Connect with us

Malappuram

മഅ്ദിന്‍ അക്കാദമിയില്‍ മൗലിദ് സമ്മേളനവും ലൈറ്റ് ഓഫ് മദീനയും ബുധനാഴ്ച

Published

|

Last Updated

മലപ്പുറം |   പ്രവാചകര്‍ (സ്വ)യുടെ 1495-ാം ജന്മദിനത്തോടനുബന്ധിച്ച് മലപ്പുറം മഅദിന്‍ അക്കാദമിയില്‍ റബീഉല്‍ അവ്വല്‍ 12-ാം രാവില്‍  മൗലിദ് സമ്മേളനവും ലൈറ്റ് ഓഫ് മദീനയും  നടക്കും.  വൈകുന്നേരം 5.00 മുതല്‍ പുലര്‍ച്ചെ 5.00 വരെ പ്രവചാകാനുരാഗത്താല്‍ ധന്യമാക്കുന്ന പരിപാടി ഒരു രാത്രി മുഴുവനും നീണ്ടു നില്‍ക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മഅദിന്‍ അക്കാദമിയില്‍ സംഘടിപ്പിക്കുന്ന പരിപാടി മഅദിന്‍ യൂട്യൂബ് ചാനിലിലും ഫെയ്സ് ബുക്ക് പേജിലും സംപ്രേഷണം ചെയ്യും.

ബുധനാഴ്ച  വൈകുന്നേരം 5.00 ന് സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറിയും സ്വാഗത സംഘം ചെയര്‍മാനുമായ ഇബ്റാഹീം ബാഖവി മേല്‍മുറി പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് സ്വീറ്റ് മദീനയും ഫ്ളവര്‍ഷോയും നടക്കും.  6.30 മുതല്‍ 7.30 വരെ പ്രവാചക പ്രകീര്‍ത്തന സദസും നഅ്ത് ശരീഫും നടക്കും. ഹാഫിള് സ്വാദിഖ് ഫാളിലി ഗൂഡല്ലൂര്‍, റഊഫ് അസ്ഹരി ആക്കോട്, ഷഹിന്‍ ബാബു താനൂര്‍ എന്നിവര്‍ ഇശല്‍ സന്ധ്യക്ക് നേതൃത്വം നല്‍കും.

7.30 മുതല്‍ 9.00 വരെ സ്നേഹ നബി പ്രഭാഷണവും മന്‍ഖൂസ് മൗലിദ് പാരായണവും നടക്കും. രാത്രി 9.00 ന് ഹാഫിള് നഈം അദനി കുറ്റൂര്‍, ഹാഫിള് മുബശ്ശിര്‍ പെരിന്താറ്റിരി, അസദ് പൂക്കോട്ടൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഭാഷകളിലുള്ള പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ആലപിക്കും. 10.30 മുതല്‍ രാത്രി ഒന്ന് വരെ ശറഫുല്‍ അനാം മൗലിദ് പൂര്‍ണമായും പാരായണം ചെയ്യുന്ന പരിപാടി. ഒന്ന് മുതല്‍ പുലര്‍ച്ചെ മൂന്ന് വരെ ലൈലത്തുന്നൂര്‍ സെഷനില്‍ മദീനാപാട്ടുകള്‍, ഖവാലി, നശീദ എന്നിവയും നടക്കും.

പുലര്‍ച്ചെ മൂന്ന് മുതല്‍ പ്രവാചക ജനന സമയത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ ആരംഭിക്കും. അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന പരിപാടിക്ക് പ്രവാചക പരമ്പരയിലെ 20 സാദാത്തുക്കള്‍ നേതൃത്വം നല്‍കും. ബുര്‍ദ പാരായണം, സലാം ബൈത്ത്, വിവിധ മൗലിദുകള്‍, അശ്റഖ പാരായണം എന്നിവ സമാപന സംഗമത്തില്‍ നടക്കും. പ്രാര്‍ഥനക്ക് കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മഅദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതരായ ശൈഖ് ഹബീബ് ആദില്‍ ജിഫ്രി മദീന, ശൈഖ് ഔന്‍ അല്‍ ഖദ്ദൂമി ജോര്‍ദാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.

പരിപാടികള്‍ വീക്ഷിക്കുന്നതിന് www.youtube.com/MadinAcademy
സന്ദർശിക്കുക. മഅദിന്‍ അക്കാദമിയില്‍ റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ വിവിധങ്ങളായ പരിപാടികളാണ് നടന്നു വരുന്നത്. രാത്രി 7.30 മുതല്‍ 9.00 വരെ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ നടക്കുന്ന  സ്നേഹ നബി പ്രഭാഷണത്തിലും മൗലിദ് ജല്‍സയിലും പതിനായരത്തിലേറെ കുടുംബങ്ങളാണ് ഓണ്‍ലൈനായി ദിനംപ്രതി സംബന്ധിക്കുന്നത്. പ്രമുഖ പ്രഭാഷകരെ ഉള്‍ക്കൊള്ളിച്ച് 40 പ്രഭാഷണങ്ങളും നടന്നു വരുന്നു. നബിദിനത്തിന്റെ ഭാഗമായി 1000 വിധവകള്‍ക്കുള്ള ഭക്ഷ്യക്കിറ്റും 200 പേര്‍ക്ക് ധന സഹായവും 500 ഉസ്താദുമാര്‍ക്ക് റബീഅ് കിറ്റും നല്‍കി. കാമ്പയിന്‍ ഒരു മാസം നീണ്ടു നില്‍ക്കും. വിശദ വിവരങ്ങള്‍ക്ക്:  9633 158 822, 9562 451 461.