Connect with us

Covid19

കൊവിഡ് വ്യാപനം അതിരൂക്ഷം; കൈപ്പമംഗലം പഞ്ചായത്ത് ഇന്ന് മുതല്‍ പൂര്‍ണമായും അടയ്ക്കും

Published

|

Last Updated

തൃശൂര്‍ | അതിരൂക്ഷമായ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കൈപ്പമംഗലം പഞ്ചായത്ത് ഇന്ന് മുതല്‍ പൂര്‍ണമായി അടയ്ക്കും. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ എസ് ഷാനവാസ് എന്നിവരുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. തൃശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള പ്രദേശമാണ് നിലവില്‍ കൈപ്പമംഗലം.

പഞ്ചായത്ത് പ്രദേശം ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആയി മാറുന്നതിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. മത്സ്യബന്ധനവും വില്‍പനയും പൂര്‍ണമായും നിരോധിച്ചു. വാഹന യാത്രകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ നടത്താന്‍ പാടില്ല. പഞ്ചായത്ത് എന്‍ എച്ച്, വെസ്റ്റ്- ഈസ്റ്റ് ടിപ്പുസുല്‍ത്താന്‍ റോഡുകള്‍, മറ്റു പ്രധാന റോഡുകള്‍ എന്നിവയൊഴികെ എല്ലാ ഉപറോഡുകളും വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ആര്‍ ആര്‍ ടീം ഉപയോഗിച്ച് അടയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

മെഡിക്കല്‍ ഷോപ്പുകള്‍, ആശുപത്രികള്‍, ലാബുകള്‍, റേഷന്‍ കടകള്‍, മെഡിക്കല്‍ ഷോപ്പ്, മാവേലിസ്റ്റോര്‍ എന്നിവ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും.
ഹോട്ടലുകള്‍, ചായക്കടകള്‍, ഫാസ്റ്റ് ഫുഡ് കടകള്‍, ബേക്കറികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതിയില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന പലവ്യഞ്ജനം, പച്ചക്കറിക്കടകള്‍ എന്നിവ ഓരോ വാര്‍ഡിലെയും വ്യാപ്തി അനുസരിച്ച് ഒന്നോ രണ്ടോ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഏതെല്ലാം കടകള്‍ തുറക്കണമെന്നത് സംബന്ധിച്ച് വാര്‍ഡ് മെമ്പര്‍മാര്‍ക്ക് ആര്‍ ആര്‍ ടി, വ്യാപാരി വ്യവസായികള്‍ എന്നിവരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാം.

Latest