Connect with us

Articles

ഇ ലേണിംഗും സാധ്യതകളും

Published

|

Last Updated

കൊറോണ കാലത്തെയും കൊറോണാനന്തര കാലത്തെയും വിദ്യാഭ്യാസത്തെക്കുറിച്ച് ബന്ധപ്പെട്ടവര്‍ എല്ലാം വലിയ ആശങ്കയില്‍ ആണല്ലോ. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഈ കാലഘട്ടം കനത്ത നഷ്ടമാണ് വരുത്തുന്നത് എങ്കിലും വിദ്യാഭ്യാസ രംഗത്തെ നഷ്ടം അപരിഹാര്യമാണ് എന്നത് നിസ്തര്‍ക്കമത്രെ. സമീപ സാന്നിധ്യത്തില്‍ പഠന പ്രവര്‍ത്തനങ്ങളും മറ്റു കൂട്ടായ്മകളും ഭാവിയില്‍ തുലോം വിരളം ആകും എന്ന് പറയാതെ വയ്യ. അസാധാരണമായ ഈ കാലഘട്ടത്തില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് നാം നിര്‍ബന്ധിതരാകുകയാണ്.
പറയാന്‍ പോകുന്നത് ഒരു വിദ്യാഭ്യാസ പ്രവര്‍ത്തനത്തെ കുറിച്ചാണ്, “അഭിരുചി പോഷണ വിദ്യാഭ്യാസ പദ്ധതി”.

“സകലകല” എന്ന് നമുക്ക് അതിന് പേരിടാം. ഓരോ വിദ്യാര്‍ഥിയുടെയും കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന പദ്ധതി എന്ന് ചുരുക്കത്തില്‍ ഇതിനെ വിളിക്കാം. നമ്മുടെ നാട്ടില്‍ നിലവിലുള്ള വിദ്യാഭ്യാസ രീതിയെ വിമര്‍ശിച്ച, നമ്മെ ഒക്കെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു കാര്‍ട്ടൂണ്‍ നിങ്ങളെല്ലാം ഓര്‍ക്കുന്നുണ്ടാകും. ഒരു പുഴക്കരയില്‍ മത്സരാര്‍ഥികള്‍ വരിവരിയായി നിരന്ന് നില്‍ക്കുകയാണ്. വിസില്‍ മുഴങ്ങിയാല്‍ നിരന്ന് നില്‍ക്കുന്നവര്‍ പുഴ മുറിച്ചു കടന്ന്, മറു പുറത്തുള്ള വലിയ മരത്തില്‍ കയറി ആദ്യം മുകളില്‍ എത്തുന്നവന്‍ വിജയി. നിരന്ന് നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ ആന, തവള, മുയല്‍, കീരി, പശു, കുരങ്ങ് എന്നിവര്‍ ഉണ്ട്. ഇങ്ങനെയാണ് നമ്മുടെ നാട്ടില്‍ നിലവിലുള്ള വിദ്യാഭ്യാസം എന്നാണ് കാര്‍ട്ടൂണിസ്റ്റ് ഉദ്ദേശിച്ചത്. എല്ലാവര്‍ക്കും ഒരേ രീതി, ഒരേ മാനദണ്ഡം.

മനഃശാസ്ത്രജ്ഞനായ ഹോവാര്‍ഡ് ഗാര്‍ഡ്‌നര്‍ പറഞ്ഞപോലെ വ്യത്യസ്ത കഴിവുകളുമായാണ് മനുഷ്യര്‍ പിറന്നുവീഴുന്നത് (multiple intelligence). ഒരാള്‍ കായിക പ്രവര്‍ത്തനത്തിലൂടെ വലിയ കായിക താരം ആകാനാണ് ജനിച്ചതെങ്കില്‍ മറ്റൊരാള്‍ ഗണിതത്തില്‍ അഗ്രഗണ്യന്‍ ആയിരിക്കും. ഒരാള്‍ക്ക് സംഗീതജ്ഞന്‍ ആകണമെങ്കില്‍ മറ്റൊരാള്‍ക്ക് ജനനേതാവ് ആകണം. ഈ സിദ്ധാന്തത്തെ നിരവധി വിദ്യാഭ്യാസ വിചക്ഷണന്‍മാരും അനുകൂലിച്ചിട്ടുണ്ട്. സിദ്ധാന്തങ്ങളുടെയും വിദ്യാഭ്യാസ പ്രാഗത്ഭ്യത്തിന്റെയും പിന്തുണയില്ലാതെ, സാമാന്യ ബോധമുള്ള ഒരാള്‍ക്ക് തന്നെ അറിയാവുന്നതാണ്, ഓരോരുത്തരും വ്യത്യസ്തമായ കഴിവുകളും അഭിരുചികളും ഉള്ളവരാണ് എന്ന്.

ഇങ്ങനെ വ്യത്യസ്ത കഴിവും അഭിരുചിയും ഉള്ളവരെ ഒരേ അച്ചില്‍ വാര്‍ക്കാന്‍ ശ്രമിക്കുന്നു എന്നതാണ് നിലവിലുള്ള വിദ്യാഭ്യാസ രീതിയെ കുറിച്ചുള്ള പരാതി. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ഥികളുടെ വ്യത്യസ്ത അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കുറെയൊക്കെ നടത്തുന്നുണ്ട്. വര്‍ഷംതോറും നടത്തിവരാറുള്ള പഠനോത്സവം ഇതിനൊരു ഉദാഹരണമാണ്.
വിദ്യാര്‍ഥികളുടെ വ്യത്യസ്തമായ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പാഠ്യ പദ്ധതി മാറ്റുക എന്നുള്ളത് ഒരുപാട് ചര്‍ച്ചകളും നയപരമായ തീരുമാനങ്ങളും ആവശ്യമായ ഒന്നാണ്. ഭാഷ, ഗണിതം, ശാസ്ത്രം തുടങ്ങിയവയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും സാമാന്യജ്ഞാനം ആര്‍ജിക്കാന്‍ കഴിയണം എന്നതും നിസ്തര്‍ക്കമാണ്. അതിന് ഇന്നത്തെ പഠനക്രമം തുടരേണ്ടിയും വരും. എന്നാല്‍ നിലവിലുള്ള പാഠ്യപദ്ധതിയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുതന്നെ, അധ്യയന സമയം കവര്‍ന്നെടുക്കാതെ, ചെലവ് രഹിതമായോ, ഏറ്റവും ചെലവ് കുറഞ്ഞ രീതിയിലോ നടപ്പാക്കാന്‍ പറ്റുന്ന ഒരു വിദ്യാഭ്യാസ പദ്ധതിയെ കുറിച്ചാണ് പറയുന്നത്. സംസ്ഥാനതലത്തിലോ, ജില്ലാതലത്തിലോ, വിദ്യാഭ്യാസ ജില്ലാതലത്തിലോ, ഉപജില്ലാ തലത്തിലോ, സ്‌കൂള്‍ തലത്തിലോ ഇത് നടപ്പാക്കാന്‍ പറ്റും.

പദ്ധതി നടപ്പാക്കാനുള്ള
നിര്‍ദേശം ഇങ്ങനെ:

അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഒരു അഭിരുചി നിര്‍ണയ പരീക്ഷ നടത്തുന്നു. കുട്ടികള്‍ക്കായി ഇങ്ങനെ അഭിരുചി നിര്‍ണയ പരീക്ഷ നടത്തുന്ന നിരവധി സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഇവരില്‍ ആരുടെയെങ്കിലും സഹായം ഇതിനായി തേടാം. പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിക്കുന്നു. സംഗീതം, നൃത്തം, ഗണിതം, ശാസ്ത്രം, ബിസിനസ്, നേതൃപാടവം, വിവര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ അഭിരുചിയുള്ള വിദ്യാര്‍ഥികളെ കണ്ടെത്തി പ്രത്യേക ഗ്രൂപ്പുകളാക്കാം. ഇതേപോലെ അധ്യാപകരെയും ഓരോ മേഖലയിലും പ്രാവീണ്യമുള്ളവരെ ക്ലസ്റ്ററുകള്‍ ആക്കി തിരിക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍ ചില ഗ്രൂപ്പുകളില്‍ അധ്യാപകരുടെ എണ്ണം കുറവായെന്നിരിക്കും. അത്തരം മേഖലകളില്‍ പുറത്തു നിന്നുള്ള വിദഗ്ധരുടെ സഹായങ്ങളും തേടാം. ഗ്രൂപ്പുകളാക്കി തിരിച്ച് അധ്യാപകര്‍ക്കായി ശിൽപ്പശാലകള്‍ നടത്തുന്നു. അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഓരോ മേഖലയിലും നല്‍കേണ്ട നൈപുണികളെ കുറിച്ച് ശിൽപ്പശാലയില്‍ ചര്‍ച്ച ചെയ്യാം. ഓരോ ഗ്രൂപ്പിലും ഉള്ള വിദ്യാര്‍ഥികള്‍ക്ക് അനുഗുണമായ മൊഡ്യൂളുകള്‍ ഇ ലേണിംഗ് മെറ്റീരിയല്‍ രൂപത്തില്‍ നിര്‍മിച്ചെടുക്കുന്നു. ഇതിനായി ഐ ടി വിദഗ്ധരായ അധ്യാപകരുടെയും ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ഥികളുടെയും സഹായങ്ങള്‍ ലഭിക്കും. ഇങ്ങനെ നിര്‍മിച്ച വീഡിയോ രൂപത്തിലുള്ള ഇ ലേണിംഗ് മെറ്റീരിയലുകള്‍ യൂട്യൂബിലേക്ക് അപ്്ലോഡ് ചെയ്യുന്നു.

നേരത്തേ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഓരോ ഗ്രൂപ്പിലെയും വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിര്‍മിക്കുന്നു. ഈ ഗ്രൂപ്പുകളിലേക്ക് ഓരോ ഗ്രൂപ്പിനും യോജിച്ച ലേണിംഗ് മെറ്റീരിയലുകളുടെ യൂട്യൂബ് ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നു. വിദ്യാര്‍ഥികളുടെ സമയവും സന്ദര്‍ഭവും അനുസരിച്ച് ഇവ നോക്കി ആസ്വദിച്ചു പഠിക്കാം. പഠന വിഭവങ്ങളെ കുറിച്ചുള്ള സംശയങ്ങളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യാം. ഇത് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പരസ്പരം സഹായകമാകും. സംശയ നിവാരണത്തിന് അധ്യാപകരും ഇതേ ഗ്രൂപ്പില്‍ അംഗങ്ങളായിരിക്കുമല്ലോ.

നിലവിലുള്ള സാമൂഹിക ചുറ്റുപാടില്‍ വാട്‌സ്ആപ്പ് സൗകര്യം പ്രാപ്യമല്ലാത്ത വിദ്യാര്‍ഥികളുടെ എണ്ണം തുലോം കുറവായിരിക്കും. ഇനി ഇക്കാര്യത്തില്‍ ബുദ്ധിമുട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്‌കൂളിലെ കമ്പ്യൂട്ടറുകള്‍ ഇതിനായി ഉപയോഗപ്പെടുത്താം. അതും അസാധ്യമായ വിദ്യാര്‍ഥികള്‍ക്കായി നാട്ടിലെ ക്ലബുകള്‍, വായനശാലകള്‍, മറ്റ് സന്നദ്ധ സംഘടനകള്‍ ഇവരുടെ സേവനം തേടാം. കുട്ടികളുടെ പഠനത്തിലെ വിരസത അകറ്റാനും ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കാനും ഇതിലൂടെ കഴിയും. വിദ്യാഭ്യാസ വര്‍ഷത്തിലെ അവസാന ടേമിന്റെ തുടക്കത്തില്‍ മൂല്യനിര്‍ണയം നടത്തി നല്ല പ്രകടനം നടത്തുന്നവരെ കണ്ടെത്തുകയും ചെയ്യാം. വളര്‍ന്നു വരുന്ന ഓരോ വ്യക്തിക്കും തന്റെ അഭിരുചിക്ക് അനുസരണമായ വിദ്യാഭ്യാസം ലഭിക്കുകയും ആ മേഖലയില്‍ മുന്നോട്ടുപോകാന്‍ അവസരം ലഭിക്കുകയും ചെയ്താല്‍ ആ വ്യക്തിയില്‍ നിന്ന് ലഭിക്കുന്നതിന്റെ പരമാവധി ആയിരിക്കും സമൂഹത്തിന് ലഭ്യമാകുക. അതിനുള്ള പരീക്ഷണങ്ങള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
(ദേശീയ അധ്യാപക ഇന്നവേഷന്‍ പുരസ്‌കാര ജേതാവാണ് ലേഖകന്‍)

---- facebook comment plugin here -----

Latest