Connect with us

Ongoing News

കളംനിറഞ്ഞ് വാട്‌സനും ഡുപ്ലിസിയും; ചെന്നൈക്ക് സൂപ്പര്‍ ജയം

Published

|

Last Updated

ദുബൈ | പ്രായത്തെ തോല്‍പ്പിച്ച് ഷെയിന്‍ വാട്‌സനും ഒപ്പം ഡുപ്ലിസിയും മുന്നില്‍ നിന്ന് നയിച്ച ഐ പി എല്ലിലെ പതിനെട്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന് അനായാസ ജയം. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ 178 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 181 റൺസെടുത്ത് ലക്ഷ്യം മറികടന്നു. ചെന്നൈക്ക് വലിയ ആശ്വാസമാണ് ഈ ജയം നേടിക്കൊടുത്തത്.

വാട്ട്സൺ 53 ബോളിൽ നിന്ന് 83 റൺസ് നേടിയപ്പോൾ ഡുപ്ലിസി 53 ബോളിൽ നിന്ന് 87 റൺസും നേടി. 17.4 ഓവറിലാണ് ചെന്നൈ വിജയം നേടിയത്. മൂന്ന് സിക്സറുകളും 11 ഫോറുകളുമടങ്ങുന്നതാണ് വാട്സന്റെ ഇന്നിംഗ്സ്. ഡുപ്ലിസി ഒരു സിക്സും 11 ഫോറുകളും നേടി.

 

ടോസ് ലഭിച്ച പഞ്ചാബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബ് ബാറ്റിംഗ് നിരയില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലാണ് മുന്നില്‍ നിന്ന് നയിച്ചത്. രാഹുല്‍ 52 ബോളുകളില്‍ നിന്ന് 63 റണ്‍സ് നേടി. രാഹുലിനൊപ്പം മായങ്ക് അഗര്‍വാളുമുണ്ടായിരുന്നു. അഗര്‍വാള്‍ 26 റണ്‍സ് നേടി. മുന്‍ മത്സരങ്ങളിലൊക്കെ നിറഞ്ഞാടിയിരുന്ന അഗര്‍വാള്‍ പക്ഷേ ദുബൈയിലെ ഈ മത്സരത്തില്‍ പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. നിക്കോളാസ് പുരാനാണ് തിളങ്ങിയ മറ്റൊരു താരം.

ചെന്നൈയുടെ ഷര്‍ദുല്‍ ഠാക്കൂറാണ് വലിയൊരു സ്‌കോര്‍ നേടുന്നതില്‍ നിന്ന് പഞ്ചാബിനെ തടഞ്ഞത്. അവസാന പാദത്തിലെ ഓവറില്‍ ആദ്യം പുരാനെയും അടുത്ത ബോളില്‍ രാഹുലിനെയും ഠാക്കൂര്‍ പുറത്താക്കിയതാണ് കളി ചെന്നൈക്ക് വലിയ തോതില്‍ അനുകൂലമായത്. രവീന്ദ്ര ജഡേജ, പിയൂഷ് ചൗള എന്നിവരാണ് ചെന്നൈ നിരയില്‍ മറ്റ് വിക്കറ്റുകള്‍ നേടിയത്.