Ongoing News
നിഷേധ ഭാവങ്ങൾ കീറിപ്പറിച്ച ജീവിതങ്ങൾ

സ്വയം കല്പിത സ്വത്വബോധമാർജിക്കാനുള്ള കഠിനശ്രമത്തിനിടയിൽ കാലിടറി വീഴുന്ന ഒരെഴുത്തുകാരിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ള നോവലാണ് പെണ്ണച്ചി. വിവാഹത്തിന് മുമ്പും പിമ്പും അനുഭവിക്കുന്നുവെന്ന് അവർ ഭാവനയിൽ കണ്ട മാനസികവും ശാരീരികവുമായ പീഡനങ്ങൾക്കും അസ്വാതന്ത്ര്യത്തിനും എതിരെ സ്വന്തം ജീവിതം കൊണ്ടുള്ള പ്രതികാരമാണ് നോവൽ വിഷയമാക്കുന്നത്. വിവാഹത്തിന് മുമ്പ് അച്ഛനും വിവാഹശേഷം ഭർത്താവും തന്റെ എല്ലാ ഇഷ്ടാനിഷ്ടങ്ങളും കവർന്നെടുക്കുകയും അടിമയാക്കുകയും ചെയ്തുവെന്ന ഭാവനാപൂർണ “ബോധ”ത്തിൽ നിന്നാണ് നായിക സുചലയിൽ കഠിനമായ പുരുഷ വിദ്വേഷം ആളിപ്പടരുന്നത്. സ്ത്രീ പീഡിതയാണെന്ന “ചിന്ത” എപ്പോഴും അവളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. മരുഭൂമിയിലെ ഏകാന്തവും നിരാർദ്രവുമായ ജീവിതത്തിനിടയിൽ ലഭിക്കുന്ന വിദൂര സാന്ത്വനങ്ങൾക്ക് വേണ്ടി അവൾ ഉറക്കമൊഴിച്ചു. ആ കാത്തിരിപ്പിൽ പറക്കമുറ്റാത്ത സ്വന്തം കുഞ്ഞിന്റെ സ്വപ്‌നങ്ങൾ പോലും കരിഞ്ഞുണങ്ങി.
പുരുഷന് താഴെ നിൽക്കുന്ന ശബ്ദം, സഹനം, പുരുഷാശ്രയം എന്നിവയെയെല്ലാം അവൾ നിരാകരിച്ചു. ഉറക്കം നഷ്ടപ്പെട്ട രാത്രികളിൽ സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകങ്ങൾ അവളിൽ പിറന്നു വീണു. സ്ത്രീകളെപ്പോലെത്തന്നെ ധാരാളം പുരുഷ സുഹൃത്തുക്കളും സുചലയുമായി രാത്രി സൗഹൃദം പങ്കിട്ടു. ഭർത്താവിനേയും സ്വന്തം കുഞ്ഞിനേയും മറന്നുകൊണ്ടുള്ള കുത്തഴിഞ്ഞ ജീവിതം… സ്ത്രീകൾക്ക് വേണ്ടിയുള്ള അവകാശ പോരാട്ടങ്ങളെ നെഞ്ചിലേറ്റി നടക്കുന്ന ഒരെഴുത്തുകാരിയുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി ആത്മാവിഷ്‌കാരം നടത്തുകയാണ് നോവലിസ്റ്റ് വെള്ളിയോടൻ. അവരുടെ ചിന്തകളേയും ചെയ്തികളേയും വികാരപരമായി നോക്കിക്കാണാതെ യുക്തിയുടെ പുതിയ തലങ്ങൾ നോവലിൽ സൃഷ്ടിച്ചെടുക്കുകയാണ് ഈ എഴുത്തുകാരൻ.
ഒരു സ്ത്രീ എപ്രകാരം വസ്ത്രം ധരിക്കണമെന്നും ഓരോ സാഹചര്യത്തിലും എങ്ങനെ ഇടപെടണമെന്നും എവിടെയെല്ലാം സഞ്ചരിക്കണമെന്നുമുള്ള പുതിയ വെളിപാടുമായി ഗൃഹാന്തരീക്ഷത്തിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുന്ന നായികയാണ് പെണ്ണച്ചിയിലെ കേന്ദ്ര കഥാപാത്രം. സമൂഹം പുരുഷകേന്ദ്രീകൃതമാകുമ്പോൾ സ്ത്രീയുടെ എല്ലാ സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നു എന്ന തോന്നൽ സുചലയെ കൂടുതൽ അസ്വസ്ഥയാക്കുന്നു. ഗൃഹനായിക, അമ്മ, ഭാര്യ എന്നീ നിലകളിലുള്ള വലിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ അവൾക്ക് അതുകൊണ്ടു തന്നെ കഴിയാതെ പോകുന്നു. കുടുംബ ശൈഥില്യത്തിന്റെ നോവും പിടച്ചിലും തീവ്രമായി ആവിഷ്‌കരിക്കുന്നു ഈ നോവൽ. അച്ഛന്റെയും ഭർത്താവിന്റെയും ഇടയിൽ പെട്ട് വേവുന്ന പെണ്ണുടൽ എന്ന് വിലപിച്ചും വ്യാഖ്യാനിച്ചും പെൺപക്ഷ വാദികളുടെ പ്രിയം പിടിച്ചുപറ്റാൻ ഒരു കഥ കണ്ടെത്തുകയും അതിനായി സ്വന്തം ജീവിതത്തെ മറ്റുള്ളവരുടെ മുമ്പിൽ കളങ്കപ്പെടുത്തുകയും മുറിവേൽപ്പിക്കുകയും ചെയ്യുന്ന നായികയെയാണ് വെള്ളിയോടൻ ഈ നോവലിൽ അവതരിപ്പിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള ഇണ ചേരലും പ്രത്യുത്പാദനവും ശിശുസംരക്ഷണവുമെല്ലാം പെണ്ണിന്റെ അസ്വാതന്ത്ര്യത്തിന് ഇടയാക്കുമെന്നുള്ള റാഡിക്കൽ ഫെമിനിസ്റ്റ് ചിന്തകളാണ് സുചലയെ ഭരിക്കുന്നത്.
മൂന്ന് വയസ്സുകാരനായ സ്വന്തം കുഞ്ഞിന്റെ ജന്മദിനം പോലും അച്ഛന് ദാനം ചെയ്ത് പൊതുപരിപാടികളിൽ അഭിരമിക്കുന്ന മാതൃഹൃദയം കഠിനമായ ഒരു നോവായിട്ടാണ് വായനക്കാരുടെ ഹൃദയത്തിൽ ചേക്കേറുന്നത്. കേരളീയ പാരമ്പര്യത്തെയും ശീലങ്ങളെയും ചിലപ്പോഴൊക്കെ തകർത്തെറിയുന്ന പ്രവാസ ജീവിതത്തിന്റെ അടിയൊഴുക്കുകൾ നോവൽ ശക്തമായി അടയാളപ്പെടുത്തുന്നു. രണ്ട് അമ്മമാർ പെറ്റ കുഞ്ഞുങ്ങളാണെങ്കിലും അവരുടെ അനാഥത്വം സൃഷ്ടിക്കുന്ന മുറിവുകളുടെ ആഴം ബാലകൃഷ്ണൻ എന്ന സ്‌നേഹദൂതനിലൂടെ അനുവാചകരിലേക്ക് പകരാൻ കഥാകാരന് കഴിയുന്നുണ്ട്. അതുതന്നെയാണ് ഈ നോവലിന്റെ മാനുഷിക മുഖം വ്യക്തമാക്കിത്തരുന്നത്.
വഞ്ചിതയും തിരസ്‌കൃതയുമാകുന്ന നായികയെ വായനക്കാരിൽ അനുഭാവം സൃഷ്ടിക്കത്തക്ക വിധം വൈകാരിക തീക്ഷ്ണതയോടെ അവതരിപ്പിക്കാനുള്ള ഒരു ശ്രമവും എഴുത്തുകാരൻ നടത്തുന്നില്ല എന്നത് പെണ്ണച്ചി നോവലിന്റെ ക്രാഫ്റ്റ് വർധിപ്പിക്കുന്ന ഘടകമാണ്. സ്ത്രീയേയും പുരുഷനേയും ഒരേ സമയം പ്രതിസ്ഥാനത്തു നിർത്തി വിചാരണ ചെയ്യുകയും ക്രൂശിക്കുകയും ചെയ്യുന്ന ഒരാഖ്യാന തന്ത്രമാണ് നോവലിൽ സ്വീകരിച്ചിട്ടുള്ളത്. സ്വന്തം ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിച്ചു കൊണ്ട് മറ്റൊരുവന്റെ ഉച്ചിഷ്ടം കവർന്നെടുക്കുകയും അവരുടെ സ്വകാര്യ സമ്പാദ്യങ്ങളത്രയും തന്ത്രപൂർവം അപഹരിക്കുകയും കുടിച്ചു തീർക്കുകയും ചെയ്യുന്ന ക്ലീറ്റസിലൂടെ ആധുനിക സൈബർ ലോകത്തിന്റെ കാണാച്ചരടുകളും മനുഷ്യത്വരഹിതമായ കാപട്യങ്ങളും നോവലിസ്റ്റ് തുറന്നു കാട്ടുന്നു. ഒരിടത്ത് സ്ത്രീ നിർദയം വേട്ടയാടപ്പെടുമ്പോൾ മറ്റൊരിടത്ത് പുരുഷനും പീഡിപ്പിക്കപ്പെടുന്നു. എന്നാൽ, എല്ലായിടത്തും അനാഥമാക്കപ്പെടുന്നത് നിഷ്‌കളങ്കതയുടെ ബാല്യങ്ങളാണ്.
സുചലയുടെയും ക്ലീറ്റസിന്റെയും ലക്ഷ്യങ്ങളില്ലാത്ത ഓട്ടത്തിൽ തകരുന്നത് ഈ ബാല്യങ്ങളാണ്. അത് വായനക്കാരന്റെ മനസ്സിനെ വല്ലാതെ മുറിപ്പെടുത്തുന്നു.
സ്വന്തം കുഞ്ഞിനെ കാണാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടു കഴിയുന്ന സുചലയുടെ ഭർത്താവ് നന്ദന്റെ ആത്മസംഘർഷങ്ങളാണ് നോവലിൽ നിറഞ്ഞു നിൽക്കുന്നത്. കേരളം കണ്ട മഹാപ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് പെണ്ണച്ചി നോവൽ അവസാനിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. പനി പിടിച്ച് വിറക്കുന്ന മൂന്ന് വയസ്സുകാരൻ തപ്പുവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുമ്പോഴാണ് മഴക്കെടുതിയും പ്രളയവും കഥയിലേക്ക് ഒഴുകി വരുന്നത്. എന്നാൽ അതിന്റെ സാധ്യതകളെ വേണ്ട വിധം പ്രയേജനപ്പെടുത്താനും കലാത്മകമായി കഥയിൽ സന്നിവേശിപ്പിക്കാനും എന്തുകൊണ്ടോ കഥാകാരൻ ശ്രമിക്കുന്നില്ല എന്നത് നിരാശയുണർത്തുന്നു. വെള്ളിയോടന്റെ ചെറുകഥകളിൽ കാണുന്ന കലാത്മക സൗന്ദര്യവും കൈവഴക്കവും നോവലിൽ എത്തുമ്പോൾ ചോർന്നു പോകുന്നുണ്ട്. എന്നാൽ, നോവൽ അവസാനിക്കുന്നിടത്ത് തന്റെ ദർശന ബോധവും ശില്പ സൗന്ദര്യവും പ്രദർശിപ്പിക്കാൻ എഴുത്തുകാരന് കഴിയുന്നു എന്നത് ആശ്വാസകരം. അതിന്റെ നല്ല ഉദാഹരണമാണ് തപ്പുവിന്റെ മരണം. തപ്പുവിന്റെ മരണത്തിലൂടെ നന്ദന്റെ ജീവിതത്തിൽ നിന്ന് സുചല നിരാകൃതയാകുന്നതിനെയാണ് ധ്വനിപ്പിക്കുന്നത്. വർത്തമാന കാലത്തിന്റെ ഭീതിപ്പെടുത്തുന്ന ജീവിതാവസ്ഥകളിൽ ഒറ്റപ്പെടുന്നവരുടെ കഥ കൂടിയായി മാറുന്നു പെണ്ണച്ചി. പ്രസാധനം: ഒലിവ്. 113 പേജുള്ള പുസ്തകത്തിന് 140 രൂപയാണ് വില.
ഹംസ അറക്കൽ
• hamza532@gmail.com