Connect with us

Kerala

ഇന്ന് അത്തം: പൂക്കളമൊരുക്കാന്‍ നാട്ടിടവഴികളിലേക്കിറങ്ങി മലയാളികള്‍

Published

|

Last Updated

കോഴിക്കോട് | നാട്ടിന്‍പുറങ്ങളും വേലിപ്പടര്‍പ്പുകളും നാട്ടിടവഴികളുമെല്ലാം മലയാളിയുടെ മനസ്സില്‍ നിന്ന് മാഞ്ഞു തുടങ്ങിയതാണ്. ഇത്തവണ ഓണത്തിന് അത്തപ്പൂക്കളമൊരുക്കണമെങ്കില്‍ റോഡുകളായി രൂപാന്തരം പ്രാപിച്ച ഓര്‍മ്മകളുടെ ഇടവഴികളിലൂടെ പൂക്കള്‍ തേടി ഒരുപാട് അലയേണ്ടി വരും മലയാളിക്ക്.

കൊവിഡ് പശ്ചാത്തലത്തില്‍ അന്യനാട്ടില്‍ നിന്നുള്ള പൂക്കള്‍ വേണ്ടെന്ന് സര്‍ക്കാരിന്റെ ഉത്തരവുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ പൂക്കളമൊരുക്കാന്‍ നാടന്‍ പൂക്കള്‍ തിരയേണ്ടി വരും. നഗര പരിധിയില്‍ താമസിക്കുന്നവരെ പൂക്കളം ഇത്തവണ ചെറുതായെങ്കിലും ഒന്ന് വലച്ചേക്കും. എന്ത് തന്നെയായാലും തനിമ നഷ്ടപ്പെട്ട മലയാളത്തിന് ഈ ഓണം പഴമയിലേക്കുളള ഒരു തിരിച്ചുപോക്കായേക്കും. പൂവിളികളും പാട്ടുകളുമായി നഗരമെന്നോ നാട്ടുപുറമെന്നോ വ്യത്യാസമില്ലാതെ കുരുന്നുകള്‍ പൂക്കള്‍ തേടിയിറങ്ങും. തുമ്പ, തെച്ചി, മുക്കുറ്റി, മന്ദാരം, വേലിയില്‍ പടര്‍ന്ന് നില്‍ക്കുന്ന ഓടാപ്പൂ, കണ്ണെത്താദൂരത്തോളം പടര്‍ന്ന് കിടക്കുന്ന ശംഖുപുഷ്പവും ഓര്‍മ്മ മാത്രമായിട്ട് വര്‍ഷങ്ങളായി. ഓണക്കാലത്ത് തമിഴ്നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും പൂക്കള്‍ എത്താന്‍ തുടങ്ങിയതോടെ ഇവയെല്ലാം നമ്മള്‍ മറന്നു. ഡാലിയയും ജമന്തിയും ചെട്ടിയുമെല്ലാം ഓണപ്പൂക്കളം തീര്‍ക്കാന്‍ തുടങ്ങി.

എന്നാല്‍ ഇത്തവണ കൊവിഡ് സാധ്യത വര്‍ധിക്കുന്ന സാഹചര്യമുള്ളതിനാല്‍ പൂക്കളമൊരുക്കാന്‍ അതതു പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇത്തവണ പൂക്കള്‍ എത്തുന്നത് കുറയും. അതോടെ പറമ്പിലെ പൂത്ത് നില്‍ക്കുന്ന ചെമ്പരത്തിയും നമ്പ്യാര്‍വട്ടവും ഓണക്കാലത്ത് മാത്രം തലയുയര്‍ത്തി നില്‍ക്കുന്ന കൃഷ്ണ കിരീടവും ഇനി അത്തം മുതല്‍ മലയാളികളുടെ വീട്ട് മുറ്റത്തെ കളങ്ങളില്‍ നിറയും.

മുന്‍ വര്‍ഷങ്ങളിലെല്ലാം അത്തം തുടങ്ങുന്നതിന്റെ മുന്നേ ദിവസം തന്നെ പൂക്കള്‍ വിപണിയില്‍ എത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം പൂക്കടകളിലെ പൂത്തട്ടുകളെല്ലാം കാലിയാണ്. കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്നും മൈസൂരില്‍ നിന്നുമൊക്കെയാണ് സംസ്ഥാനത്തേക്ക് പൂക്കള്‍ എത്തിയിരുന്നത്. ഇപ്രാവശ്യം അതുണ്ടാവില്ല. നിലവില്‍ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി വരുന്ന പച്ചക്കറി വണ്ടികളിലൂടെയാണ് ജില്ലയിലേക്കാവശ്യമായ പൂക്കളെത്തുന്നത്. വലിയ ചരക്കുകൂലി കൊടുത്ത് പൂക്കള്‍ വിപണിയിലെത്തിച്ചാലും വാങ്ങുവാന്‍ ആളുകളില്ലെന്ന് പൂക്കച്ചവടക്കാര്‍ പറയുന്നു.

വിവാഹ സീസണുകളും ആഘോഷ പരിപാടികളും കൊവിഡിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വന്നതോടെ പൂക്കള്‍ക്ക് ആവശ്യക്കാരും കുറഞ്ഞു. കച്ചവടമില്ലാതായതോടെ ഇവരെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ ദുരിതത്തിലുമായി. കച്ചവടമില്ലാതായതോടെ ഉടമകളില്‍ പലരും കടകളിലെ തൊഴിലാളികളെ പറഞ്ഞു വിട്ടു. കുടുംബം പുലര്‍ത്താന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്ത ഇവര്‍ക്ക് ഓണ വിപണി മാത്രമായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇത്തവണ അതും ഇല്ലാതായിരിക്കുകയാണ്.

കോഴിക്കോട്

Latest