Connect with us

Covid19

കൊവിഡ്: രാജ്യത്ത് സാമൂഹിക വ്യാപനം ഇല്ലെന്ന കേന്ദ്ര നിലപാട് തള്ളി വിദഗ്ധർ

Published

|

Last Updated

ന്യൂഡൽഹി | കൊറോണവൈറസിനെക്കുറിച്ച് വ്യക്തമായി പഠിക്കാതെ മുംബൈ, ഡൽഹി, ചെന്നൈ പോലുള്ള സംസ്ഥാനങ്ങളിൽ സാമൂഹിക വ്യാപനം ഇല്ലെന്നു പറയുന്ന കേന്ദ്ര സർക്കാർ നിലപാട് തള്ളി വിദഗ്ധർ. ഈ മേഖലകളിൽ രോഗം കൈകാര്യം ചെയ്യുന്ന ഡോക്ടർമാരും, കൊവിഡിന്റെ വിവിധ വകഭേദങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന വിദഗ്ദരുമാണ് ഇത്തരമൊരു വാദവുമായി രംഗത്തെത്തിയത്. രോഗവ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടന്നുവെന്ന സത്യം അംഗീകരിക്കാൻ കേന്ദ്രം ഇതു വരെ തയ്യാറായിട്ടില്ല. ചൊവ്വാഴ്ച ഇതുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാറുമായി നടന്ന യോഗം തർക്കത്തിൽ കലാശിക്കുകയായിരുന്നു.

സംക്രമികരോഗവ്യാപനത്തെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാകാം ഭരണകൂടം മൗനം പാലിക്കുന്നതെന്ന് രാജ്യത്തെ മികച്ച വൈറോളജിസ്റ്റുകളിലൊരാളായ ടി ജേക്കബ് ജോൺ അഭിപ്രായപ്പെട്ടു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (എ സി ഐ ആർ) നടത്തിയ പുറത്തു വിടാത്ത പഠനത്തിന്റെ പ്രഥമിക റിപ്പോർട്ടും ഇതു തന്നെയാണ് സ്ഥിരീകരിക്കുന്നത്.

ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ നടത്തിയ സർവേ പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തേക്കാൾ 100-200 മടങ്ങ് വരെ വർധനവ് കാണിക്കുന്നതായി ഈ പഠനം പറയുന്നു. സാമൂഹികവ്യാപനം നടക്കുന്നുണ്ടെന്നും നിലവിലെ പ്രതിരോധപ്രവർത്തനങ്ങൾ പര്യാപ്തമല്ലെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. ചില പ്രദേശങ്ങളിൽ ഇത് ജനസംഖ്യയുടെ 10 മുതൽ 30 ശതമാനം വരെ ആളുകൾക്ക് ബാധിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരത്തിൽ വ്യാപനത്തിന്റെ തോത് വളരെ കൂടുതലാണ്. 60 ജില്ലകളിലും ഏറ്റവും കൂടുതൽ രോഗികളുള്ള 10 നഗരങ്ങളിലും നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പഠനം.

സാമൂഹിക വ്യാപനം ഉണ്ടായിട്ടും സർക്കാർ മൗനം പാലിക്കുന്നത് എന്തിനെന്ന ചോദ്യത്തിന്, അണുബാധയുടെ ഉറവിടങ്ങൾ തങ്ങൾക്ക് അറിയാമെന്ന മനോഭാവം ഉദ്യോഗസ്ഥർക്ക് ഉണ്ടായിരിക്കാമെന്നും അത് അംഗീകരിക്കാനാകില്ലെന്നും ജോൺ പറഞ്ഞു.

Latest