Connect with us

Book Review

ആദർശ സാഹസിക സമന്വയം

Published

|

Last Updated

പോരാട്ടത്തിന്റെ ജീവിതരേഖകൾ | എഡി. ഐ വി ദാസ്

ഇ എം എസ് രേഖപ്പെടുത്തിയതുപോലെ, “മലബാർ പ്രദേശത്തെ ആദ്യത്തെ മുസ്ലിം കമ്മ്യൂണിസ്റ്റായിരുന്നു” ഇമ്പിച്ചിബാവ. ലക്ഷ്യബോധവും ആദർശബോധവും സാഹസികതയും സമന്വയിപ്പിച്ച വിപ്ലവകാരി. പാർലിമെന്റ്അംഗം, രാജ്യസഭാംഗം എന്നീ നിലകളിലും അദ്ദേഹത്തിന്റെ പ്രവർത്തനം പ്രശംസാർഹമാണ്.
കേരള മന്ത്രിസഭയിൽ അംഗമായിരിക്കേ, തന്റെ ഭരണപാടവം അദ്ദേഹം തെളിയിച്ചു. മികച്ച പാർലമെന്റേറിയൻ, കഴിവുറ്റ ഭരണാധികാരി, പ്രഗത്ഭനായ പ്രാസംഗികൻ എന്നീ നിലകളിലൊക്കെ മികവ് തെളിയിച്ച ഇമ്പിച്ചിബാവ ആത്മകഥ രചിച്ചിട്ടില്ല. ആധികാരികമായ ഒരു ജീവചരിത്ര ഗ്രന്ഥം പോലും ലഭ്യമല്ല. ഈ ന്യൂനത പരിഹരിക്കാൻ പര്യാപ്തമാണ്, “പോരാട്ടത്തിന്റെ ജീവിതരേഖകൾ” എന്ന ഗ്രന്ഥം. ദേശാഭിമാനി വാരികാ പത്രാധിപർ, ഗ്രന്ഥശാലാ സംഘം സംസ്ഥാന സെക്രട്ടറി, സർവോപരി സാംസ്‌കാരിക നായകൻ എന്നീ നിലകളിലെല്ലാം പ്രസിദ്ധനായിരുന്ന, അന്തരിച്ച, ഐ വി ദാസാണ് ഈ ഗ്രന്ഥത്തിന്റെ എഡിറ്റർ.

[irp]

ഇ കെ നായനാർ, ഇമ്പിച്ചിബാവ, ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ എന്നീ മൂന്ന് മഹാരഥന്മാരുടെ സംക്ഷിപ്ത ജീവചരിത്രമാണ് പ്രസ്തുത ഗ്രന്ഥം. ഇതിൽ, ഇ കെ നായനാരെക്കുറിച്ച് മലയാളികൾക്ക് “വെള്ളം പോലെ” അറിയാം. അത്രക്കും തുറന്ന പുസ്തകമാണ് അദ്ദേഹത്തിന്റെ ജീവിതം. നർമബോധവും ധർമനിഷ്ഠയും വിപ്ലവ ചിന്തയും മൂലം അദ്ദേഹം മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. അദ്ദേഹം അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ചും പലരും ഗ്രന്ഥരചന നിർവഹിച്ചിട്ടുണ്ട്.
ജസ്റ്റിസ് കൃഷ്ണയ്യരാകട്ടേ, കേരളത്തിലെ ആദ്യത്തെ നിയമമന്ത്രിയായിട്ടാണ് തുടക്കം. ഒടുക്കം, സുപ്രീം കോടതി ജഡ്ജി എന്ന നിലയിലും. മാനവരാശിയുടെ കർമ വീഥികളിൽ ഒരു പ്രകാശ ഗോപുരം പോലെ ഈ മഹാനുഭാവൻ ഉയർന്നുനിന്നു. “എങ്ങു മനുഷ്യന് ചങ്ങല കൈകളിൽ / അങ്ങെൻ കയ്യുകൾ നൊന്തീടുകയാണെ”ന്ന ചിന്താഗതിയിൽ ഉറച്ചുനിന്നു പോരാടി, ജീവിതാന്ത്യം വരേയും അദ്ദേഹം. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ചും നിരവധി പുസ്തകങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. മാനവിക മൂല്യങ്ങളിൽ ഊന്നി നിന്ന നിയമജ്ഞൻ, അടിച്ചമർത്തപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിനായി പൊരുതിയ സമരമുഖത്തെ പോരാളി എന്നിങ്ങനെ സാമൂഹിക പരിവർത്തനത്തിന്റെപടവാളായിരുന്നു, ജ. കൃഷ്ണയ്യർ നമുക്ക് ഇമ്പിച്ചിബാവയിലേക്ക് തന്നെ മടങ്ങുക. അതാണല്ലോ ഇവിടെ പരാമർശ വിഷയം.

മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് അദ്ദേഹം ആദ്യ നിയമസഭാംഗമാകുന്നത്. തുടർന്ന് ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രിയുമായി. കമ്മ്യൂണിസ്റ്റാണെന്ന കാരണത്താൽ പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ടിരുന്ന എല്ലാ യുവാക്കൾക്കും പുനർനിയമനം നൽകാൻ അദ്ദേഹം ഉത്തരവിട്ടു. ഈ കാര്യത്തെ വിമർശിച്ച് ഒരു രാഷ്ട്രീയ പ്രതിയോഗി അഭിപ്രായപ്പെട്ടതിങ്ങനെ:”ഇമ്പിച്ചിബാവ കമ്മ്യൂണിസ്റ്റുകാരെയെല്ലാം സർവീസിൽ കുത്തി നിറയ്ക്കുന്നു.” പ്രസ്തുത ആരോപണത്തിന് ഇമ്പിച്ചിബാവ,”ഉരുളക്കുപ്പേരി” പോലെ മറുപടി കൊടുത്തു:”കമ്മ്യൂണിസ്റ്റുകാരായ ഞങ്ങൾ ഭരിക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാർക്ക് തൊഴിൽ കൊടുത്തില്ലെങ്കിൽ, നിങ്ങൾ ഭരിക്കുമ്പോൾ കൊടുക്കുമോ”?

[irp]

ഇ എം എസിന്റെ ജന്മദേശമായ ഏലംകുളത്തെ ബാഹ്യലോകവുമായി ബന്ധിപ്പിച്ചിരുന്നത് ഒരു മണ്ണ് റോഡാണ്. വേനൽക്കാലത്ത് പൊടി, മഴക്കാലത്ത് ചെളി. യാത്രക്കാർ നന്നേ വിഷമിച്ചു. ഇ എം എസ് മുഖ്യമന്ത്രിയായതോടെ കാര്യങ്ങൾ എളുപ്പമാകുമെന്ന് സാമാന്യ ജനങ്ങളും പാർട്ടി സഖാക്കളും ആത്മാർഥമായി വിശ്വസിച്ചു. ഏലംകുളം ഉൾപ്പെടുന്ന നിയോജകമണ്ഡലത്തിലെ എം എൽ എ അന്ന് പാലോളി മുഹമ്മദ് കുട്ടിയാണ്. പല കടമ്പകൾ കടന്ന് എം എൽ എ, ഇ എം എസിനെ കണ്ട് കാര്യം പറഞ്ഞു.”ടി കെ ദിവാകരനല്ലേ വകുപ്പുമന്ത്രി. അദ്ദേഹത്തോട് പറയൂ,” ഇ എം എസിന്റെ മറുപടി.

ടി കെ ദിവാകരനെ കണ്ട് നിവേദനം നൽകി.”നോക്കാം” എന്ന ഒഴുക്കൻ മറുപടി മാസങ്ങൾ നീണ്ട കാത്തിരിപ്പ് വ്യഥാവിലായി. അവസാനം പ്രശ്‌നം ഇമ്പിച്ചിബാവയുടെ മുമ്പിലെത്തി. എല്ലാവിധ സാങ്കേതിക തടസ്സങ്ങളും മറികടന്ന് രണ്ട് മാസത്തിനുള്ളിൽ റോഡ് പണി പൂർത്തിയായി: ” ജനങ്ങളുടെ ആവശ്യം നടത്തിക്കൊടുക്കുക അംഗീകാരവും നടപടികളുമെല്ലാം പിന്നീടാകാം” ഇമ്പിച്ചിബാവയുടെ ശൈലി അതാണ്.

മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽപ്പെടുന്ന കാഞ്ഞിരപ്പുഴയിലേക്ക് ട്രാൻസ്‌പോർട്ട് ബസ് ഓടിക്കാൻ ശ്രമിച്ചപ്പോൾ,”ബസ്സുണ്ട്, റോഡില്ല” എന്നതായിരുന്നു പ്രശ്‌നം. റോഡിന്റെ, രണ്ട് ഭാഗങ്ങൾക്കിടയിൽ അൽപ്പം സ്ഥലം ഒരു പ്രമാണിയുടെ പറമ്പായിരുന്നു. ബസിന്റെ കന്നിയോട്ട സമയത്ത് മന്ത്രി ഇമ്പിച്ചിബാവയും തർക്ക സ്ഥലത്തുണ്ടായിരുന്നു. ബസ് പറമ്പിലൂടെ ഓടിക്കാൻ അദ്ദേഹം നിർദേശിച്ചു. ബസ് ഓടിത്തുടങ്ങി. പിന്നീട് ആ സ്ഥലം അക്വയർ ചെയ്തു. സാങ്കേതികമായ നൂലാമാലകൾ ജനങ്ങൾക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുന്നത് ഒട്ടും ഇഷ്ടപ്പെടാത്ത വ്യക്തിയായിരുന്നു. ഇമ്പിച്ചിബാവ.

ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ……..! എല്ലാം പഴയ തലമുറയുടെ സ്മരണകളിൽ മാത്രം. അതു പോരാ. വളർന്നുവരുന്ന യുവ തലമുറ ആർജവത്തോടെ വളരാൻ, പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകാൻ ഇമ്പിച്ചിബാവയെപ്പോലുള്ള കർമധീരരുടെ കഥകൾ കേട്ട് പഠിക്കണം. അവരുടെ വഴിത്താരകൾ ഹൃദിസ്ഥമാക്കണം. പൊന്നാനിയിൽ ജനിച്ച ഇമ്പിച്ചിബാവ, പൊന്നാനി കടലോരത്തെ ദീപസ്തംഭം കണക്കെ ജനഹൃദയങ്ങളിൽ തലയുയർത്തി നിന്നത് എങ്ങനെയെന്ന സൂത്രവാക്യം വെളിവാക്കുന്ന ഐ വി ദാസിന്റെ ശ്രമം ശ്ലാഘനീയമാണ്. പ്രസാധകർ: എൻ ബി എസ്. പേജ് 372. വില. 260 രൂപ.

ടി ആർ തിരുവഴാംകുന്ന്
trthiruvazhamkunnu@gmail.com

Latest