Connect with us

Ongoing News

ലൈഫ് മിഷന്‍ കേസ്: സി ബി ഐക്ക് ഹൈക്കോടതിയില്‍ കനത്ത തിരിച്ചടി

Published

|

Last Updated

കൊച്ചി | ലൈഫ് മിഷന്‍ കേസില്‍ സി ബി ഐക്ക് ഹൈക്കോടതിയില്‍ കനത്ത തിരിച്ചടി. സര്‍ക്കാരിനെതിരായ അന്വേഷണം സ്റ്റേ ചെയ്ത നടപടിയില്‍ വേഗം വാദം കേള്‍ക്കണമെന്ന സി ബി ഐ ആവശ്യം കോടതി തള്ളി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഓണ്‍ലൈന്‍ വഴിയാണ് ഹരജി പരിഗണിച്ചത്.

സത്യവാങ്മൂലം തയാറാക്കാതെയാണ് സി ബി ഐ ഹരജി ഫയല്‍ ചെയ്തിരുന്നത്. എതിര്‍ സത്യവാങ്മൂലം തയ്യാറായിട്ടില്ലെന്ന മറുപടിയാണ് സി ബി ഐ അഭിഭാഷകന്‍ നല്‍കിയത്. സത്യവാങ്മൂലം വിശദപരിശോധനക്കായി ഡല്‍ഹിയിലേക്ക് അയച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാലുടന്‍ സമര്‍പ്പിക്കുമെന്നും വകുപ്പ്തല കാര്യമായതിനാലാണ് കാലതാമസമുണ്ടാകുന്നതെന്നും സി ബി ഐ വ്യക്തമാക്കി. അങ്ങനെയാണെങ്കില്‍ പിന്നെ എന്തിനാണ് ഹരജി വേഗത്തില്‍ പരിഗണിക്കാന്‍ അപേക്ഷ നല്‍കിയതെന്ന് കോടതി ചോദിച്ചു. സ്റ്റേ ഉത്തരവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും അന്വേഷണം തുടരാന്‍ അനുമതി വേണമെന്നും സി ബി ഐ വാദിച്ചു. തുടര്‍ന്ന് എതിര്‍ സത്യവാങ്മൂലം എവിടെ എന്ന് കോടതി ചോദിച്ചു. അപ്പോഴാണ് സത്യവാങ്മൂലം ഹാജരാക്കാന്‍ സമയമെടുക്കുമെന്ന വാദം അന്വേഷണ ഏജന്‍സി മുന്നോട്ടു വച്ചത്.

എതിര്‍ സത്യവാങ്മൂലം നല്‍കി പുതിയ ഹരജി നല്‍കാനും കേസ് എപ്പോള്‍ പരിഗണിക്കണമെന്ന് അതിനു ശേഷം തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. അതേസമയം, സര്‍ക്കാരിനെ താറടിച്ചു കാണിക്കാന്‍ ആണ് സി ബി ഐ ശ്രമമെന്ന് ലൈഫ് മിഷന്‍ കോടതിയില്‍ പറഞ്ഞു.

Latest