷ്ട്രീയ തന്ത്രജ്ഞത കാരണമാണ്. ഒമ്പതാം ക്ലാസില്‍ പഠനം നിര്‍ത്തിയ, ക്രിക്കറ്റ് കളിയില്‍ കരിയറുണ്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട തേജസ്വി, പിതാവ് ലാലുവിന്റെയും മാതാവ് റാബ്‌റിയുടെയും പിന്‍ഗാമിയായി ആര്‍ ജെ ഡിയുടെ തലപ്പത്തെത്തുമ്പോള്‍ കുടുംബാധിപത്യത്തിന്റെ തുടര്‍ച്ച മാത്രമായേ വിലയിരുത്തപ്പെട്ടിരുന്നുള്ളൂ. ലാലുവിന്റെ അഭാവത്തില്‍ ആര്‍ ജെ ഡിയെ മുന്നോട്ടു നയിക്കാന്‍ ഈ രാഷ്ട്രീയ ശിശുവിന് കഴിയുമെന്ന് വിചാരിച്ചവരും കുറവ്. പോരാത്തതിന് സഹോദരന്‍ തേജ് പ്രതാപ് യാദവിന്റെ എതിര്‍പ്പും. അവിടെ നിന്ന് പാര്‍ട്ടിയെ തന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവന്ന് ഒരുമിപ്പിച്ച് നിര്‍ത്താനും കീഴ്ഘടകങ്ങളെ സജീവമാക്കാനും തേജസ്വിക്കായി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയതോടെ ആര്‍ ജെ ഡിയെ എഴുതിത്തള്ളിയവരെ അമ്പരപ്പിച്ചുകൊണ്ട് ബിഹാറിലെ ഏറ്റവും വലിയ പാര്‍ട്ടി തങ്ങളുടേതാണെന്ന് തെളിയിക്കാനും തേജസ്വിക്കായി. സംഘ്പരിവാര്‍ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത ലാലുവിന്റെ പാതയില്‍ ഉറച്ചുനില്‍ക്കാനും ഈ 31കാരന് സാധിക്കുന്നുവെന്നത്, ഇന്ത്യന്‍ യൂനിയനില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍, ഒട്ടൊരു അത്ഭുതത്തോടെ അഭിനന്ദിക്കപ്പെടേണ്ടതാണ്. തേജസ്വിയെന്ന യുവനേതാവിന്റെ ഉയര്‍ച്ചയാണ് യഥാര്‍ഥത്തില്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അനന്തരഫലം. യാദവ – മുസ്‌ലിം വിഭാഗങ്ങളെ ചേര്‍ത്തു നിര്‍ത്തുമ്പോള്‍ തന്നെ യുവാക്കളെ ആകര്‍ഷിച്ചുകൊണ്ട്, പരമ്പരാഗത വോട്ടുബേങ്കിനപ്പുറത്ത് ആര്‍ ജെ ഡിയുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള വിവേകവും ഈ ചെറുപ്പക്കാരന്‍ കാണിച്ചു.

ഈ തിരഞ്ഞെടുപ്പില്‍ ആര്‍ ജെ ഡി സഖ്യത്തിന്റെ വിജയം തടയുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനും (എ ഐ എം ഐ എം) ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബി എസ് പി) ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയും (ആര്‍ എല്‍ എസ് പി) ചേരുന്ന സഖ്യമാണ്. എ ഐ എം ഐ എം അഞ്ച് സീറ്റിലും ബി എസ് പി ഒരു സീറ്റിലും വിജയിച്ചു. ഈ വിജയങ്ങള്‍ക്കപ്പുറത്ത് സംഘ്പരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന മുസ്‌ലിം, ദളിത് വോട്ടുകളില്‍ ചെറിയൊരു പങ്ക് മഹാസഖ്യത്തില്‍ നിന്ന് അകറ്റുകയാണ് ഈ സഖ്യം ചെയ്തത്. മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായ ചില മണ്ഡലങ്ങളിലെങ്കിലും ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചത്, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പരാജയത്തിന് കാരണമായിട്ടുണ്ട്. മഹാസഖ്യത്തിന്റെ പരാജയത്തിന് വേണ്ടി സംഘ്പരിവാരത്തിന്റെ ട്രോജന്‍ കുതിരയാകുകയാണ് ഉവൈസിയും കൂട്ടരും ചെയ്തത് എന്ന വിലയിരുത്തല്‍ ശക്തമാണ്. അതിനോട് യോജിക്കാനാകില്ല. ഉവൈസിക്കും കൂട്ടര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും നിലപാടുകള്‍ ജനങ്ങള്‍ക്ക് മുമ്പാകെ വിശദീകരിച്ച് വോട്ട് പിടിക്കാനുമുള്ള അവകാശം കൂടിയാണ് ഇന്ത്യന്‍ യൂനിയന്റെ ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷ ജനാധിപത്യം.
ഹിന്ദുത്വ വര്‍ഗീയതയെ പരാജയപ്പെടുത്താന്‍ ബദലാകാന്‍ സാധ്യതയുള്ള മഹാസഖ്യത്തിന് വോട്ടുചെയ്യുന്നതിന് പകരം അധികാരത്തിലെത്താന്‍ ഒരു സാധ്യതയുമില്ലാത്ത ഒരു മുന്നണിക്കൊപ്പം നില്‍ക്കാന്‍ ന്യൂനപക്ഷങ്ങളില്‍ വലിയൊരു വിഭാഗം തയ്യാറാകുന്നുവെങ്കില്‍ മതനിരപേക്ഷ പാര്‍ട്ടികള്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ്, ആ പ്രവണതയെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ്, കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുമ്പോള്‍ യോജിച്ചൊരു നിലപാടെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. യു എ പി എ, എന്‍ ഐ എ നിയമങ്ങള്‍ ഭേദഗതി ചെയ്തപ്പോഴും സ്ഥിതി ഭിന്നമായില്ല. പൗരത്വ നിയമം ഭേദഗതി ചെയ്യുകയും പൗരത്വപ്പട്ടിക തയ്യാറാക്കാനുള്ള ശ്രമവുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുകയും ചെയ്തപ്പോള്‍ രാജ്യത്തുയര്‍ന്ന പ്രതിഷേധങ്ങളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസുണ്ടായതുമില്ല. തങ്ങളെ രണ്ടാംതരം പൗരന്മാരാക്കാനോ രാജ്യത്തു നിന്ന് തന്നെ പുറന്തള്ളാനോ വേട്ടയാടാനോ പാകത്തില്‍ ഭരണകൂടം നടപടികള്‍ സ്വീകരിക്കുമ്പോള്‍ വേണ്ടവിധം പ്രതിരോധിക്കാന്‍ തയ്യാറാകാത്ത ഒരു പാര്‍ട്ടിയെ ചേര്‍ത്തുള്ള സഖ്യത്തെ ന്യൂനപക്ഷങ്ങള്‍ വിശ്വാസത്തിലെടുക്കാതിരിക്കുന്നതില്‍ അത്ഭുതമില്ല. ആ പഴുതാണ് ഉവൈസിയെപ്പോലുള്ളവര്‍ ഉപയോഗിക്കുന്നത്.

ഹിന്ദുത്വ വര്‍ഗീയതയെ പ്രതിരോധിക്കാന്‍ മതനിരപേക്ഷ കക്ഷികള്‍ക്ക് സാധിക്കാതെ വരുമ്പോള്‍ സമുദായാടിസ്ഥാനത്തില്‍ സംഘടിച്ച് വിലപേശല്‍ ശക്തിയായി വളരുക എന്നതാണ് ഉവൈസിയെപ്പോലുള്ളവരെ നയിക്കുന്ന ചിന്ത. മുസ്‌ലിം, ദളിത് തുടങ്ങി വിവിധ സമുദായങ്ങള്‍ അവ്വിധം സംഘടിക്കുമ്പോള്‍ സംഘ്പരിവാരത്തെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ ചേരിയാകുമെന്നുമവര്‍ കണക്കുകൂട്ടുന്നു. അത്തരം സമുദായ കൂട്ടായ്മകള്‍ ശക്തിയാര്‍ജിക്കണമെന്ന് തന്നെയാണ് സംഘ്പരിവാരം ആഗ്രഹിക്കുന്നത് എന്നതാണ് വൈരുധ്യം. അങ്ങനെ ശക്തി പ്രാപിക്കുന്നതോടെ ഹിന്ദുത്വ അജന്‍ഡക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്ന് സംഘ്പരിവാരത്തിനറിയാം. സങ്കീര്‍ണമായ ഈ അവസ്ഥയെ അഭിമുഖീകരിക്കാന്‍ മതനിരപേക്ഷ കക്ഷികള്‍ കൂടുതല്‍ സജ്ജരാകേണ്ടതുണ്ടെന്ന് കൂടിയാണ് ബിഹാര്‍ ഫലം നല്‍കുന്ന പാഠം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest