Connect with us

Aksharam Education

അഗ്നിച്ചിറകായ്...

Published

|

Last Updated

“ഉറങ്ങുമ്പോൾ കാണുന്നതല്ല, ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്‌നം…”
ഈ വാക്കുകൾ ഇന്ത്യയിലെ ആബാലവൃദ്ധം ജനങ്ങൾക്കും എന്നും പ്രചോദനമായിക്കൊണ്ടിരിക്കുകയാണല്ലോ. നമ്മേ നല്ല സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ച മഹോന്നതനായ എ പി ജെ അബ്ദുൽ കലാമിന്റെ ജന്മദിനം ഐക്യരാഷ്ട്ര സംഘടന ലോക വിദ്യാർഥി ദിനമായി ലോകമാകെ ആചരിക്കുന്നു. ഏവരുടെയും പ്രിയപ്പെട്ട ആ മിസൈൽ മനുഷ്യനെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതവീക്ഷണങ്ങളെക്കുറിച്ചും എത്ര വിവരിച്ചാലും അവസാനിക്കുന്നതല്ല.

വിശേഷണങ്ങളേറെ

ഇന്ത്യൻ പ്രസിഡന്റ് പദത്തിലെത്തിയ ആദ്യത്തെ ശാസ്ത്രജ്ഞൻ, യുദ്ധക്കപ്പലിൽ യാത്ര ചെയ്ത ഇന്ത്യയുടെ ആദ്യത്തെ സർവ സൈന്യാധിപൻ (പ്രസിഡന്റ്), ഏറ്റവും കൂടുതൽ ഓണററി ഡോക്ടറേറ്റുകൾ ലഭിച്ച ഇന്ത്യൻ പ്രസിഡന്റ്, അസംബ്ലി തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ആദ്യ പ്രസിഡന്റ്, ഇന്ത്യൻ പ്രസിഡന്റായ ഏക ശാസ്ത്രജ്ഞൻ, ഭാരതരത്‌ന ബഹുമതി ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞൻ, ഇന്ത്യൻ മിസൈൽ പദ്ധതിയുടെ ഉപജ്ഞാതാവ്, യുദ്ധവിമാനത്തിൽ യാത്ര ചെയ്ത ഇന്ത്യയുടെ ആദ്യത്തെ സർവസൈന്യാധിപൻ (പ്രസിഡന്റ്), പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ ശേഷം ഇന്ത്യൻ പ്രസിഡന്റായ വ്യക്തി, ആദ്യത്തെ ഫിറോദിയ അവാർഡിന് അർഹനായ വ്യക്തി, ഹവർ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ, മിസൈൽ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെട്ട മഹാൻ, Indian Institute of Space Science and Technology-യുടെ ആദ്യത്തെ ചാൻസലർ….. ഇങ്ങനെ വിശേഷണങ്ങൾ നീണ്ടുകിടക്കുന്ന വ്യക്തിത്വത്തിന് ഉദാഹരണമാണ് എ പി ജെ അബ്ദുൽ കലാം.

 

പ്രചോദന വചനങ്ങൾ

ഡോക്ടർ കലാമിന്റെ ചിന്തകൾ പ്രായോഗികതയിലൂന്നിയ പരിവർത്തനത്തിനുള്ള മാർഗരേഖകളാണ്. അവ നമ്മെ സ്പർശിക്കുന്നതിനോടൊപ്പം ഉയരാനും വിജയിക്കാനുമുള്ള ഉൾപ്രേരണയും നമ്മിൽ നിറയ്ക്കുന്നു. ജീവിതം ഒരു പോരാട്ടമായി കണ്ട മിസൈൽ മാൻ ആ പോരാട്ടം മാനുഷിക മൂല്യങ്ങൾക്കധിഷ്ഠിതമായ രീതിയിൽ അവതരിപ്പിച്ചു. കലാമിന്റെ വേറിട്ട ചിന്തകളിൽ ചിലത്…

. നമുക്ക് ചുറ്റും അവശേഷിച്ചിരിക്കുന്ന സൗന്ദര്യത്തെ ഓർത്തുകൊണ്ട് സന്തോഷിക്കാം.
. നിങ്ങളുടെ ഒന്നാമത്തെ വിജയത്തിനു ശേഷം വിശ്രമിക്കരുത്. കാരണം രണ്ടാമത് നിങ്ങൾ പരാജയപ്പെടുകയാണെങ്കിൽ നിങ്ങളുടെ ആദ്യ വിജയം വെറും ഭാഗ്യമാണെന്ന് പറയാൻ ഒരുപാട് ആളുകളുണ്ടാകും.
. എല്ലാ പക്ഷികളും മഴയിൽ അഭയസ്ഥാനം കണ്ടെത്തുന്നു, എന്നാൽ പരുന്തുകൾ മേഘപാളികൾക്കു മുകളിൽ പറന്ന് മഴയെ തരണം ചെയ്യുന്നു.
. മനുഷ്യന് ജീവിതത്തിൽ വൈഷമ്യങ്ങൾ ആവശ്യമാണ്. കാരണം വിജയം ആസ്വദിക്കണമെങ്കിൽ അവ കൂടിയേ തീരൂ.
. നിങ്ങൾക്ക് സൂര്യനെപ്പോലെ ശോഭിക്കണമെങ്കിൽ ആദ്യം സൂര്യനെപ്പോലെ കത്തിക്കൊണ്ടിരിക്കുക
. എല്ലാവർക്കും കഴിവുകൾ ഒരുപോലെയല്ല. എന്നാൽ, നമുക്കെല്ലാവർക്കും കഴിവുകൾ വികസിപ്പിക്കാനുള്ള അവസരം ഒരുപോലെയാണ്.
. കൃത്രിമമായി സ്വഷ്ടിച്ചെടുത്ത സന്തോഷത്തിനു പിന്നാലെ പരക്കം പായാതെ കൂടുതൽ വസ്തുതാപരമായ നേട്ടങ്ങൾക്കായി സ്വയം അർപ്പിക്കുക.
. ചിന്തയാണ് നിങ്ങളുടെ ഏറ്റവും വലിയ മൂലധനം.
. നിങ്ങൾ പരിശ്രമിക്കാതെ നിങ്ങൾക്ക് വിജയമുണ്ടാകുന്നില്ല.
. വിജയത്തിന്റെ അടിസ്ഥാനം അധ്വാനമാണ്.
. നാം ഒരിക്കലും പരിശ്രമം ഉപേക്ഷിക്കുകയോ, പ്രശ്‌നത്തെ നമ്മെ കീഴടക്കാൻ അനുവദിക്കുകയോ ആരുത്.
. മിടുക്ക് തുടർച്ചയായി സംഭവിക്കുന്ന പ്രക്രിയയാണ്. അല്ലാതെ ആകസ്മികമായി സംഭവിക്കുന്നതല്ല.
. അധ്യാപനം മഹത്തായ ഒരു ജോലിയാണ്.
. ജനങ്ങൾ എന്നെ ഒരു മികച്ച അധ്യാപകനായി കരുതിയാൽ അതാണ് എനിക്ക്‌ ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി.
. നിങ്ങളുടെ ദൗത്യത്തിൽ വിജയിക്കണമെങ്കിൽ നിങ്ങളുടെ ലക്ഷ്യത്തിലൂന്നിയ അർപ്പണ മനോഭാവം അനിവാര്യം.

വിടവാങ്ങൽ

ഇന്ത്യൻ രാഷ്ട്രപതിമാരുടെ ചരിത്രത്തിൽ വേറിട്ടൊരു അധ്യായം രചിച്ച ആ സ്‌നേഹസാന്നിധ്യം 2015 ജൂലൈ 27ന് വൈകീട്ട് 6.30ന് ഷില്ലോംഗിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ വിദ്യാർഥികളെ അഭിമുഖീകരിക്കെ ലോകത്തോട് വിട ചൊല്ലുകയായിരുന്നു. അതോടെ നമുക്കു നഷ്ടമായത് ജനകീയനായ പ്രഥമ പൗരനെ മാത്രമല്ല, രാജ്യത്തെ അഗ്‌നിച്ചിറകുകളിലേറ്റിയ ശാസ്ത്രജ്ഞനെയും വിദ്യാർഥി-യുവജന തലമുറകൾക്ക് സ്വപ്‌നങ്ങൾ സമ്മാനിച്ച മാതൃകായോഗ്യനായ ആചാര്യനെയും ഒപ്പം ലാളിത്യത്തിന്റെ പര്യായമായ മനുഷ്യ സ്‌നേഹിയെയുമാണ്.

രാമേശ്വരത്തെ തീർത്തും സാധാരണ കുടുംബത്തിൽ പിറന്ന്, ജീവിതത്തിന്റ പ്രാരാബ്ധങ്ങളുമായി മല്ലടിച്ച് വിദ്യാഭ്യാസം നേടി ശാസ്ത്രജ്ഞനായി വളർന്ന് അഗ്‌നി-പൃഥ്വി മിസൈലുകളുടെ നിർമിതിയിലുടെയും പൊഖ്‌റാൻ അണുപരീക്ഷണത്തിലൂടെയും പ്രതിരോധസേനയുടെ മനോവീര്യം ആവോളം ഉയർത്തിയതോടൊപ്പം സ്‌നേഹത്തെയും സമാധാനത്തെയും കുറിച്ച് മാത്രം സംസാരിച്ച അബ്ദുൽ കലാം 84 വയസ്സു വരെ താൻ ജീവിച്ച ഓരോ നിമിഷവും കർമനിരതനായിരുന്നു. “ഒരു നല്ല അധ്യാപകനായാണ് ജനങ്ങൾ ഓർമിക്കുന്നതെങ്കിൽ അതായിരിക്കും എനിക്ക്് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതി” എന്ന് മൊഴിഞ്ഞ ആ വിനയാന്വിതൻ, ഇന്നും ഓരോ ഇന്ത്യക്കാരനിലും ആവേശത്തിന്റെ അഗ്നിച്ചിറകായി കുടികൊള്ളുന്നു.

അംഗീകാരങ്ങള്‍

1981 -പദ്മഭൂഷൺ (ഭാര തസർക്കാർ)
1990-പദ്മവിഭൂഷൺ (ഭാരതസർക്കാർ)
1997-ഭാരതരത്‌ന (ഭാരത സർക്കാർ)
1997-ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ് (ഭാരത സർക്കാർ)
1998-വീർ സവർക്കർ അവാർഡ്(ഭാരത സർക്കാർ),
2000 -രാമാനുജൻ അവാർഡ് (അൽവാർഡ് റിസർച്ച് സെന്റർ, ചെന്നൈ)
2007 -ഓണററി ഡോക്ടറേറ്റ് ഓഫ് സയൻസ് (വുൾവർഹാപ്റ്റൺ യൂനിവേഴ്‌സിറ്റി, യു കെ )
2007-കിംഗ് ചാൾസ് മെഡൽ (റോയൽ സൊസൈറ്റി, യു കെ)
2008-ഡോക്ടർ ഓഫ് എൻജിനീയറിംഗ് (നൻയാംഗ് ടെക്‌നോളിജിക്കൽ യൂനിവേഴ്‌സിറ്റി, സിംഗപ്പൂർ)
2009 -ഇന്റർനാഷനൽ വോൺ കാർമൻ വിംഗിസ് അവാർഡ് (കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി)
2009 -ഹുവർ മെഡൽ (ASMEഫൗണ്ടേഷൻ യു എസ് എ)
2010 -ഡോക്ടർ ഓഫ് എൻജിനീയറിംഗ് (യൂനിവേഴ്‌സിറ്റി ഓഫ് വാട്ടർലൂ)

 

Latest