National
ഭീകരര്‍ക്ക് സാമ്പത്തിക സഹായം: വിഘടനവാദി നേതാക്കളായ ഫാറൂഖിനും ഗിലാനിക്കും എന്‍ ഐ എ നോട്ടീസ്


മിര്‍വായിസ് ഉമര്‍ ഫാറൂഖ്
ന്യൂഡല്‍ഹി: ഭീകരര്‍ക്ക് സാമ്പത്തിക സഹായം ചെയ്തുവെന്ന കേസില്‍ ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കളായ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, നസീം ഗിലാനി എന്നിവര്‍ക്ക് എന്‍ ഐ എ നോട്ടീസ് അയച്ചു. ഹുര്‍റിയത്തിന്റെ മുതിര്‍ന്ന നേതാവും അവാമി ആക്ഷന്‍ കമ്മിറ്റി നേതാവുമാണ് ഉമര്‍ ഫാറൂഖ് . ഹുര്‍റിയത്തിന്റെ തന്നെ തീവ്രനേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മകനാണ് നസീം ഗീലാനി.
കേസില്‍ ചോദ്യം ചെയ്യുന്നതിന് നസീമിന് രണ്ടാം തവണയും ഫാറൂഖിന് ആദ്യമായുമാണ് എന്‍ ഐ എ നോട്ടീസയക്കുന്നത്. തിങ്കളാഴ്ച എന്‍ ഐ എ ആസ്ഥാനത്ത് സ്വമേധയാ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളതെങ്കിലും അഭിഭാഷകനുമായാണ് ഫാറൂഖ് എത്തുകയെന്നാണ് വിവരം.
ജമ്മു കശ്മീരിലെ നിരവധി ഭീകര നേതാക്കളുടെ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി 11 ദിവസത്തിനു ശേഷമാണ് വിഘടനവാദികള്‍ക്കെതിരെ എന്‍ ഐ എ നോട്ടീസയക്കുന്നത്. ഫാറൂഖ്, ഗിലാനി എന്നിവരുടെതിനു പുറമെ, ജെ കെ എല്‍ എഫ് നേതാവ് യാസിന്‍ മാലിക്, ജെ കെ ഡി എഫ് പി അധ്യക്ഷന്‍ ഷബ്ബീര്‍ ഷാ, തെഹ്‌രീകെ ഹുര്‍റിയത്ത് ചെയര്‍മാന്‍ മുഹമ്മദ് അശ്‌റഫ് ഖാന്‍, എ പി എച്ച് സി ജനറല്‍ സെക്രട്ടറി മസ്‌റത്ത് ആലം, ജെ കെ എസ് എം ചെയര്‍മാന്‍ സഫര്‍ അക്ബര്‍ ഭട്ട് എന്നിവരുടെ വസതികളിലാണ് റെയ്ഡ് നടത്തിയത്.
സ്വത്തുസംബന്ധമായ രേഖകള്‍, സാമ്പത്തിക ഇടപാടുകളുടെ റസീപ്റ്റുകള്‍, ബേങ്ക് അക്കൗണ്ട് രേഖകള്‍, ലാപ്‌ടോപ്പുകള്‍, ഇ ടാബ്ലറ്റ്‌സ്, മൊബൈല്‍ ഫോണുകള്‍, പെന്‍ ഡ്രൈവുകള്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍, വിവിധ ഭീകര ഗ്രൂപ്പുകളുടെ പേരിലുള്ള ലെറ്റര്‍ പാഡുകള്‍, പാക്കിസ്ഥാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിന് വിസക്കുള്ള ശിപാര്‍ശകളുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവ റെയ്ഡില്‍ കണ്ടെടുത്തിരുന്നു.