Connect with us

Religion

വൃത്തി

Published

|

Last Updated

അയാൾ മാസ്മരിക ഹൃദയമുള്ളവനാണ്. കുലീനൻ, സമ്പന്നൻ, ലളിതൻ, അദ്ദേഹത്തെ കുറിച്ച് പറയുകയാണെങ്കിൽ വായിൽ കവിയുന്ന വാക്കുകൾ കൊണ്ട് ഇനിയും പറയാനേറെ. പക്ഷേ, കക്ഷിക്ക് ഒരു ന്യൂനതയുണ്ട്, പല്ലുതേപ്പ് അന്യമാണ്. മാതാപിതാക്കൾ ശീലിപ്പിക്കാത്തത് കൊണ്ടാകണം യുവത്വത്തിലും ഈ ശീലം ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചില്ല.
മൂന്ന് നേരവും മുറുക്കിത്തുപ്പൽ ശീലമാക്കിയത് കാരണം നാട്ടുകാർ മൂക്കുപൊത്താതെ അയാളിൽ നിന്ന് രക്ഷപ്പെട്ടു. കാര്യമെന്തൊക്കെയായാലും കണ്ടറിയാത്തവൻ കൊണ്ടറിയും എന്ന ചൊല്ലിനെ അർഥവത്താകും വിധം 32ാം വയസ്സിൽ ഒന്നാമത്തെ പല്ല് കൊഴിഞ്ഞതോടെ മൂപ്പര് പാഠമുൾക്കൊണ്ടു. ഒന്നല്ലേ പോയിട്ടുള്ളൂ എന്ന് വിചാരിക്കും മുമ്പേ ബാക്കിയുള്ളതും പൊട്ടിയും പൊടിഞ്ഞും പോയി. വെപ്പ് പല്ല് എന്ന പരിഹാരം മാത്രം മുന്നിൽക്കണ്ട് കക്ഷിയുടെ നിർബന്ധത്തിന് അത് സ്വർണത്തിന്റെത് തന്നെയാക്കി. അങ്ങനെ കാലാകാലം ഇല്ലാത്ത ശീലം അദ്ദേഹം തുടങ്ങി. അതിന്റെ നഷ്ടപരിഹാരവും ചേർത്ത് അഞ്ച് നേരവും മൂപ്പര് ആഞ്ഞ് പല്ല് തേക്കാൻ തുടങ്ങി..

മനുഷ്യ ശരീരത്തിൽ അള്ളാഹു ആന്തരികവും ബാഹ്യവുമായി ചെയ്ത അനുഗ്രഹങ്ങൾ എണ്ണമറ്റതാണ്. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾക്ക് അതിന്റെ കണക്കെടുക്കാനാകില്ല (സൂറത് ഇബ്‌റാഹീം-34) എന്ന ഖുർആൻ വാക്യം അതിനെ ഉറപ്പിക്കുന്നു. ഈമാൻ എന്ന അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹത്തിനു ശേഷം രണ്ടാം സ്ഥാനത്ത് എണ്ണാവുന്നതാണ് ആരോഗ്യം. കാരണം, തന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന പടച്ചതമ്പുരാന് ആരാധനകളാൽ കർമനിരതനാകാനും തനിക്കും കുടുംബത്തിനും സമൂഹത്തിനും ഭൗതികപരമായി സമ്പാദിക്കാനും ആരോഗ്യം ഒഴിച്ചുകൂടാനാകാത്തതാണ്. ആയതിനാൽ ഒരു മനുഷ്യന്റെ സമ്പാദ്യങ്ങളിൽ വെച്ച് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതാണ് ആരോഗ്യമെന്ന് തന്നെ പറയാം. എന്നാൽ, പലരും ഇന്ന് ഇതിനെ കുറിച്ച് അശ്രദ്ധരാണ്. നമുക്ക് ചുറ്റും കാണുന്ന വൃത്തിഹീനമായ അന്തരീക്ഷവും പെരുകിക്കൊണ്ടിരിക്കുന്ന ദുശ്ശീലങ്ങളും ഇതിനെ യാഥാർഥ്യമാക്കുന്നു. ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് “അനുഗ്രഹങ്ങളുടെ കാര്യത്തിൽ അധികമാളുകളും അശ്രദ്ധരാണ്, ആരോഗ്യവും ഒഴിവുസമയവും ആണവ” (ബുഖാരി).

ആരോഗ്യം വൃത്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ അതിന്റെ വലിയൊരു ഭാഗം വൃത്തിയുമായി ബന്ധപ്പെടുന്നത് കാണാം. ആരോഗ്യത്തിന് വൃത്തി അനിവാര്യമാണെന്ന് സാരം. അതിനാൽ ഇസ്‌ലാം വൃത്തിക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. നിർബന്ധിത ബാധ്യതകളിൽ അതിനെ എണ്ണുന്നുമുണ്ട്. നബി (സ്വ) പറഞ്ഞു: ഇസ്‌ലാം പടുത്തുയർത്തപ്പെട്ടത് വൃത്തിയിലൂടെയാണ്.

മറ്റൊരവസരത്തിൽ നബി (സ്വ) പറഞ്ഞു: ശുദ്ധി ഈമാനിന്റെ പകുതിയാണ് (മുസ്്ലിം).
വിവിധ ആരാധനാ കർമങ്ങളിൽ വൃത്തിയുടെ അനിവാര്യതയും പ്രാധാന്യവും ഈ പ്രയോഗങ്ങൾ എടുത്തുകാണിക്കുന്നു. വിവിധ സമയങ്ങളിൽ ഇടവിട്ട് അവയവങ്ങൾ കഴുകി ശുദ്ധീകരിക്കുന്നത് ഒരു പരിധിവരെ ത്വക്്രോഗങ്ങളിൽ നിന്നും മറ്റു പകർച്ചവ്യാധികളിൽ നിന്നും സംരക്ഷണം നൽകുമെന്ന് ശാസ്ത്രം ഉപദേശിക്കുമ്പോൾ ഇസ്‌ലാം വുളൂഇലൂടെ അതിനെ പ്രാവർത്തികമാക്കുന്നു. കൂടാതെ വുളൂ നിത്യമാക്കൽ വിശ്വാസിയുടെ അടയാളമായി എണ്ണുകയും ചെയ്യുന്നു. അതുപോലെ നിസ്‌കരിക്കുന്നവന്റെ അവയവങ്ങളും വസ്ത്രവും സ്ഥലവും മ്ലേച്ചമായ (നജസ്) വസ്തുക്കളിൽ നിന്ന് ശുദ്ധിയായാൽ മാത്രമേ നിസ്‌കാരം സ്വീകരിക്കപ്പെടുകയുള്ളൂ. ഇങ്ങനെ വിവിധ അവയവങ്ങളിലും ഭാഗങ്ങളിലും പാലിക്കേണ്ട വൃത്തി ഇസ്‌ലാം നിർദേശിക്കുകയും പ്രവാചകൻ സ്വജീവിതത്തിലൂടെ കാണിച്ചു തരികയും ചെയ്തിട്ടുണ്ട്.

മുടി കൊണ്ടും താടി കൊണ്ടും വിവിധ തരത്തിലുള്ള കോലംകെട്ടലുകളാണ് ഇന്ന് നിലവിലുള്ളത്. പല പേരിലായി പല സ്‌റ്റൈലുകൾ ദിനംപ്രതി ഇറങ്ങുന്നു. എന്നാൽ, ശരീര രോമങ്ങളുടെ കാര്യത്തിൽ പോലും ഇസ്‌ലാം നിഷ്‌കർഷത പാലിക്കുന്നുണ്ട്. നബി (സ്വ) പറയുന്നു “ആർക്കെങ്കിലും മുടി ഉണ്ടെങ്കിൽ അവൻ അതിനോട് മാന്യത കാണിക്കട്ടെ” (അബൂദാവൂദ്). ഇബ്‌നു ഉമർ (റ) റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ ഖസ്അ് നിരോധിച്ചതായി കാണാം. ഖസ്അ് എന്നാൽ മുടി അൽപ്പം മുറിക്കലും ബാക്കിയുള്ളത് മുറിക്കാതെ നിർത്തലുമാണ് (ബുഖാരി, മുസ്്ലിം).
ധാരാളം മുടി വളർത്തി അതിനെ പാറിക്കളിക്കുന്ന രൂപത്തിൽ ഇടുന്നതിന് പകരം ചീകി അടക്കി നിർത്താനാണ് നബി (സ്വ) പല സന്ദർഭങ്ങളിലായി നിർദേശിച്ചത്. കാരണം മുടിയോടുള്ള മാന്യത അതിനെ ചീകി അടക്കിനിർത്തലാണ്. ഇമാം മാലിക് (റ) മുവത്വയിൽ വിശദീകരിക്കുന്ന ഒരു സംഭവം കാണാം. നബി (സ്വ) പള്ളിയിൽ ഇരിക്കുമ്പോൾ പാറിപ്പറക്കുന്ന മുടിയുമായി ഒരാൾ കയറിവന്നു. അദ്ദേഹത്തോട് മുടിയും താടിയും നന്നാക്കാൻ കൽപ്പിക്കുന്ന പോലെ നബിതങ്ങൾ ആംഗ്യം കാണിച്ചു. അദ്ദേഹം അതെല്ലാം ചീകിയൊതുക്കി വൃത്തിയായി വന്നപ്പോൾ പ്രവാചകർ (സ്വ) ചോദിച്ചു “പിശാചിനെപ്പോലെ പാറിപ്പറക്കുന്ന മുടിയുമായി വരുന്നതിനേക്കാൾ ഇതല്ലേ നല്ലത്”. മറ്റൊരു സംഭവം ജാബിർ (റ) പറയുന്നു: “ഞങ്ങളുടെ വീട്ടിലേക്ക് നബിതങ്ങൾ സന്ദർശകനായി വന്നു. അപ്പോൾ തലമുടി പിഞ്ഞിനിൽക്കുന്ന ഒരാളെ നബി (സ്വ)യുടെ ശ്രദ്ധയിൽപ്പെട്ടു. നബി (സ്വ) പറഞ്ഞു: “ഇയാൾക്ക് തന്റെ തലമുടി അടക്കിനിർത്താൻ ഉള്ളതൊന്നും ലഭിച്ചില്ലയോ”. ചളിപുരണ്ട വസ്ത്രം ധരിച്ച മറ്റൊരാളെ കണ്ടപ്പോൾ സ്വന്തം വസ്ത്രം കഴുകാൻ ഉള്ളതൊന്നും ലഭിച്ചില്ലേ എന്നും നബി (സ്വ) ചോദിച്ചു. (അബൂദാവൂദ്, അഹ്്മദ്).

റസൂൽ (സ്വ)യെ കുറച്ചുപേർ കാത്തുനിൽക്കുകയായിരുന്നു. അവരിലേക്ക് പോകുന്നതിനുമുമ്പ് വീട്ടിലെ വെള്ളം നിറച്ച പാത്രത്തിലെ പ്രതിബിംബം നോക്കി നബി(സ്വ) താടിയും മുടിയും ശരിയാക്കിവെച്ചു. ഇതുകണ്ട് ആഇശ ബീവി ചോദിച്ചു: “ഓ അല്ലാഹുവിന്റെ റസൂലേ….അങ്ങും ഇങ്ങനെ ചെയ്യുന്നുവോ?” അപ്പോൾ നബി (സ്വ) തങ്ങൾ പറഞ്ഞു: “ഒരാൾ തന്റെ സഹോദരങ്ങളെ കാണാൻ ചെല്ലുമ്പോൾ സ്വന്തം രൂപഭംഗി വരുത്തണം. അല്ലാഹു സൗന്ദര്യം ഉള്ളവനാണ്, അവൻ സൗന്ദര്യത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു (ഖുർതുബി).

യാത്ര കഴിഞ്ഞ് നാട്ടിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അവിടുന്ന് അനുയായികളോട് പറയുമായിരുന്നു “നിങ്ങൾ നിങ്ങളുടെ സഹോദരങ്ങളുടെ അടുത്തേക്ക് ചെല്ലുകയാണ്, അതിനാൽ നിങ്ങളുടെ വസ്ത്രം നന്നാക്കുകയും ജനങ്ങൾക്കിടയിൽ നല്ല ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്യുക. അല്ലാഹു വൃത്തികേടും വൃത്തിയില്ലായ്മയും ഇഷ്ടപ്പെടുന്നില്ല” (അബൂദാവൂദ്).

വായ വൃത്തിയാക്കലും പല്ലുതേക്കലും വൃത്തിയുടെ ഭാഗമാണ്. വുളു, നിസ്‌കാരം, ഖുർആൻ ഓതുക, ഭക്ഷണം കഴിക്കുക, ഉറങ്ങുക, ഉറക്കിൽ നിന്ന് ഉണരുക, പല്ലിന് മഞ്ഞനിറം വരിക തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ഇസ്‌ലാം മിസ്്വാക്ക് (ദന്ത ശുദ്ധീകരണം) ചെയ്യലിനെ സുന്നത്തായി എണ്ണുന്നുണ്ട്. നബി (സ്വ) പറയുന്നു: “ദന്ത ശുദ്ധീകരണത്തിലും വായ ശുദ്ധിയാക്കുന്നതിലും അല്ലാഹുവിന്റെ തൃപ്തി തരുന്നതാണ്”.

Latest