Connect with us

Prathivaram

അവകാശികള്‍

Published

|

Last Updated

പാതി തേഞ്ഞ ചെരുപ്പ് തലയിണയാക്കി അയാള്‍ കടത്തിണ്ണയില്‍ ശാന്തമായി ഉറങ്ങുകയാണ്. നഗരം അതിന്റെ തിരക്കിലേക്ക് കടന്നിട്ടിപ്പോള്‍ ഏറെയായി. അവഗണിക്കപ്പെട്ടവന്റെ അവകാശങ്ങള്‍ നേടിയെടുക്കാനായി തലസ്ഥാന നഗരിയിലേക്ക് പുറപ്പെട്ട യാത്രക്കിന്ന് നഗരത്തില്‍ സ്വീകരണമുണ്ട്. അതിനാല്‍ നഗരത്തില്‍ പതിവില്‍ കവിഞ്ഞ് ആളുകളുമുണ്ട്.

സ്വീകരണ യാത്രയുടെ ആരവങ്ങള്‍ മുഴങ്ങി, വിപ്ലവഗാനങ്ങള്‍ പരന്നൊഴുകുന്നു. നീളമുള്ള കൊടികള്‍ പട്ടണമാകെ പറക്കുന്നുണ്ട്. യാത്ര അടുത്തെത്തിയത് കൊണ്ടാവാം ഒരാള്‍ സ്‌റ്റേജില്‍ കയറി പ്രസംഗമാരംഭിച്ചു. ജാഥാ നായകന്റെ ഗുണഗണങ്ങളാണ് എണ്ണിപ്പറയുന്നത്. വിഷയത്തിലേക്ക് അയാളെപ്പോഴാണ് വരികയെന്ന് ചിലരെങ്കിലും ശ്രദ്ധിക്കുന്നുണ്ട്.

ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലൂടെ പിച്ചച്ചട്ടിയുമായി ഭിക്ഷാടകര്‍ നടന്നു കൊണ്ടിരുന്നു. ചില്ലറതുട്ടുകള്‍ വീഴുന്നതിന്റെ പ്രസന്നതയൊന്നും ആ മുഷിഞ്ഞ വസ്ത്രധാരികളുടെ മുഖത്ത് കാണുന്നില്ല. വിശപ്പടക്കലാണ് അവരുടെയൊക്കെ മുഖ്യലക്ഷ്യമെന്ന് മുഖത്തുനിന്ന് വായിച്ചെടുക്കാം.

ഇതിനിടെ ഒരാള്‍ ക്യാമറയുമായി എത്തി. “ഭിക്ഷാടന നിരോധന മേഖല” എന്ന് ഏതോ സാംസ്‌കാരിക സംഘാടകര്‍ തൂക്കിയ ബോര്‍ഡിനരികെ ഭിക്ഷയാചിക്കുന്നവരുടെ ചിത്രം പകര്‍ത്തുകയാണ് അയാള്‍. നാളത്തെ പത്രത്തിലേക്കുള്ള മികച്ച കോളായിരിക്കണമത്.

നഗരത്തിലെ നിത്യകാഴ്ചക്കാരായ പശുക്കൂട്ടം അതുവഴി വന്നു. അവ അവിടെയൊക്കെ കറങ്ങിത്തിരിയുകയാണ്. ആരൊക്കെയൊ തീറ്റയായി എന്തൊക്കെയോ അവക്ക് നേരെ നീട്ടുന്നുണ്ട്. ഭക്തിപൂര്‍വം മാറി നില്‍ക്കുന്നവരെയും കാണാം.

നഗരത്തില്‍ നിന്നും അല്‍പ്പം മാറിയുള്ള സൂപ്പര്‍സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് ഒരു ആംബുലന്‍സ് ചീറിപ്പാഞ്ഞു പോയി. വേച്ചുവേച്ച് ഒരു വൃദ്ധനും അതുവഴി വന്നു. അയാളും ആ ആശുപത്രിയിലേക്കാണ്. സാന്ത്വനത്തിനായി അയാളുടെ ശരീരം ആള്‍ക്കൂട്ടത്തോട് ആവശ്യപ്പെടുന്നുണ്ട്. ഏതാനും നിമിഷങ്ങള്‍ക്കകം അവിടെ എത്തിച്ചേരാനിരിക്കുന്ന നേതാവിനെ പ്രതീക്ഷിച്ചിരിക്കുന്നത് കൊണ്ടാവാം അവരാരും അയാളെ ഗൗനിച്ചില്ല.

സ്‌റ്റേജിലെ പ്രാസംഗികന്‍ വാക്കുകള്‍ക്ക് വിരാമമിട്ടു. അടുത്തയാള്‍ മൈക്കിന് മുമ്പിലെത്തി. നാട്ടില്‍ അവഗണിക്കപ്പെടുന്ന മനുഷ്യരെ കുറിച്ചാണ് അയാള്‍ പ്രസംഗിക്കുന്നത്. അവരുടെ വേദനകളാണ് അയാള്‍ സദസ്സിന് മുമ്പില്‍ നിരത്തുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനായി കേഴുന്നവര്‍, രോഗപീഡയില്‍ സാന്ത്വനം തേടുന്നവര്‍, കയറിക്കിടക്കാന്‍ ഇടമില്ലാത്തതിനാല്‍ കടത്തിണ്ണയില്‍ അഭയം തേടുന്നവര്‍… എല്ലാവരെയും അയാള്‍ എണ്ണിത്തന്നെ പറഞ്ഞു. ജനങ്ങളെ കൈയിലെടുത്ത് അയാള്‍ കത്തികയറിയപ്പോള്‍ കരഘോഷം സദസ്സില്‍ നിന്നും അകമ്പടിയായി എത്തി.

അത്യുച്ചത്തിലുള്ള മുദ്രാവാക്യവിളികള്‍ കേട്ടിട്ടാവാം കടത്തിണ്ണയില്‍ കിടന്നുറങ്ങിയ അയാള്‍ എഴുന്നേറ്റു. ഉറക്കച്ചടവ് മാറിക്കിട്ടാന്‍ ഒന്ന് തലകുനിച്ചിരുന്നു. പിന്നെ പതിവു പോലെ ആള്‍ക്കൂട്ടത്തിലയാളും ഒരംഗമായി. പ്രത്യേക ലക്ഷ്യങ്ങളില്ലാത്തതിനാല്‍ അയാള്‍ നടന്നു. ഇരുട്ട് വീഴുമ്പോള്‍ തന്നെ സ്വീകരിക്കാന്‍ നഗരത്തിലെ ഏതെങ്കിലും ഒരു കടത്തിണ്ണ കാത്തിരിക്കുന്നുണ്ടാവുമെന്ന് അയാള്‍ക്കറിയാം.

വലിയ കാറില്‍ നിന്നും യാത്രാ നായകന്‍ സ്റ്റേജിലേക്ക് കയറി. ഘോരഘോരം മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ലക്ഷ്യം വിശദീകരിച്ച് യാത്രാനായകന്‍ പ്രസംഗമാരംഭിച്ചു.

യാത്ര അങ്ങ് തലസ്ഥാന നഗരിയിലെത്തുമ്പോള്‍ നാട്ടില്‍ അവഗണിക്കപ്പെടുന്നവരായി ആരുമുണ്ടാകില്ല. അയാള്‍ കട്ടായം പറഞ്ഞു. തെരുവില്‍ അലയുന്നവരെ സംരക്ഷിച്ചിരിക്കും. കിടപ്പാടമില്ലാത്തവന് സുന്ദര ഫ്‌ളാറ്റുകള്‍ ഒരുക്കിയിരിക്കും. ഉഗ്രന്‍ കരഘോഷത്തോടെ നേതാവിന്റെ വാക്കുകള്‍ അവര്‍ ഏറ്റെടുത്തു.

സ്വീകരണ യോഗം പിരിഞ്ഞതാണ്. നഗരമാകെ കൂറ്റന്‍വാഹനങ്ങളുടെ നീണ്ട നിര. ആശുപത്രിയിലേക്ക് രോഗിയേയും വഹിച്ച് വരുന്ന ആംബുലന്‍സിന്റെ അലറല്‍ ദൂരെ നിന്നും കേള്‍ക്കാം. ഒരു ജീവന്റെ രക്ഷക്കായുള്ള ആര്‍ത്തനാദമായി അത് അവിടെമാകെ ചിതറിത്തെറിച്ചു.

വാഹന നിരകള്‍ക്കിടയിലൂടെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നവരെ വാഹനങ്ങളിലിരിക്കുന്നവര്‍ പരിഗണിക്കുന്നേയില്ല. കനത്ത വെയിലേറ്റതാവാം സീബ്രാലൈനില്‍ കയറി നിന്ന ഒരു വൃദ്ധന്‍ തലകറങ്ങിവീണു. വാഹനത്തിന്റെ ഉയര്‍ത്തി വെച്ച ഗ്ലാസിനകത്തായതിനാല്‍ അതൊന്നും പാര്‍ട്ടി അണികള്‍ കണ്ടിട്ടില്ലെന്ന് തോന്നുന്നു.

സഹിച്ചും സഹിക്കെട്ടും നഗരസവാസികള്‍ ആ ദിനത്തെ യാത്രയയക്കുകയാണ്. അങ്ങ് പടിഞ്ഞാറ് പകലോന്‍ തലചായ്ക്കാന്‍ തിടുക്കം കാട്ടുന്നുണ്ട്. അയാള്‍ ആ തിരക്കിനിടയിലൂടെ അലക്ഷ്യമായി നടന്നു. പാതി തകര്‍ന്ന ഒരു കടത്തിണ്ണയില്‍ കയറി. ഒരു മൂലയില്‍ ഒരാള്‍ ഇരിക്കുന്നുണ്ട്. അയാളെന്തോക്കെയോ പിറുപിറുക്കുന്നുണ്ട്. പൊട്ടിച്ചിരിക്കുന്നതും കേള്‍ക്കാം. ആരെങ്കിലും ഒരാള്‍ കൂട്ടിനുണ്ടാവുമെന്നയാള്‍ക്കറിയാം.

നഗരത്തില്‍ ഇരുട്ടു കനത്തുകൊണ്ടിരുന്നു. ഇപ്പോള്‍ വാഹനത്തിരക്കൊന്നുമില്ല. സ്വീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയവര്‍ എല്ലാം നഗരം വിട്ടുകഴിഞ്ഞിരിക്കുന്നു. അങ്ങിങ്ങായി തെളിഞ്ഞിരിക്കുന്ന വൈദ്യുതി വിളക്കുകള്‍ പ്രകാശം പരത്തുന്നതൊഴിച്ചാല്‍ നഗരം കരിമ്പടം പുതച്ചിരിക്കുകയാണ്. കൈയില്‍ കരുതിയിരുന്ന കുപ്പിവെള്ളത്തില്‍ നിന്നും അല്‍പ്പം കുടിച്ച് അയാള്‍ തന്റെ പാതി തേഞ്ഞ ചെരുപ്പ് തലയിണയാക്കി അന്നും ശാന്തമായി അന്തിയുറങ്ങി. സ്വീകരണത്തിനായി നാട്ടിയ പതാകകള്‍ അപ്പോഴും പാതയോരങ്ങളില്‍ കാറ്റില്‍ പാറിക്കൊണ്ടിരുന്നു.
.

Latest