Connect with us

Ongoing News

അന്നവും സ്നേഹവും

Published

|

Last Updated

ഒറ്റവാക്കനശ്വര ശുദ്ധസൗന്ദര്യത്തിന്റെ
മുറ്റത്ത് നൃത്തം ചെയ്തു “തിരുവോണ”മെന്നോതും!
സത്യത്തെ മറയ്ക്കുന്ന പ്രഛന്ന വേഷങ്ങളെ
നിർഭയം നേരിട്ടാത്മബലിതൻ കഥ പാടും
മറ്റൊരു മഹാലോക സൃഷ്ടിസങ്കൽപ്പത്തിന്റെ
ചിത്രജാലകം തുറന്നെത്തുന്ന പ്രഭാതത്തിൽ
എന്തെന്തു പവിത്രമാണോണ മാഹാത്മ്യത്തിന്റെ
തുന്പയും മുക്കുറ്റിയും വിടരും പൂവേ…പൊലി
പിന്നെയും കാലത്തിന്റെ കർമഭൂപടങ്ങളിൽ
തങ്കനൂപുരം കെട്ടി സ്വപ്നങ്ങളൂഞ്ഞാലാടും
തിങ്കളും ഞാനും ചേർന്നു മൺകുടിൽ മുറ്റങ്ങളിൽ
മംഗളാരവം ചേർത്തു മക്കളെ പുണരുന്പോൾ
കണ്ണുനീർ വറ്റിച്ചുപ്പുചേർക്കുന്ന കഞ്ഞിക്കുള്ളിൽ
എന്നുമുണ്ടോണപ്പൊട്ടനിറങ്ങും നിഴൽച്ചിത്രം
സ്നേഹനീതിതൻ തൂശനിലയിൽ വിളന്പുക
നാലു വറ്റെങ്കിൽ നാലുവറ്റെന്റെയമ്മക്കൈയാൽ!
ആയിരം പെരുംപാദവിസ്മയ മായാവികൾ
ഭൂമിയുമാകാശവുമളന്നു കവർന്നാലും
ഏക കാരുണ്യത്തിന്റെ ശിരസ്സിൽ കാലത്തിന്റെ
ജീവനീതികൾക്കെല്ലാം നേരിന്റെ പുനർജനി!!