Connect with us

Articles

'ശുചിത്വ കേരളം' ഇപ്പോഴും തേഡ് ഗിയറിലാണ്‌

Published

|

Last Updated

മനുഷ്യ പ്രകൃതി ഇഷ്ടപ്പെടുന്ന സവിശേഷ ഗുണമാണ് ശുചിത്വം. മനുഷ്യന്റെ സംസ്‌കാരത്തിനും ജീവിത സൗന്ദര്യത്തിനും ഒഴിവാക്കാനാവാത്തതാണിത്. ശുദ്ധവായുവും വെളിച്ചവും വെള്ളവും ലഭിക്കുമ്പോഴാണ് മാനസിക ശാരീരിക ആരോഗ്യം ഉണ്ടാകുന്നത്.

ശരീരത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും രോഗാണുക്കളുടെ ആക്രമണം തടയുന്നതിനും നമ്മുടെ ജൈവീകവും സാമൂഹികവുമായ ചുറ്റുപാടുകള്‍ ശുചിത്വ പൂര്‍ണമാക്കേണ്ടതുണ്ട്. വെടിപ്പും ആരോഗ്യവുമുള്ള സമൂഹമാണ് ഏതൊരു രാജ്യത്തിന്റെയും സമ്പത്ത്.
മലിനീകരണം മഹാ വിപത്തായിരിക്കുന്നു. മനുഷ്യരുടെ ഭൗദ്ധിക പരാജയം തന്നെയാണ് മണ്ണിലും വിണ്ണിലും ജലത്തിലുമെല്ലാം ഇത്രയധികം മാലിന്യങ്ങള്‍ കുന്നുകൂടാന്‍ കാരണം. ലോകത്തിലെ പത്തിലൊന്നു രോഗങ്ങള്‍ക്കും കാരണം ശുചിത്വമില്ലായ്മയാണ്. ജലജന്യ രോഗങ്ങളാല്‍ ലോകത്ത് ദിനേന 7,000 പേര്‍ മരണമടയുന്നു. മലിന ജലം കുടിച്ച് 3.3 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം മരിച്ചു വീഴുന്നു. വികസ്വര രാഷ്ട്രങ്ങളിലെ കുട്ടികളെ എയ്ഡ്‌സ്, ക്ഷയം, മലമ്പനി എന്നീ രോഗങ്ങളേക്കാള്‍ അപായപ്പെടുത്തുന്നത് അതിസാരമാണെന്നും 30 ലക്ഷം കുട്ടികള്‍ ഇതുമൂലം വര്‍ഷം തോറും മരിക്കാനിടയാവുന്നുണ്ടെന്നും യൂനിസെഫ് നടത്തിയ പഠനം വ്യക്തമാക്കുന്നു.

സ്വാതന്ത്ര്യം നേടി ആറര പതിറ്റാണ്ട് പിന്നിട്ടെങ്കിലും ശുചിത്വത്തിന്റെ കാര്യത്തില്‍ രാജ്യം ഇനിയും ഏറെ മുന്നേറാനുണ്ട്. സ്വന്തം ശരീരവും വസ്ത്രവും വീടും വൃത്തിയായി സൂക്ഷിക്കുമ്പോഴും പൊതു സ്ഥലങ്ങള്‍ വൃത്തിയാക്കാന്‍ പലരും താത്പര്യം കാണിക്കാറില്ല. ബസ്റ്റാന്റ് പരിസരങ്ങളിലും റെയില്‍വേ ട്രാക്കിലും റോഡരികിലും മലമൂത്ര വിസര്‍ജനം നടത്താന്‍ തീരെ മടിയില്ല.
ശുചിത്വ ഇന്ത്യ എന്ന ലക്ഷ്യത്തോടെ മാറിമാറി വന്ന സര്‍ക്കാറുകള്‍ വ്യത്യസ്ത പരിപാടികള്‍ നടപ്പാക്കാന്‍ ശ്രമിച്ചുവെങ്കിലും പ്രായോഗിക തലത്തില്‍ അവയൊന്നും വിജയമായില്ല. 1986ലെ കേന്ദ്ര ഗ്രാമീണ്‍ ശുചിത്വ പരിപാടി, 1999ലെ ടോട്ടല്‍ സാനിറ്റേഷന്‍ ക്യാമ്പയിന്‍, 2012ലെ നിര്‍മല്‍ ഭാരത് അഭിയാന്‍ പോലുള്ളവയെല്ലാം പാളി. 2014 ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച സ്വച്ച് ഭാരത് അഭിയാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ഏറ്റവും പുതിയ പദ്ധതി. ഗാന്ധിജിയുടെ 150ാം ജന്മ വാര്‍ഷികം ആഘോഷിക്കുന്ന രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും സുരക്ഷിതമായ കുടിവെള്ളവും കക്കൂസുകളും ഖര, ദ്രവ മാലിന്യ നിര്‍മാര്‍ജനത്തിനുള്ള സൗകര്യങ്ങളും ലഭ്യമാക്കുക എന്നതാണ് പുതിയ പദ്ധതികളുടെ ലക്ഷ്യം. ഈ ലക്ഷ്യം പൂര്‍ണമായി നടപ്പാക്കാനായില്ലെന്ന് ഇന്ത്യയിലെ ഗ്രാമാന്തരങ്ങളിലൂടെ കുറച്ച് ദൂരം സഞ്ചരിച്ചാല്‍ ബോധ്യപ്പെടും.

പരിസര ശുചീകരണത്തിലും മാലിന്യ നിര്‍മാര്‍ജനത്തിലും കേരളം ഏറെ പിറകിലാണ്. ഈയിടെ കേന്ദ്ര നഗരകാര്യ വകുപ്പ് നടത്തിയ സ്വച്ച് സര്‍വേഷണ്‍ സര്‍വേ പ്രകാരം കേരളം 21ാം സ്ഥാനത്താണ്. രാജ്യത്തെ ആദ്യ 250 നഗരങ്ങളില്‍ കേരളത്തില്‍ നിന്ന് ഒന്നുപോലുമില്ല. ശുചിത്വ കേരളം എന്ന ലക്ഷ്യം നേടാന്‍ ഇനിയും മുന്നേറേണ്ടതുണ്ട്.
സര്‍വേയില്‍ 256ാം സ്ഥാനത്തുള്ള ആലപ്പുഴയാണ് കേരളത്തില്‍ ഒന്നാമത്തേത്. സംസ്ഥാനത്തെ എട്ട് നഗരങ്ങളില്‍ ആറെണ്ണവും മുന്‍ വര്‍ഷത്തെ സ്ഥാനത്തുനിന്നു താഴെ എത്തിയപ്പോള്‍ കോഴിക്കോടും തൃശൂരും മാത്രമാണ് നില മെച്ചപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 247ാം സ്ഥാനത്തായിരുന്ന കൊച്ചി 409ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

ശുചിത്വത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പാലിക്കുന്നില്ലെങ്കില്‍ കര്‍ശന നിയമ നിര്‍മാണത്തിലൂടെ അത് നടപ്പാക്കാന്‍ ശ്രമിക്കണം. ശക്തമായ ഒരു നിയമത്തിന്റെ അപര്യാപ്തത ഇവിടെയുണ്ടെന്ന് ചുരുക്കം.
വൃത്തിയും വെടിപ്പും മറ്റുള്ളവരെ കാണിക്കാനുള്ളതല്ല. സ്വയം ചെയ്തു തീര്‍ക്കേണ്ട ബാധ്യതയാണെന്ന അവബോധം രൂപപ്പെടണം. ഒപ്പം ശാസ്ത്രീയമായി മാലിന്യ ശേഖരണവും സംസ്‌കരണവും നടത്താന്‍ സംവിധാനമുണ്ടാകണം.

 

മുസ്തഫ സഖാഫി കാടാമ്പുഴ

Latest