Connect with us

Covid19

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ വീണ്ടും കൊവിഡ് മരണം

Published

|

Last Updated

മുംബൈ | മഹാരാഷ്ട്ര തലസ്ഥനമായ മുംബൈയില്‍ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. ഇതോടെ ധാരാവിയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം മൂന്നായി. ധാരാവിയിലെ കല്ല്യാണ്‍വാഡിയിലാണ് 70 വയസുകാരി ഇന്ന് മരിച്ചത്. ധാരാവിയില്‍ ഇതിനകം 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്ന സാഹചര്യത്തില്‍ ധാരാവിയില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. ഇവിടുത്തെ പഴം പച്ചക്കറി കടകളടക്കം പൂട്ടാന്‍ കോര്‍പറേഷന്‍ ഉത്തരവിട്ടു. നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയം ക്വാറന്റൈന്‍ സെന്ററാക്കി.

അതിനിടെ മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 1297 ആയി ഉയര്‍ന്നു. 12 മണിക്കൂറിനിടെ 162 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 143 കേസുകളും മുംബൈയിലാണ്. ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ ദിവസവും നൂറോ അതിലധികമോ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. എട്ടില്‍ കുറയാതെ മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സമൂഹ വ്യാപനമെന്ന ഘട്ടത്തിലേക്ക് സംസ്ഥാനം കടന്നിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറയുന്നത്. രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും അതിന്റെ തോതില്‍ വലിയ വര്‍ധനവില്ലെന്നാണ് വിശദീകരണം.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയെന്നോണമാണ് വീണ്ടും നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. വൊക്കാര്‍ഡ് ആശുപത്രിയിലെ രണ്ട് നഴ്‌സുമാരെ സെവന്‍ഹിന്‍ ആശുപത്രിയില്‍ ഐസൊലേറ്റ് ചെയ്തു. 46 മലയാളി നഴ്‌സുമാര്‍ക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ച ആശുപത്രിയാണ് വൊക്കാര്‍ഡ്. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ബ്രീച്ച് കാന്‍ഡി, ബാട്ടിയ ആശുപത്രികളില്‍ ഒപി നിര്‍ത്തി. ജീവനക്കാരെ കൂട്ടത്തോടെ ക്വാറന്റൈന്‍ ചെയ്യേണ്ടി വരുന്നതിനാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് എല്ലാ ആശുപത്രികളിലും പ്രകടമാണ്.