National
കര്‍ഷക ബില്ലില്‍ മോദി സര്‍ക്കാറിന് വന്‍ തിരിച്ചടി; ശിരോമണി അകാലി ദള്‍ എന്‍ ഡി എ വിട്ടു

ന്യൂഡല്‍ഹി | മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക ബില്ലുകളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍ ഡി എ സഖ്യം ഉപേക്ഷിച്ചു. ബി ജെ പിയുടെ പഴക്കം ചെന്ന സഖ്യകക്ഷി കൂടിയാണ് അകാലി ദള്‍.
ബില്ലിനെ തുടര്‍ന്ന്, ബി ജെ പിയുമായുള്ള ബന്ധം പുനഃപരിശോധിക്കുമെന്ന് അകാലി ദള്‍ മേധാവി സുഖ്ബീര്‍ സിംഗ് ബാദല്‍ നേരത്തേ അറിയിച്ചിരുന്നു. തുടക്കഘട്ടത്തില്‍ ബില്ലുകളെ അകാലി ദള്‍ പിന്തുണച്ചിരുന്നെങ്കിലും കര്‍ഷകരോഷം കണക്കിലെടുത്ത് ആദ്യം കേന്ദ്ര മന്ത്രി സഭയില്‍ നിന്ന് തങ്ങളുടെ പ്രതിനിധിയെ പിന്‍വലിക്കുകയും ഒടുവില്‍ സഖ്യം ഉപേക്ഷിക്കുകയുമായിരുന്നു.
ബില്ലില്‍ ഒപ്പുവെക്കരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ശിരോമണി അകാലി ദള്‍ നേരത്തേ അഭ്യര്‍ഥിച്ചിരുന്നു. പഞ്ചാബിലെ കര്‍ഷകരാണ് അകാലി ദളിന്റെ വോട്ടുബേങ്ക്. ബാദലിന്റെ ഭാര്യ കൂടിയായ ഹര്‍സിമ്രത് കൗര്‍ ബാദലാണ് കഴിഞ്ഞയാഴ്ച കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരുന്നത്.