Connect with us

National

വ്യാജവാര്‍ത്തകളാല്‍ അധികകാലം പിടിച്ച് നില്‍ക്കാനാകില്ല; യുവജനം തെരുവിലിറങ്ങും: രഘുറാം രാജന്‍

Published

|

Last Updated

മുംബൈ  | രാജ്യത്ത് അടിയന്തരമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നടപടിയില്ലെങ്കില്‍ തൊഴില്‍രഹിതരായ യുവാക്കള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങുന്ന സാഹചര്യമുണ്ടാകുമെന്ന് ആര്‍ ബി ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളും വ്യാജവാര്‍ത്തകളും കൊണ്ട് പ്രശ്‌നങ്ങളില്‍നിന്ന് അധികകാലം ശ്രദ്ധതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ ഇന്ത്യ (ആത്മ നിര്‍ഭര്‍ ഭാരത് ) പദ്ധതി വഴി ഇറക്കുമതി ഒഴിവാക്കാനും പകരം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുമുള്ള നീക്കം അപകടകരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ സ്റ്റഡീസ് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു രഘുറാം രാജന്‍.

നികുതിനിരക്കുകള്‍ ഉയര്‍ത്തി ഇറക്കുമതി കുറച്ച് ഇവിടെ ഉത്പാദനം കൂട്ടാനുള്ള ശ്രമമാണെങ്കില്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി അപകടകരമായിരിക്കും. ഏതാനും വര്‍ഷമായി ഈ രീതി ഉപയോഗിച്ച് പരാജയപ്പെട്ടതാണ്. ഇവിടെ ഉത്പാദിപ്പിക്കുന്നതിലും ലാഭകരമാണെങ്കിലാണ് ഇറക്കുമതി നടക്കുക. . ഇറക്കുമതിത്തീരുവ ഉയര്‍ത്തുന്നതിനു പകരം ഇന്ത്യയില്‍ ഉത്പാദനത്തിനു വേണ്ട അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.