Connect with us

Covid19

ഇവർക്കും പറയാനുണ്ട് ചില ഐസൊലേഷൻ കഥകൾ

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ഒപ്പം രാപ്പകൽ വ്യത്യാസമില്ലാതെ ജോലി ചെയ്യുന്ന ചിലരുണ്ട്.
വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സാന്ത്വനമായും കരുതലായും നിരന്തരം ഫോണിലൂടെ ബന്ധപ്പെടുന്നവർ. ഒറ്റപ്പെട്ടുപോകുമോ എന്ന ഭയത്തിൽ കഴിഞ്ഞവർക്ക് കൂട്ടായി നിൽക്കുന്നവർ. ഹോം ഐസൊലേഷനിൽ കഴിയുന്നവരുമായി ബന്ധപ്പെടുന്ന പത്തനംതിട്ട കലക്്ടറേറ്റിലെ കോൾ സെന്റർ ഉദ്യോഗസ്ഥരുടെ അനുഭവങ്ങൾ വ്യത്യസ്തമാണ്.

എന്താ വിളിക്കാൻ വൈകിയത്

എന്താ വിളിക്കാൻ വൈകിയത്… ഞങ്ങളെ മറന്നു പോയോ… കോൾ സെന്ററിൽ നിന്ന് രാവിലെ ഐസൊലേഷനിൽ കഴിയുന്ന വ്യക്തിയെ വിളിച്ചപ്പോൾ ആദ്യംകേട്ടത് ഈ വാചകങ്ങളാണെന്ന് സോഷ്യൽ വർക്കറും നാഷനൽ ഹെൽത്ത് മിഷന്റെ പറക്കോട് ബ്ലോക്ക് പി ആർ ഒയുമായ പ്രിൻസ് ഫിലിപ്പ് പറയുന്നു. വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ ദിവസങ്ങളിൽ വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരെ വിവരങ്ങൾ ശേഖരിക്കാൻ വിളിക്കുമ്പോൾ ആശങ്കയോടെയും ദേഷ്യത്തോടെയുമുള്ള മറുപടികളായിരുന്നു കൂടുതലും ലഭിച്ചിരുന്നത്. ഇന്ന് ആശങ്കകൾ പ്രതീക്ഷകൾക്ക് വഴിമാറുകയാണ്.

ഞങ്ങളിരുന്നോളാം… നാടിന് വേണ്ടിയല്ലേ..

ഐസൊലേഷനിൽ കഴിയുന്നവർക്ക് മാനസിക പിന്തുണ നൽകുക എന്നതാണ് തണ്ണിത്തോട് ഫാമിലി ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കുന്ന എസ് സനിതയുടെ ദൗത്യം. എന്നാൽ ഫോണിലൂടെ സംസാരിക്കുമ്പോൾ ഭൂരിഭാഗം ആളുകളും നല്ല രീതിയിലാണ് പ്രതികരിക്കുന്നതെന്ന് സനിത പറയുന്നു. ഒരിക്കൽ വീട്ടിൽ ഐസൊലേഷനിൽ കഴിയുന്ന നഴ്സിനെ വിളിച്ചപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നതിൽ തങ്ങൾക്ക് യാതൊരു പരിഭവവും ഇല്ലെന്നും മറിച്ച് രോഗം പ്രതിരോധിക്കാൻ സർക്കാർ ഇത്രയധികം കഷ്്ടപ്പെടുമ്പോൾ തങ്ങളാൽ ആകുംവിധം സഹകരിക്കുമെന്നുമാണ് ലഭിച്ച പ്രതികരണം. രോഗം വ്യാപിക്കാതിരിക്കാനല്ലേ, പ്രശ്നമില്ലാ എന്ന് പറയുന്നവർക്കൊപ്പം ദേഷ്യത്തോടെ പ്രതികരിക്കുന്ന ചിലരുമുണ്ടെന്നും കൗൺസിലർ പറയുന്നു.

രോഗബാധിതർ പോയ ഇടങ്ങളിൽ അബദ്ധവശാൽ പോയ ഞങ്ങളും ഐസൊലേഷനിൽ കഴിയണോ എന്ന് ചോദിക്കുന്നവരും ഐസൊലേഷൻ കാലാവധി കുറച്ചു തരുമോ എന്ന് ചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കോൾ സെന്ററിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം ഉദ്യോഗസ്ഥരുടെയും അഭിപ്രായം ഇങ്ങനെയാണ്. പലർക്കും പറയാനുള്ളത് വ്യത്യസ്തങ്ങളായ ഐസൊലേഷൻ കഥകളാണ്.

24 മണിക്കൂറും കാവലായി… കരുതലായി…

കൊറോണ വൈറസ് ജില്ലയിൽ സ്ഥിരീകരിക്കുമ്പോൾ അടച്ചിട്ട മുറിയിൽ ഒതുങ്ങിയിരിക്കാൻ കഴിയാത്ത ഒരു സമൂഹമുണ്ടായിരുന്നു… ജനങ്ങളുടെ ജീവന് എന്നും സുരക്ഷ നൽകുന്ന ഡോക്്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ വിഭാഗം. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ എൽ ഷീജയുടെ നേതൃത്വത്തിൽ ദ്രുതഗതിയിലാണ് മെഡിക്കൽ ടീം ജില്ലയിൽ പ്രവർത്തനമാരംഭിച്ചത്. സർവ സന്നാഹങ്ങളുമേകി ജില്ലാ കലക്ടർ പി ബി നൂഹും. കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ഈ മാസം ഏഴിന് രാത്രി മുതൽ രാപ്പകൽ വ്യത്യാസമില്ലാതെ തുടരുകയാണ് ഇവരുടെ പ്രവർത്തനം. എങ്ങനെയും കൊറോണയെ പിടിച്ചുകെട്ടി സമൂഹത്തെ സംരക്ഷിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

കലക്ടർ പി ബി നൂഹ്, സബ് കലക്്ടർ ഡോ. വിനയ് ഗോയൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ എൽ ഷീജ, ഡി എസ് ഒ. ഡോ. സി എസ് നന്ദിനി, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ, വേൾഡ് ഹെൽത്ത് ഓഗനൈസേഷൻ പ്രതിനിധി ഡോ. രാകേഷ് എന്നിവരുടെ നേതൃത്വത്തിൽ പതിനാറ് ടീമുകളാണ് ഈ മഹാമാരിയെ നിയന്ത്രണത്തിലാക്കാൻ പ്രവർത്തിക്കുന്നത്. സർവൈലൻസ് ടീം, കോൾ സെന്റർ മാനേജ്മെന്റ് ടീം, എച്ച് ആർ മാനേജ്മെന്റ്ടീം, ട്രെയ്നിംഗ് ആൻഡ് അവയർനസ് ജനറേഷൻ ടീം, മെറ്റീരിയൽ മാനേജ്മെന്റ്ടീം, ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ് ടീം, മീഡിയ സർവൈലൻസ് ടീം, മീഡിയ മാനേജ്മെന്റ് ടീം, ഡോക്യുമെന്റഷൻ ടീം, പ്രൈവറ്റ് ഹോസ്പിറ്റൽ സർവൈലൻസ് ടീം, എക്സ്പേർട്ട് സ്റ്റഡി കോ-ഓർഡിനേഷൻ ടീം, ട്രാൻസ്പോർട്ട് ആൻഡ് സ്വാബ് മാനേജ്മെന്റ്ടീം, ഇന്റർ ഡിപ്പാർട്ട്മെന്റ്ആൻഡ് കോ ഓർഡിനേഷൻ ടീം, കമ്യൂണിറ്റി ലെവൽ വളണ്ടിയർ കോ-ഓർഡിനേഷൻ ടീം, സൈക്കോളജിക്കൽ സപ്പോർട്ട് ടീം, സാമ്പിൾ കലക്ഷൻ സർവൈലൻസ് ടീം എന്നിങ്ങനെ പതിനാറ് ടീമുകളും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഓരോ ടീമിനും ഓരോ ടീം ലീഡറുമാണ് പ്രവർത്തിക്കുന്നത്.

---- facebook comment plugin here -----

Latest