Articles
മെയ്‌വഴക്കത്തോടെ ഹൈക്കമാന്‍ഡ്

ഒരു പൂ ചോദിച്ചപ്പോള്‍, ഒരു പൂന്തോട്ടം തന്നെ നല്‍കിയെന്ന് പറഞ്ഞത് പോലെയാണ് കോണ്‍ഗ്രസിലെ കാര്യങ്ങള്‍. കെ പി സി സി പ്രസിഡന്റിന് വേണ്ടിയാണ് കേരളത്തിലെ കോണ്‍ഗ്രസ് കാത്തിരുന്നത്. ഹൈക്കമാന്‍ഡ് നല്‍കിയതാകട്ടെ, പ്രസിഡന്റിനെയും ഒപ്പം മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും. പുറമെ യു ഡി എഫ് കണ്‍വീനറും പ്രചാരണ സമിതി അധ്യക്ഷനും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിക്ക് പുതിയൊരു മുഖം നല്‍കാന്‍ ലക്ഷ്യമിട്ടായിരിക്കണം ഈ നീക്കം. അസംതൃപ്തരുടെ എണ്ണം പരമാവധി കുറക്കാമെന്ന കണക്ക് കൂട്ടലും. എന്തായാലും കെ പി സി സിയുടെ ജംബോ കമ്മിറ്റിയുടെ പരിച്ഛേദം പാര്‍ട്ടി തലപ്പത്തും രൂപപ്പെട്ടിരിക്കുന്നു. ഇതിന്റെ വരുംവരായ്കകള്‍ എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചായിരിക്കും ഈ നിയമനങ്ങളുടെ തെറ്റും ശരിയും വിലയിരുത്തപ്പെടുന്നത്.
മുല്ലപ്പള്ളിയെന്ന ഫൈറ്റര്‍
വയസ്സ് 72 ആയെങ്കിലും കളം നിറഞ്ഞുകളിക്കുന്നതില്‍ മിടുക്കനാണ് മുല്ലപ്പള്ളി. കടത്തനാടന്റെ മണ്ണില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ഏറ്റുമുട്ടി പാകപ്പെടുത്തിയ രാഷ്ട്രീയം. എതിരാളികളുടെ കോട്ടയില്‍ കയറി കളിച്ച് നേടിയ കരുത്താണ് കൈമുതല്‍. നെഹ്‌റു കുടുംബവുമായി പ്രത്യേക അടുപ്പം. ഗ്രൂപ്പുകളുടെ ഭാഗമായിട്ടുണ്ടെങ്കിലും നിലവില്‍ ഗ്രൂപ്പുകള്‍ക്കതീതന്‍. ഹൈക്കമാന്‍ഡ് പ്രതിനിധി എന്ന് പറയുന്നതാണ് അദ്ദേഹത്തിനും ഇഷ്ടം. നിലപാടിലും ആദര്‍ശത്തിലും മായം ചേര്‍ക്കാറില്ല. തിരഞ്ഞെടുപ്പ് കാല കോണ്‍ഗ്രസിലെ സ്ഥിരം കാഴ്ചയായ സീറ്റ് മോഹികളുടെ തള്ളലില്‍ മുല്ലപ്പള്ളിയെ കാണാറില്ല. കേരളാ ഹൗസില്‍ റൂമെടുത്ത് നേതാക്കള്‍ തമ്പടിച്ച് സീറ്റുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ തിരുവനന്തപുരത്ത് ഇന്ദിരാ ഭവനില്‍ വൈസ് പ്രസിഡന്റിന്റെ ചുമതല വഹിക്കുമ്പോഴാണ് 2009ല്‍ സോണിയാ ഗാന്ധി വിളിച്ച് വടകരയില്‍ മത്സരിക്കാന്‍ ആവശ്യപ്പെടുന്നത്. അട്ടിമറി ജയം നേടിയാണ് അന്ന് ഹൈക്കമാന്‍ഡ് അര്‍പ്പിച്ച വിശ്വാസത്തിന് മുല്ലപ്പള്ളി മറുപടി നല്‍കിയത്. 2014ലും ഈ വിജയത്തിന് തുടര്‍ച്ചയുണ്ടായി. നേരത്തെ നാലുതവണ കണ്ണൂരില്‍ നിന്നും തുടര്‍ച്ചയായി ലോക്‌സഭയിലെത്തിയിട്ടുണ്ട്.
മുല്ലപ്പള്ളിക്ക് എല്ലാം എ കെ ആന്റണിയാണ്. കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയും പിന്തുണച്ചു. മുല്ലപ്പള്ളിക്ക് പിന്നില്‍ എ ഗ്രൂപ്പ് ഉറച്ചപ്പോള്‍ രമേശ് ചെന്നിത്തലക്കും വഴങ്ങേണ്ടി വന്നു. ആരുമായും ആലോചിക്കാതെ വി എം സുധീരനെ പ്രസിഡന്റാക്കി കൈപൊള്ളിയ ഹൈക്കമാന്‍ഡ് ഇത്തവണ അതിന് മുതിര്‍ന്നില്ല. പലവട്ടം പല തലങ്ങളില്‍ ചര്‍ച്ച ചെയ്തുണ്ടാക്കിയ ഉത്തരമാണ് മുല്ലപ്പള്ളിയും സംഘവും.
വര്‍ക്കിംഗ് പ്രസിഡന്റുമാരായി
മൂവര്‍ സംഘം
മൂന്ന് പേരെയാണ് മുല്ലപ്പള്ളിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരാക്കിയിരിക്കുന്നത്. കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷും എം ഐ ഷാനവാസും. മറ്റു സംസ്ഥാനങ്ങളില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ പതിവുള്ളതാണെങ്കിലും കേരളത്തിലെ കോണ്‍ഗ്രസില്‍ ഇതാദ്യം. ജാതിയും സമുദായവും നോക്കിയാണ് കോണ്‍ഗ്രസിലെ സമവാക്യങ്ങള്‍. ഗ്രൂപ്പ്, പ്രാദേശിക പരിഗണന വേറെയും. ഇതെല്ലാം സന്തുലിതമാക്കുകയാണ് വര്‍ക്കിംഗ് പ്രസിഡന്റ് നിയമനത്തിലൂടെ. കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷും കെ പി സി സി പ്രസിഡന്റാകാന്‍ ആഗ്രഹിച്ചതാണ്. പരസ്യമായി ഈ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. രമേശ് ചെന്നിത്തല നയിക്കുന്ന വിശാല ഐ ഗ്രൂപ്പ് ആണ് ആദ്യം സുധാകരന്റെ പേര് നിര്‍ദേശിച്ചത്. സുധാകരന്‍ അല്ലെങ്കില്‍ സതീശന്‍ ഇതായിരുന്നു ഐ ഗ്രൂപ്പിന്റെ പ്രസിഡന്റ് നോമിനികള്‍. രണ്ട് പേരുകളും എ ഗ്രൂപ്പ് വെട്ടിയതോടെ സമവായമെന്ന നിലയില്‍ കൂടിയാണ് മുല്ലപ്പള്ളി അവതരിക്കപ്പെട്ടത്. പ്രസിഡന്റാകുമെന്ന് മനസ്സുകൊണ്ട് ഉറപ്പിച്ച കെ സുധാകരന്‍ തന്റെ അസംതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ചെങ്കിലും ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്ന് വ്യക്തമാക്കിയത് നേതൃത്വത്തിന് ആശ്വാസം നല്‍കുന്നു. മുല്ലപ്പള്ളി പ്രസിഡന്റായതോടെ നിര്‍ദേശിക്കപ്പെട്ട മറ്റു പേരുകാരെ വര്‍ക്കിംഗ് പ്രസിഡന്റാക്കുകയെന്ന പാക്കേജാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ചത്. കൊടിക്കുന്നിലും സുധാകരനും വരുന്നത് അങ്ങനെയാണ്. സാമുദായിക പരിഗണന കൂടി കണക്കിലെടുത്തപ്പോള്‍ എം ഐ ഷാനവാസിനും നറുക്ക് വീണു.
ഗ്രൂപ്പുകള്‍ക്ക് പരാതി ഇല്ല
സുധീരന് ലഭിച്ച വരവേല്‍പ്പ് പോലെയാകില്ല ഇന്ദിരാ ഭവനില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ കാത്തിരിക്കുന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പോലും സുധീരന്റെ നിയമനത്തോട് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതായിരുന്നു സാഹചര്യം. പുതിയ പ്രഖ്യാപനത്തിന് ശേഷം അങ്ങനെയൊന്ന് കാണുന്നില്ല. എല്ലാവരെയും പരിഗണിച്ചെന്ന തോന്നലുണ്ടാക്കാന്‍ എ ഐ സി സിക്ക് ആയിട്ടുണ്ട്. വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ കെ സുധാകരനും എം ഐ ഷാനവാസും ഐ ഗ്രൂപ്പുകാരാണ്. പുതിയ നിയമനത്തില്‍ ഐ ഗ്രൂപ്പിന് ലഭിച്ച പ്രധാന നേട്ടവും ഈ രണ്ട് സ്ഥാനങ്ങള്‍ തന്നെ. കൊടിക്കുന്നില്‍ സുരേഷ് എ ഗ്രൂപ്പിലായിരുന്നെങ്കിലും ഗ്രൂപ്പ് നേതൃത്വവുമായി ഇപ്പോള്‍ അകല്‍ച്ചയിലുമാണ്.
പ്രതിപക്ഷ നേതൃപദവി ഐ ഗ്രൂപ്പിന് നല്‍കിയതിനാല്‍ കെ പി സി സി അധ്യക്ഷ പദവും യു ഡി എഫ് കണ്‍വീനര്‍ സ്ഥാനവും തങ്ങള്‍ക്കെന്നായിരുന്നു എ ഗ്രൂപ്പ് നിലപാട്. ഉമ്മന്‍ചാണ്ടി പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായിരുന്നപ്പോള്‍ ഉണ്ടായിരുന്ന സമവാക്യം ഇവിടെയും വേണമെന്ന് ആവശ്യം. ബെന്നിബഹ്‌നാന്റെ പേരും നിര്‍ദേശിച്ചു. ഡി സി സി പ്രസിഡന്റുമാരില്‍ നിന്നടക്കം അഭിപ്രായം തേടിയതോടെ പല പേരുകള്‍ ഹൈക്കമാന്‍ഡിന് മുന്നിലെത്തി. സമവായം മുല്ലപ്പള്ളി പേരിലെത്തിയപ്പോള്‍ ബെന്നിക്ക് ലഭിച്ചത് യു ഡി എഫ് കണ്‍വീനര്‍ പദവി. വി എം സുധീരന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നിയമസഭാതിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ബെന്നിബഹ്‌നാന്റെ മടങ്ങിവരവ് കൂടിയാണ് പുതിയ സ്ഥാനലബ്ധി. ഐ ഗ്രൂപ്പുമായി ഇടഞ്ഞ് ഉമ്മന്‍ ചാണ്ടിയുമായി അടുപ്പം കാട്ടുന്ന കെ മുരളീധരനെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ അധ്യക്ഷനാക്കിയതിന്റെ നേട്ടവും എ ഗ്രൂപ്പിന് സ്വന്തം അക്കൗണ്ടില്‍ ചേര്‍ക്കാം.
പിടിവിടാതെ ഹൈക്കമാന്‍ഡ്
സംസ്ഥാനനേതാക്കളുമായി കൂടിയാലോചിച്ചാണ് തീരുമാനമെന്ന് പറയുമ്പോഴും ഹൈക്കമാന്‍ഡ് നിലപാട് കൂടി പ്രതിഫലിക്കുന്നതാണ് പുതിയ നിയമനങ്ങള്‍. വി എം സുധീരനെ നിയമിച്ചത് പോലെ ഏകപക്ഷീയമായില്ലെന്ന് മാത്രം. ഗ്രൂപ്പുകളുടെ പട്ടികയില്‍ എണ്ണുമ്പോള്‍ തന്നെ പദവിയിലെത്തിയ നേതാക്കളില്‍ ഭൂരിഭാഗവും കെ സുധാകരനും ബെന്നിബഹ്‌നാനും ഒഴിച്ചുള്ളവര്‍ ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തനം നടത്തുന്നവരല്ല. കെ പി സി സിയുടെ തലപ്പത്ത് എത്തിയവരില്‍ കെ സുധാകരന്‍ ഒഴികെയുള്ളവരെല്ലാം ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നതാണ് മറ്റൊരു പ്രത്യേകത. മൂന്ന് എം പിമാരെയാണ് ഉന്നത പദവികളില്‍ നിയോഗിച്ചിരിക്കുന്നത്. മുല്ലപ്പള്ളിയും എം ഐ ഷാനവാസും കൊടിക്കുന്നില്‍ സുരേഷും. മൂന്ന് നേതാക്കളും സംസ്ഥാന രാഷ്ട്രീയത്ത് നിന്ന് മാറിയിട്ട് പതിറ്റാണ്ട് ഒന്ന് കഴിഞ്ഞു. ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരെ സംസ്ഥാനങ്ങളില്‍ നിയോഗിക്കുകയെന്ന മറ്റു സംസ്ഥാനങ്ങളില്‍ നടത്തിയ പരീക്ഷണമാണ് കേരളത്തിലും ഹൈക്കമാന്‍ഡ് പ്രയോഗിച്ചിരിക്കുന്നത്. എല്ലാകാര്യത്തിലും ഹൈക്കമാന്‍ഡിന് ഒരു പിടിയുണ്ടാകുമെന്ന് സാരം.
ആരൊക്കെ മത്സരിക്കും?
മൂന്ന് എം പിമാര്‍ പാര്‍ട്ടി തലപ്പത്ത് എത്തിയതോടെ ഇവരില്‍ ആരൊക്കെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന ചോദ്യം ഉയര്‍ന്ന് തുടങ്ങി. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറ്റുകയെന്ന ലക്ഷ്യം കൂടി പുതിയ നീക്കത്തിനുണ്ടെന്ന് വിലയിരുത്തുന്നവരുമുണ്ട്. പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയംമാറി നില്‍ക്കാന്‍ സന്നദ്ധനായേക്കുമെന്നാണ് സൂചന. കൊടിക്കുന്നില്‍ സുരേഷും എം ഐ ഷാനവാസും അതിന് മുതിരില്ല. മൂന്ന് പേരും മാറി നില്‍ക്കട്ടെയെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നതെങ്കില്‍ വടകര, വയനാട്, മാവേലിക്കര സീറ്റുകളില്‍ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കും. നിലവിലുള്ള സാഹചര്യത്തില്‍ ഇരട്ടപദവി തടസ്സമായി വരില്ല. കാരണം, എം പിമാരില്‍ തന്നെ കെ സി വേണുഗോപാല്‍ എ ഐ സി സി ജനറല്‍സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റൊരു ജനറല്‍സെക്രട്ടറിയായ ഉമ്മന്‍ചാണ്ടി എം എല്‍ എയാണ്.