Connect with us

Education

ഹയർ സെക്കൻഡറി: ആവശ്യത്തിന് സീറ്റില്ലാതെ പത്ത് ജില്ലകൾ; നാലിടത്ത്‌ അധിക സീറ്റുകൾ

Published

|

Last Updated

മലപ്പുറം: സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഹയർസെക്കൻഡറി തലത്തിൽ ഉപരിപഠനത്തിന് ആവശ്യമായ സീറ്റില്ലാത്തത് വിദ്യാർഥികളെ വലക്കും. മലബാർ മേഖലയിലെ വിദ്യാർഥികളെയാണ് ഇത് കൂടുതൽ ബാധിക്കുക. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കൊല്ലം, കാസർകോട്, തൃശ്ശൂർ, തിരുവനന്തപുരം, വയനാട്, ഇടുക്കി ജില്ലകളിലെ 70,602 വിദ്യാർഥികളെയാണ് വിഷയം നേരിട്ട് ബാധിക്കുക.

എസ് എസ് എൽ സി സേ പരീക്ഷാ ഫലം വരികയും സി ബി എസ് ഇ, ഐ സി എസ് ഇ വിദ്യാർഥികൾ ഹയർ സെക്കൻഡറിയിലേക്ക് അപേക്ഷകൾ നൽകുകയും ചെയ്യുന്നതോടെ കുറവുള്ള സീറ്റുകളുടെ എണ്ണം ഇനിയും ഉയരും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേരെ പരീക്ഷക്കിരുത്തി 97.86 ശതമാനം വിജയം നേടിയ മലപ്പുറം ജില്ലയിലെ 25,560 വിദ്യാർഥികളെയാണ് ഇത് ബാധിക്കുന്നത്.
80,052 പേർ പരീക്ഷ എഴുതിയതിൽ 78,335 പേരാണ് ഉപരിപഠനത്തിന് യോഗ്യരായത്. സയൻസ്-18,489, കൊമേഴ്‌സ്- 6,936, ഹ്യൂമാനിറ്റിസ്- 6,175 എന്നിവയടക്കം 52,775 സീറ്റാണ് ആകെയുള്ളത്. സയൻസ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ വിഷയങ്ങളിലായി മെറിറ്റ് തലത്തിൽ 33,324 സീറ്റും നോൺ മെറിറ്റ് തലത്തിൽ 18,488 സീറ്റും സ്‌പോർട്‌സ് കോട്ടയിൽ 963 സീറ്റുമടക്കമാണ് ഈ കണക്ക്.
പാലക്കാട് ജില്ലയാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. 11,609 വിദ്യാർഥികൾ ഇവിടെ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വരും. 41,254 പേർ പരീക്ഷ എഴുതിയ ഇവിടെ 39,815 കുട്ടികളാണ് ഉപരി പഠനത്തിന് യോഗ്യരായത്. 96.51 ശതമാനമായിരുന്നു വിജയം. മെറിറ്റിൽ 19,749ഉം നോൺ മെറിറ്റിൽ 7916ഉം സ്‌പോർട്‌സ് ക്വാട്ടയിൽ 541ഉം അടക്കം 28,206 സീറ്റാണുള്ളത്. ഇതിൽ സയൻസിന് 13,228 ഉം കൊമേഴ്‌സിന് 8,689ഉം ഹ്യൂമാനിറ്റീസിന് 6,289 ഉം സീറ്റുകളുണ്ട്.

98.54 ശതമാനം കുട്ടികൾ വിജയിച്ച കോഴിക്കോടാണ് പ്രശ്നം ബാധിക്കുന്ന മൂന്നാമത്തെ ജില്ല. ഇവിടെ 9,952 പേരെയാണ് പ്രശ്‌നം ബാധിക്കുക. 44,796 പേർ പരീക്ഷ എഴുതിയ ഇവിടെ 44,074 പേർ വിജയിച്ചിരുന്നു. സയൻസ്- 16,250, കൊമേഴ്‌സ്- 10,936, ഹ്യൂമാനിറ്റിസ്- 7,336 സീറ്റുകളടക്കം 34,522 സീറ്റുകളാണ് ആകെയുള്ളത്. ഇതിൽ മെറ്റിൽ 22,604വും നോൺ മെറിറ്റിൽ 11,267വും സ്‌പോർട്‌സ് ക്വാട്ടയിൽ 651 പേരും ഉൾപെടും.

പട്ടികയിൽ നാലാമതുള്ള കണ്ണൂരിൽ 5,841 പേരാണ് സീറ്റ് കുറവ് കാരണം വെല്ലുവിളി നേരിടുക. സംസ്ഥാനത്ത് വിജയശതമാനത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നത് കണ്ണൂരാണ്. 99.15 ശതമാനമായിരുന്നു ഇവിടുത്തെ റിസൾട്ട്. സയൻസ്- 13,239, കൊമേഴ്‌സ്- 9,039 ഹ്യൂമാനിറ്റിസ്- 5,789 സീറ്റുകളടക്കം 28,067 പേർക്കാണ് ആകെ സീറ്റുള്ളത്. ഇതിൽ മെറിറ്റിൽ 20,991വും നോൺ മെറിറ്റിൽ 6,497വും സ്‌പോർട്‌സ് ക്വാട്ടയിൽ 579വുമാണ് സീറ്റുകൾ.

98.36 ശതമാനം വിജയം നേടിയ കൊല്ലം ജില്ലയാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത്. 4485 പേർക്കാണ് ഇവിടെ തുടർപഠനം ചോദ്യ ചിഹ്നമാകുക. 31,626 പരീക്ഷ എഴുതിയ ഇവിടെ 31,107 വിജയിച്ചു. സയൻസ്- 15,136 വും കൊമേഴ്‌സ്- 6,836, ഹ്യൂമാനിറ്റിസ്- 4,650 സീറ്റുകളടക്കം 26,622 സീറ്റാണ് ആകെയുള്ളത്. ഇതിൽ മെറിറ്റ് തലത്തിൽ 17,886ഉം നോൺ മെറിറ്റ് തലത്തിൽ 8,227ഉം സ്‌പോർട്‌സ് തലത്തിൽ 529 വുമാണ് ആകെ എണ്ണം വരിക.

കാസർകോടാണ് ആറാം സ്ഥാനത്ത്. 18975 പരീക്ഷ എഴിതിയ ഇവിടെ 18541 പേർ ഉപരി പഠനത്തിന് യോഗ്യത നേടി. എന്നാൽ, സീറ്റുകളുടെ എണ്ണം നോക്കിയാൽ 4,263 പേർ പുറത്തിരിക്കേണ്ടി വരും. 14,278 സീറ്റാണ് ഈ ജില്ലക്കായുള്ളത്. ഇതിൽ സയൻസ്- 5,739, കൊമേഴ്‌സ്- 4,839വും, ഹ്യൂമാനിറ്റീസ്- 3,700 സീറ്റാണുള്ളത്. ഇതിൽ മെറിറ്റ് തലത്തിൽ 10,685വും നോൺ മെറിറ്റ് തലത്തിൽ 3,328വും സ്‌പോർട്‌സ് ക്വാട്ടയിൽ 265വുമാണ് ആകെയുള്ളത്.
3,336 പേരുമായി തൃശ്ശൂർ ജില്ലയാണ് പട്ടികയിൽ ഏഴാമതുള്ളത്. 36443 പരീക്ഷ എഴുതിയ ഇവിടെ 98.78 ശതമാനവുമായി 35,997 പേരാണ് വിജയിച്ചത്. സയൻസ്- 17,789, കൊമേഴ്‌സ്- 5,236, ഹ്യൂമാനിറ്റിസ്- 9,636 സീറ്റുകളുൾപ്പെടെ 32,661 സീറ്റാണ് ആകെയുള്ളത്. ഇതിൽ മെറ്റിറ് തലത്തിൽ 21,016ഉം നോൺ മെറിറ്റ് തലത്തിൽ 11,041ഉം സ്‌പോർട്‌സ് ക്വാട്ടയിൽ 604 സീറ്റുമടക്കമാണിത്.
തിരുവനന്തപുരമാണ് പട്ടികയിൽ എട്ടാം സ്ഥാനത്ത്. 3,248 പേർക്കാണ് നിലവിലുള്ള സീറ്റുകളുടെ എണ്ണപ്രകാരം സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരിക. 35,577 കുട്ടികൾ പരീക്ഷ എഴുതിയ ഇവിടെ 97.96 ശതമാനുമായി 34,851 പേരാണ് പത്താംതരം കടന്നത്. സയൻസ്- 18,489, കൊമേഴ്‌സ്- 6,939- ഹ്യൂമാനിറ്റീസ്- 6,175 സുറ്റുകളടക്കം 31,603 സീറ്റുകളാണ് ആകെയുള്ളത്. ഇതിൽ മെറിറ്റ് തലത്തിൽ 20,164വും നോൺ മെറിറ്റ് തലത്തിൽ 10,858വും സ്‌പോർട്‌സ് ക്വാട്ടയിൽ 581 സീറ്റുമടക്കമാണിത്.

വയനാട് ജില്ലയാണ് ആവശ്യമായ സീറ്റില്ലാത്ത പട്ടികയിൽ ഒമ്പതാം സ്ഥാനത്ത് നിൽക്കുന്നത്. 12128 പേർ പരീക്ഷ എഴുതി 93.22 ശതമാനം വിജയവുമായി 11306 പേർ ഉപരി പഠനത്തിന് യോഗ്യത നേടിയ ഇവിടെ ആകെ അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളുടെ എണ്ണം 8,656 ആണ്. ഈ കണക്ക് പ്രകാരം 2,650 പേരാണ് ഈ പ്രദേശത്ത് മാത്രം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരിക. ഇവിടെ സയൻസ്- 3,839, കൊമേഴ്‌സ്- 2,528, ഹ്യൂമാനിറ്റിസ്- 2,289 എന്നിങ്ങനെയാണ് തരം തിരിച്ചിട്ടുള്ളത്. ഇതിൽ മെറിറ്റ് വിഭാഗത്തിൽ 6,574ഉം നോൺ മെറിറ്റ് വിഭാഗത്തിൽ 1,911ഉം സ്‌പോർട് ക്വാട്ടയിൽ 171വുമാണ് സീറ്റ് തരംതിരിച്ചിരിക്കുന്നത്.

ഇടുക്കി ജില്ലയാണ് പട്ടികയിൽ ഏറ്റവും അവസാനം. 58 പേർക്കാണ് സീറ്റിന്റെ കുറവ് കാരണം പുറത്ത് നിൽക്കേണ്ടി വരിക. 12,125 പരീക്ഷ എഴുതിയ ഇവിടെ 98.44 ശതമാനവുമായി 11,936 പേർ ഉന്നത പഠനത്തിന് യോഗ്യത നേടിയപ്പോൾ 11,878 സീറ്റാണ് ജില്ലയിലേക്ക് ആകെ അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ സയൻസ്- 6,150, കൊമേഴ്‌സ്- 2,089, ഹ്യൂമാനിറ്റിസ്- 3,639 എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. മെറിറ്റ് തലത്തിൽ 7,758 ഉം നോൺ മെറിറ്റ് തലത്തിൽ 3,903ഉം സ്‌പോർട്‌സ് ക്വാട്ടയിൽ 217മാണ് നീക്കിവെച്ചിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ സീറ്റുകൾ വർധിപ്പിക്കുകയോ, പുതിയ ബാച്ചുകൾ അനുവദിക്കുകയോ ആണ് ഇതിന് പരിഹാരം. കൂടാതെ ഹൈസ്‌കൂളുകൾ ഹയർസെക്കൻഡറി ആക്കി മാറ്റിയും പ്രശ്‌നം പരിഹരിക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ പ്ലസ് വണിന് ഓൺലൈൻ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ച് കഴിഞ്ഞു. ഈമാസം 20നാണ് ട്രയൽ അലോട്ട്‌മെന്റ്.

24ന് ഫസ്റ്റ് അലോട്ട്‌മെന്റും ജൂൺ മൂന്നോടെ പ്ലസ്‌വൺ ക്ലാസുകളും ആരംഭിക്കും. തുടർന്നായിരിക്കും മറ്റ് അലോട്ട്‌മെന്റുകൾ പരിഗണിക്കുക. ജൂലൈ ആദ്യത്തോടെ മുഴുവൻ അലോട്ട്‌മെന്റുകളും പൂർത്തീകരിക്കും.

നാല് ജില്ലകളിൽ സീറ്റുകൾ കൂടുതൽ

മലപ്പുറം: നിലവിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് നാല് ജില്ലകളിൽ ഉപരിപഠനത്തിന് സീറ്റുകൾ കൂടുതലാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഹയർസെക്കൻഡറി തലത്തിൽ സീറ്റുകൾ കൂടുതലുള്ളത്. ഏറ്റവും കൂടുതലുള്ളത് പത്തനം തിട്ട ജില്ലയിലാണ്. 10852 പേർ പരീക്ഷ എഴുതിയ ഇവിടെ 10,780 പേർ വിജയിച്ചിരുന്നു. ഇവിടേക്കായി അനുവദിക്കപ്പെട്ട സീറ്റ് 14,931 ആണ്. 4,151 സീറ്റാണ് അധികമുള്ളത്.

കോട്ടയം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 1,995 സീറ്റാണ് ഇവിടെ അധികമായി കിടക്കുന്നത്. 22,136 സീറ്റ് അനുവദിക്കപ്പെട്ട ജില്ലയിൽ 20,411 പേർ പരീക്ഷ എഴുതിയതിൽ 20,141 പേരാണ് വിജയിച്ചത്. എറണാകുളം ജില്ലയാണ് അധികമുള്ള സീറ്റുകളുടെ എണ്ണത്തിൽ മൂന്നാമത്. 507 സീറ്റാണ് ഉപരിപഠനത്തിന് യോഗ്യത നേടിയ കുട്ടികളേക്കാൾ ഇവിടെയുള്ളത്. 32,589 പേർക്ക് സീറ്റ് അനുവദിക്കപ്പെട്ട ഇവിടെ 32388 പരീക്ഷ എഴുതിയതിൽ 32,082 പേരാണ് വിജയിച്ചത്. 287 സീറ്റ് അധികമുള്ള ആലപ്പുഴ ജില്ലയാണ് നാലാം സ്ഥാനത്ത്. 22,839 സീറ്റ് അനുവദിക്കപ്പെട്ട ഇവിടെ 22,796 പേർ പരീക്ഷ എഴുതി 22,552 പേർ ഉന്നതപഠനത്തിന് യോഗ്യത നേടിയീട്ടുണ്ട്.

---- facebook comment plugin here -----

Latest